കണ്ണൂർ വിമാനത്താവളം: വാഗ്ദാനം ഇത് നാലാം നാഴിക
text_fieldsകണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 2018 സപ്തംബറിൽ വിമാനം പറക്കുമെന്ന പുതിയ പ്രഖ്യാപനം പ്രതീക്ഷയുടെ നാലാം നാഴികയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് 2016 ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിമാനത്താവള നിർമാണം പാതിവഴിക്ക് നിലനിർത്തി പരീക്ഷണ പറക്കൽ നിർവഹിച്ച് ‘തെരഞ്ഞെടുപ്പ് സ്റ്റണ്ട്’ നടത്തിയതിെൻറ തുടർച്ചയായി നൽകപ്പെട്ട വാഗ്ദാനങ്ങളുടെ നാലാം പതിപ്പാണിപ്പോൾ പിണറായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനത്താവള നിർമാണ പുരോഗതി തൊണ്ണൂറ് ശതമാനത്തിന് മുകളിലെത്തിയിയെങ്കിലും അനുബന്ധ റോഡ് വികസനം എങ്ങുമെത്താതിരുന്നതാണ് ഇൗ വാഗ്ദാന തിരുത്തലുകൾക്ക് ഇടയാക്കിയത്. ഇപ്പോഴും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള മികവോടെ കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും അനുബന്ധ റോഡുകളുടെ വികസന നടപടി തുടങ്ങിയിട്ടില്ല.
2016 ഫെബ്രുവരിയിലെ പരീക്ഷണ പറക്കലിന് ശേഷം മെയ് 25ന് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയൻ അതിന് ശേഷം വിമാനത്താവളം നിർമാണം ത്വരിതപ്പെടുത്താൻ പലതവണ യോഗങ്ങൾ വിളിച്ചിരുന്നു. അപ്പോഴെല്ലാം ഉയർന്ന ആശങ്ക അനുബന്ധ സജ്ജീകരണങ്ങളുടെ നിർവഹണമാണ്. 2016 ആഗസ്റ്റ് മൂന്നിെൻറ കിയാൽ വിലയിരുത്തൽ റിപ്പോർട്ടിൽ 2017 മാർച്ചിൽ വിമാനത്താവളം യാഥാർഥ്യമാക്കുമെന്ന് എഴുതി വെച്ചു. പിന്നീട് 2017 ജനുവരിയിലെ വിലയിരുത്തൽ റിപ്പോർട്ടിൽ പറഞ്ഞത് ആഗസ്റ്റിൽ വിമാനം പറക്കുമെന്നായിരുന്നു. ഏറ്റവുമൊടുവിൽ 2017 മെയ് അഞ്ചിന് കിയാൽ തയ്യാറാക്കിയ വിലയിരുത്തൽ റിപ്പോർട്ടിൽ 2017 സപ്തംബറിൽ ഒാണ സമ്മാനമായിരിക്കും കണ്ണൂർ വിമാനത്താവളമെന്നാണ്. ഒാണവും സദ്യയുമൊക്കെ കഴിഞ്ഞ ശേഷമാണിപ്പോൾ വീണ്ടും അടുത്ത വർഷം സപ്തംബറിലേക്ക് വിമാനത്താവളം യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
വസ്തുതാപരമാണീ തീരുമാനം. കാരണം, അത്രത്തോളം ഇനിയും വിമാനത്താവളത്തിെൻറ അനുബന്ധ ജോലികൾ നിർവഹിക്കാനുണ്ട്. പിണറായി വിജയനെപ്പോലൊരു മുഖ്യമന്ത്രി വെറുതെ പദ്ധതി ഞെക്കിപ്പഴുപ്പിക്കുന്ന പാഴ്വാഗ്ദാനം നൽകുകയില്ല എന്നത് കൊണ്ടാണ് ഒരു വർഷത്തേക്ക് കൂടി ഉദ്ഘാടനം നീട്ടി വാങ്ങിയിരിക്കുന്നത്. ഇൗ നീട്ടി വെക്കൽ വിമാനത്താവളത്തെ സമ്പൂർണമായി സജ്ജീകരിക്കാനാണെന്ന് ഉറപ്പിക്കാം. പക്ഷെ, വിമാനത്താവളത്തിലേക്കുള്ള ദേശീയ നിലവാരമുള്ള റോഡ് സംവിധാനവും വിമാന കമ്പനി ജീവനക്കാർക്ക് താമസിക്കാനുള്ള ഹോട്ടലുകളും സമീപ നഗരമായ മട്ടന്നൂരിെൻറ അടിസ്ഥാന വികസനവുമെല്ലാം അപ്പോഴേക്കും പൂർത്തീകരിക്കുമോ എന്നതാണ് ചോദ്യം. പൂർത്തീകരിക്കണം എന്നും ജനം ആഗ്രഹിക്കുന്നു.
2016 ആഗസ്റ്റിലെ വിലയിരുത്തലനുസരിച്ച് വിമാനത്താവളത്തിെൻറ എയർസൈഡ് നിർമാണം 86 ശതമാനമായിരുന്നത് ഒരു വർഷത്തിന് ശേഷം ഇപ്പോൾ 93 ശതമാനമാണ്. അതായത് ഒരു വർഷത്തിന് ശേഷം ഏഴ് ശതമാനം പുരോഗതി. സിറ്റി സൈഡ് നിർമാണ പുരോഗതി കഴിഞ്ഞ വർഷം 76 ശതമാനമായിരുന്നത് ഇപ്പോൾ 85 ശതമാനമേ പൂർത്തീകരിച്ചിട്ടുള്ളു. അനുബന്ധ റോഡ് പദ്ധതികളാവെട്ട ആവീഷ്കരിച്ചു വരുന്നതേ ഉള്ളു. അതേസമയം, വിമാനത്താവളം തുടക്കം തന്നെ അന്താരാഷ്ട്ര സർവീസോടെ ആയിരിക്കുമെന്ന വലിയ നേട്ടം കണ്ണൂരിെൻറ സ്വന്തമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.