പാർട്ടി പറഞ്ഞാൽ തോൽക്കുന്ന മണ്ഡലത്തിലും മത്സരിക്കാൻ തയാർ –ധർമജൻ
text_fieldsബാലുശ്ശേരി: പാർട്ടി പറഞ്ഞാൽ തോൽക്കുന്നതായാലും ജയിക്കുന്നതായാലും പോരാടാൻ പറ്റുന്ന ഏതു മണ്ഡലത്തിലും മത്സരിക്കാൻ തയാറാണെന്ന് നടൻ ധർമജൻ ബോൾഗാട്ടി. ബാലുശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകൻ മനോജ് കുന്നോത്ത് നടത്തുന്ന ഉപവാസ സത്യഗ്രഹസമരത്തിൽ പങ്കെടുക്കാനെത്തിയ ധർമജൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
സ്വന്തം നാടായ വൈപ്പിൻ, കുന്നത്തുനാട്, കോങ്ങാട് എന്നിവിടങ്ങളിലെല്ലാം എെൻറ പേര് പറഞ്ഞുകേൾക്കുന്നുണ്ട്.
ഇതിൽ ബാലുശ്ശേരിയിലാണ് തനിക്കിഷ്ടം. എെൻറ ഇഷ്ടമോ, ബാലുശ്ശേരിയിലെ മണ്ഡലം കോൺഗ്രസ് നേതാക്കളോ ഡി.സി.സിയോ പറഞ്ഞിട്ട് കാര്യമില്ല. അത് എ.ഐ.സി.സി ചുമതലപ്പെടുത്തിയവരാണ് തീരുമാനിക്കേണ്ടത്. ഞാൻ ഇവിടെ വന്നത് സ്ഥാനാർഥിയാകുമെന്ന സൂചന കിട്ടിയിട്ടൊന്നുമല്ല.
അങ്ങനെയുള്ള സൂചനകളൊന്നും കോൺഗ്രസ് പാർട്ടിയിലില്ല. ഏറ്റവും അവസാനം സ്ഥാനാർഥികളെ നിശ്ചയിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. പാർട്ടി പറഞ്ഞുകേൾക്കുന്ന പല പേരുകളിൽ ഒരാൾ മാത്രമാണ് ഞാൻ.
അതാകട്ടെ സിനിമാനടനായതുകൊണ്ടായിരിക്കാം. അണികളേക്കാൾ നേതാക്കളുള്ള പാർട്ടിയാണ് കോൺഗ്രസ്. എല്ലാവരും സ്ഥാനാർഥികളാകാൻ പരിഗണിക്കപ്പെടേണ്ടവരുമാണ്. ആരെയും തള്ളിക്കളയാൻ പറ്റില്ലെന്നും ധർമജൻ ബോൾഗാട്ടി പറഞ്ഞു.
നാലു പതിറ്റാണ്ടായി ഇടതുമുന്നണി ജയിക്കുന്ന ബാലുശ്ശേരിയിൽ ജയസാധ്യതയുണ്ടാകുമോ എന്ന ചോദ്യത്തിന് അതിന് മാറ്റമുണ്ടാകണമെന്ന് ധർമജൻ പറഞ്ഞു.
ഒരു പാർട്ടിതന്നെ തുടർച്ചയായി ജയിച്ചിട്ടും ഇവിടെ ഒരു വികസനവുമില്ല. ഒട്ടേറെ ടൂറിസം സാധ്യതകളുണ്ടായിട്ടും വേണ്ടത്ര വികസനം ഈ മേഖലയിൽ ഉണ്ടായിട്ടില്ലെന്നും ധർമജൻ പറഞ്ഞു. പ്രാദേശിക കോൺഗ്രസ് നേതാക്കളോടൊപ്പം നാടക-രാഷ്ട്രീയ രംഗത്തെ മുതിർന്ന ആളുകളുടെ വീടുകളും ധർമജൻ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.