വി. മുരളീധരന്‍ ബി.ജെ.പി പ്രസിഡന്റായപ്പോൾ കേരളത്തിന് കേന്ദ്രം കോടികൾ അനുവദിച്ചു -വി.വി. രാജേഷ്
text_fieldsതിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കേരളത്തിനുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് വി. ശിവന്‍കുട്ടിയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ല പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ്.
വി. മുരളീധരന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണ് കേരളത്തിന്റെ റോഡ് വികസനത്തിനായി ആയിരക്കണക്കിന് കോടി രൂപ നിതിന്‍ ഗഡ്കരി വഴി കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുവദിച്ചുകിട്ടിയതെന്ന് രാജേഷ് പറഞ്ഞു.
'യുക്രെയ്നിലെ യുദ്ധമുഖത്തുനിന്ന് മലയാളികളുള്‍പ്പെടെ നിരവധി കുട്ടികളെ ഒരു പോറല്‍പോലുമേല്‍ക്കാതെ അവരവരുടെ വീടുകളിലെത്തിക്കാന്‍ കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗമായി നിന്നുകൊണ്ട് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചതും വി. മുരളീധരനാണ്. ഈ സമയത്ത് ശിവന്‍കുട്ടി ഉക്രൈനില്‍ യുദ്ധമുഖത്ത് കുരുങ്ങിക്കിടക്കുന്ന കുട്ടികളോട് പറഞ്ഞത് എന്റെ ഫോണ്‍ നമ്പര്‍ കൈയിലില്ലേ വിളിച്ചാല്‍ മതിയെന്നാണ്. കേന്ദ്രമന്ത്രി വി. മുരളീധരന്‍ ചെയ്ത കാര്യങ്ങളും മന്ത്രി വി.ശിവന്‍കുട്ടി ചെയ്ത കാര്യങ്ങളും സംബന്ധിച്ച് തുറന്ന ചര്‍ച്ചയ്ക്ക് ബിജെപി തയ്യാറാണ്. ശിവന്‍കുട്ടി നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും ചര്‍ച്ചയ്‌ക്കെത്താം' - മാധ്യമങ്ങളോട് സംസാരിക്കവെ രാജേഷ് വ്യക്തമാക്കി.
'മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയ്ക്കുള്ളില്‍ മുണ്ടുമടക്കിക്കുത്തി കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ നശിപ്പിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടാക്കിയത്. എന്നിട്ടും അദ്ദേഹത്തെ രക്ഷിക്കാന്‍ ഖജനാവില്‍ നിന്ന് 16 ലക്ഷം മുടക്കി സുപ്രീംകോടതി അഭിഭാഷകനെ വച്ച് വാദിക്കുകയാണ്. ഇങ്ങനെ നഷ്ടങ്ങളുടെ കണക്കുമാത്രമാണ് ശിവന്‍കുട്ടിയ്ക്ക് പറയാനുള്ളതെങ്കില്‍ മറുപക്ഷത്ത് ബിജെപിക്ക് നേട്ടങ്ങളുടെ കണക്കാണ് പറയാനുള്ളത്. ഒ. രാജഗോപാലും അല്‍ഫോണ്‍സ് കണ്ണന്താനവും കേന്ദ്രമന്ത്രിമാരായിരുന്നപ്പോഴും നിലവിലെ എം.പി സുരേഷ്‌ഗോപിയും കേന്ദ്രമന്ത്രി വി. മുരളീധരനുമെല്ലാം കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ടാണ് കേരളത്തിനനുവദിപ്പിച്ചത്. സാധാരണക്കാരായ നിരവധിപേരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുകയുമുണ്ടായി. ബി.ജെ.പി നേതാക്കളുടെ ജനാധിപത്യബോധം ചോദ്യം ചെയ്യുന്ന ശിവന്‍കുട്ടിക്ക് അല്പമെങ്കിലും ജനാധിപത്യബോധമുണ്ടെങ്കില്‍ അദ്ദേഹം കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിണറായി വിജയനെ പിന്തിരിപ്പിക്കുകയാണ് വേണ്ടത്. ജനങ്ങള്‍ മുഴുവന്‍ എതിര്‍ക്കുന്ന പദ്ധതിയാണിത്. ജനാധിപത്യബോധമുള്ളവരാണ് ബിജെപി നേതാക്കളെന്നതുകൊണ്ടാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രവര്‍ത്തിക്കുന്നത്' -രാജേഷ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.