ചെറുവള്ളി എസ്റ്റേറ്റ് കച്ചവടത്തില്‍ ബിഷപ് യോഹന്നാനെ ഹാരിസണ്‍സ് പറ്റിച്ചു
text_fieldsകൊല്ലം: ചെറുവള്ളി എസ്റ്റേറ്റ് കച്ചവടത്തില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ മേധാവി ബിഷപ് കെ.പി. യോഹന്നാനെ ഹാരിസണ്‍സ് മലയാളം കമ്പനി പറ്റിച്ചു. വില്‍പന സമയത്ത് ഭൂമി തങ്ങളുടേതാണെന്നതിന് ഹാരിസണ്‍സ് കമ്പനി യോഹന്നാനെ കാട്ടിയത് കള്ളപ്രമാണം. രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ പറയുന്നത് ചെറുവള്ളി എസ്റ്റേറ്റിന്‍െറ സര്‍വേ നമ്പറുകളുമല്ല.
സര്‍ക്കാര്‍ രേഖയായ ലിത്തോമാപ്പില്‍ ചെറുവള്ളി എസ്റ്റേറ്റ് രേഖപ്പെടുത്തിയിരിക്കുന്നത് വനഭൂമിയെന്നാണ്. ഇതോടെ കെ.പി. യോഹന്നാന് ഭൂമിയില്‍ ഒരുഅവകാശവുമില്ളെന്ന് തെളിയുന്നു. ഹാരിസണ്‍സിന്‍െറ തട്ടിപ്പുകള്‍ വിവരിക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. യോഹന്നാന്‍ കൈവശംവെക്കുന്ന ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതിനിടെയാണ് യോഹന്നാന് ഭൂമിയില്‍ അവകാശമില്ളെന്ന തെളിവുകള്‍ പറത്തുവരുന്നത്.
2005 ആഗസ്റ്റ് രണ്ടിന് എരുമേലി സബ്രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത 23429/2005 ആധാരപ്രകാരമാണ് 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണ്‍സ് കമ്പനി ബിഷപ് യോഹന്നാന് വിറ്റത്. ആധാരത്തില്‍ പറയുന്നത് 369/1 മുതല്‍ ഏഴുവരെ, 357/1, 368/1, 368/1സി സര്‍വേ നമ്പറുകളില്‍പെട്ട ഭൂമി യോഹന്നാന് വില്‍ക്കുന്നു എന്നാണ്. ഈ സര്‍വേ നമ്പറുകള്‍ ഒന്നും സര്‍ക്കാര്‍ രേഖയായ സെറ്റില്‍മെന്‍റ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ളതല്ല. സെറ്റില്‍മെന്‍റ് രജിസ്റ്ററില്‍ സര്‍വേ നമ്പര്‍ 357/എ മുതല്‍ 357/ജെ വരെ രേഖപ്പെടുത്തിയിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയെന്നാണ്.
ഹാരിസണ്‍സിന്‍െറ പ്രസിഡന്‍റ് വി. വേണുഗോപാല്‍ വിജിലന്‍സിന് മൊഴിനല്‍കിയത് ചെറുവള്ളി എസ്റ്റേറ്റ് വില്‍പന നടത്തിയത് ഹാരിസണ്‍സിന്‍െറ പേരില്‍ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത 1600/1923 നമ്പര്‍ ആധാരത്തിലെ ഭൂമി എന്ന നിലയിലാണ് എന്നാണ്. ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ മാനേജര്‍ വിജിലന്‍സിന് മൊഴിനല്‍കിയത് 1600/1923 നമ്പര്‍ ആധാരത്തെക്കുറിച്ച് തങ്ങള്‍ക്കറിയില്ളെന്നും അവര്‍ക്ക് ഭൂമി നല്‍കിയത് ആലുവക്കടുത്ത് ആലങ്ങാട് സബ്രജിസ്ട്രാര്‍ ഓഫിസിലെ 834/1947, കുന്നത്തുനാട്ടിലെ 884/1947 ആധാരങ്ങളില്‍പെട്ട ഭൂമിയെന്ന നിലയിലാണ് എന്നുമാണ്. 1600/1923 നമ്പര്‍ ആധാരം ജോണ്‍മക്കിയെന്നയാള്‍ അയാള്‍ക്കുതന്നെ വില്‍ക്കുന്നതായി രേഖപ്പെടുത്തിയ ആധാരമാണ്.അത് കൊല്ലത്ത് രജിസ്റ്റര്‍ ചെയ്തത് മലയാളത്തിലെഴുതിയാണ്.
ഹാരിസണ്‍ ഇപ്പോള്‍ കാണിക്കുന്നത് ഇംഗ്ളീഷിലെഴുതിയ ആധാരമാണ്. അത് സൂഷ്മമായി പരിശോധിച്ചപ്പോള്‍ തിരുവിതാംകൂര്‍ സര്‍ക്കാറിന്‍െറ മുദ്രപത്രമല്ളെന്നും ലണ്ടനില്‍ തയാറാക്കിയ വ്യാജ മുദ്രപത്രത്തില്‍ എഴുതിയ ആധാരമാണെന്നും കണ്ടത്തെിയതായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊല്ലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത മലയാളം ആധാരവും നിയമപ്രാബല്യമുള്ളതല്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹാരിസണ്‍സ് ഭൂമി കൈവശംവെക്കുന്നതിന് നിയമസാധുതയില്ളെന്ന് കണ്ട് അവര്‍ തെക്കന്‍ ജില്ലകളില്‍ കൈവശംവെക്കുന്നതും വിറ്റതുമായ ഭൂമി മുഴുവന്‍ റവന്യൂ സ്പെഷല്‍ ഓഫിസര്‍ എം.ജി. രാജമാണിക്യം ഏറ്റെടുത്ത് ഉത്തരവിറക്കിയിരുന്നു. അതില്‍ ചെറുവള്ളി എസ്റ്റേറ്റും ഉള്‍പ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.