‘ട്രോളി ബാഗ് പൊലീസിന് കൊടുക്കാൻ തയാർ; വിവാദത്തിന് പിന്നിൽ മതേതര സ്ഥാനാർഥി ജയിക്കുന്നതിന്‍റെ ആശങ്ക’
text_fieldsപാലക്കാട്: ‘കമ്യൂണിസ്റ്റ് -ജനതാ മുന്നണി’യെ പരാജയപ്പെടുത്തി മതേതര സ്ഥാനാർഥി ജയിക്കുന്നതിന്‍റെ ആശങ്കയുടെ ഭാഗമാണ് ട്രോളി ബാഗ് വിവാദമെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. തന്‍റെ പെട്ടി പൊലീസിന് കൈമാറാൻ തയാറാണെന്നും പണം കൊണ്ടുവന്നിട്ടുണ്ടോ എന്നറിയാൻ രാസപരിശോധനക്ക് വിധേയമാക്കാമെന്നും രാഹുൽ പറഞ്ഞു. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങൾ മാത്രമാണ്. ഹോട്ടലിന്‍റെ പിന്നിലൂടെ കയറിയെന്ന് എൽ.ഡി.എഫ് നേതാക്കൾ ആരോപിക്കുന്നു. എന്നാൽ മുൻവശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ തന്നെ നിജസ്ഥിതി വ്യക്തമാകും. പണം കൊണ്ടുവന്നെന്ന് തെളിഞ്ഞാൽ താൻ പ്രചാരണം നിർത്തുമെന്നും രാഹുൽ പറഞ്ഞു. വിവാദമായ ട്രോളി ബാഗുമായാണ് രാഹുൽ വാർത്ത സമ്മേളനത്തിനെത്തിയത്.
“ഹോട്ടൽ അധികൃതരോടും പൊലീസിനോടും ഹോട്ടലിന്‍റെ മുൻവശത്തുനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെടുകയാണ്. ഏത് സമയത്ത് അവിടെ വന്നെന്നും എപ്പോൾ പോയെന്നും അതിൽനിന്ന് അറിയാമല്ലോ. പിന്നിലൂടെ കയറി എങ്കിൽ അതിന്‍റെ തെളിവ് പുറത്തുവിടണം. ഇവിടെ കമ്യൂണിസ്റ്റ് -ജനതാ മുന്നണിയെ പരാജയപ്പെടുത്തി മതേതര സ്ഥാനാർഥി ജയിക്കുന്നതിന്‍റെ ആശങ്കകളാണ് ഇതെല്ലാം. ഇല്ലെങ്കിൽ ട്രോളി ബാഗിൽ പണം കൊണ്ടുവന്നെന്ന് തെളിയിക്കണം.
പാലക്കാട് വന്ന ദിവസം നാല് ബാഗുമായാണ് വന്നത്. അതിൽ നിറയെ പണമാണെന്ന് പറയാഞ്ഞത് ഭാഗ്യം. സി.പി.എം നേതാക്കൾ മുഴുവൻ തക്കാളിപ്പെട്ടിയിലാണോ വസ്ത്രങ്ങൾ കൊണ്ടുനടക്കാറുള്ളത്? കൂടെ ഉള്ള ആളുകൾ തന്നെയല്ലേ ബാഗ് കൊണ്ടുനടക്കാറുള്ളത്. കെ.എസ്.യു ഭാരവാഹിയായ ഫെന്നി ഇവിടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ട്. ഫെന്നിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ശരിയല്ലെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നൽകിയത്. ആരെയും രഹസ്യമായി കൊണ്ടുനടക്കുന്നില്ല. പെട്ടി വേണമെങ്കിൽ ഇപ്പോൾ തന്നെ പൊലീസിന് കൈമാറാം. പണം കൊണ്ടുവന്നോ എന്ന കാര്യം രാസപരിശോധയിലൂടെ കണ്ടെത്താമല്ലോ.
മുന്നറിയിപ്പില്ലാത്ത പരിശോധന ശുദ്ധമായ മര്യാദകേടാണെന്ന് പൊലീസിനോട് പറഞ്ഞു. എന്നാൽ സ്വാഭാവിക പരിശോധനയാണെന്നായിരുന്നു മറുപടി. ഓരോ ദിവസവും സി.പി.എമ്മുകാർ ഓരോ ആരോപണവുമായി വരികയാണ്. എൽ.ഡി.എഫുകാരുടെ മുറിയും പരിശോധിച്ചെന്ന് കഴിഞ്ഞ ദിവസം എ.എ. റഹീം പറഞ്ഞു. കള്ളപ്പണം കൊണ്ടുവന്നിട്ടാണോ വിജിന്‍റെ മുറി പരിശോധിച്ചത്? കോൺഗ്രസുകാർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അവർ പറയുന്നു. എന്നാൽ അതിന്‍റെ സാങ്കേതിക വശങ്ങൾ പരിശോധിക്കാതെയാണ് ആരോപണം” -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ചാണ് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ ചൊവ്വാഴ്ച അർധരാത്രിയിൽ പൊലീസ് പരിശോധന നടന്നത്. രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. 12 മുറികൾ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി അറിയിച്ചു.
ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കൾ താമസിക്കുന്ന മുറികളിൽ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് സംഘം പരിശോധനക്ക് എത്തിയത് വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.