പത്രവായന പ്രോത്സാഹിപ്പിക്കാൻ വായനോത്സവവും ഗ്രേസ് മാർക്കും -മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളിൽ പത്രവായന ശക്തിപ്പെടുത്താൻ സ്കൂൾതലത്തിൽ വായനോത്സവം സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പത്രവായനക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഗ്രേസ് മാർക്ക് ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്. വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്തെ പ്രമുഖ മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
പത്രവായനക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ആഴ്ചയിൽ ഒരു പീരിയഡ് നീക്കിവെക്കുന്നത് പരിശോധിച്ചുവരുകയാണ്. അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും പങ്ക് ഉറപ്പുവരുത്താൻ അവർക്കായി വകുപ്പ് പുറത്തിറക്കുന്ന കൈപ്പുസ്തകങ്ങളിൽ ഇതിനുവേണ്ട നിർദേശങ്ങൾകൂടി ചേർക്കുമെന്നും മന്ത്രി അറിയിച്ചു.
യോഗത്തിലെ നിർദേശങ്ങൾകൂടി പരിഗണിച്ച് ഒരാഴ്ചയ്ക്കകം പദ്ധതിയുടെ കരട് തയാറാക്കാൻ എസ്.സി.ഇ.ആർ.ടി ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ദിവസവും കുട്ടികൾ പത്രം വായിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കൽ, ഇതിനായി പ്രത്യേകം പീരിയഡ് അനുവദിക്കൽ, പത്രങ്ങളിലെ പ്രധാന വാർത്തകൾ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ, കുറിപ്പുകൾ തയാറാക്കൽ, വായന പ്രോത്സാഹിപ്പിക്കുന്നതിൽ അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും ഇടപെടൽ ഉറപ്പാക്കൽ, വായന പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രേസ് മാർക്ക് ഏർപ്പെടുത്തൽ തുടങ്ങിയ നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു.
തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ്, ഇ. ബഷീർ (മാധ്യമം), മാത്യൂസ് വർഗീസ്, സണ്ണി ജോസഫ് (മലയാള മനോരമ), ദീപു രവി, എ.സി. റെജി (കേരള കൗമുദി), ദിലീപ് മലയാലപ്പുഴ (ദേശാഭിമാനി), പി.കെ. മണികണ്ഠൻ (മാതൃഭൂമി), ആർ.കെ. രോഷ്ണി (ദ ഹിന്ദു), ജയ്‌സൺ ജോസഫ് (ജനയുഗം) തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.