യഥാർഥ കള്ളൻ പിടിയിലായി; നീറുന്ന അപമാനദിനങ്ങളിൽ നിന്ന് രതീഷിന് മോചനം
text_fieldsഅഞ്ചൽ: 55 ദിവസം നീണ്ട ജയിൽവാസം, കസ്റ്റഡിയിൽ നേരിട്ട കൊടിയ പീഡനം, ഉപജീവനോപാധി നഷ്ടപ്പെട്ട ദയനീയത, ഒരായുഷ്കാലത്തേക്കുള്ള വേദന സമ്മാനിച്ച അപമാനദിനങ്ങൾ, എല്ലാറ്റിനുമുപരി നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ കള്ളൻ എന്ന കളങ്കവുമായി തലകുനിക്കേണ്ടിവന്ന അഞ്ച് വർഷങ്ങൾ... ചെയ്യാത്ത തെറ്റിന് അനുഭവിച്ചുതീർത്ത യാതനകൾക്കൊടുവിൽ കാലത്തിെൻറ നീതി കുറ്റമുക്തനാക്കുേമ്പാൾ തനിക്കും കുടുംബത്തിനും മനസമാധാനം നഷ്ടമായ അഞ്ച് വർഷങ്ങളുടെ ഒാർമകൾ നിറഞ്ഞ സ്വരത്തിൽ രതീഷ് പറയുന്നു ^'സത്യം പുറത്തുവന്നതിൽ ദൈവത്തിന് നന്ദി'.
സി.സി.ടി.വിയിലെ രൂപസാദൃശ്യം കാരണം മോഷണക്കുറ്റം ചാർത്തപ്പെട്ട് മാസങ്ങൾ ജയിലിൽ കിടന്ന അഗസ്ത്യക്കോട് സ്വദേശിയായ ഓട്ടോ ഡ്രൈവർ രതീഷ് (34) ആണ് അഞ്ച് വർഷത്തിന് ശേഷം 'മോചനം' നേടിയത്. തെളിവില്ലെന്ന് കണ്ട് വിട്ടയക്കപ്പെട്ടതല്ല, യഥാർഥ കുറ്റവാളി പിടിയിലായതോടെ രതീഷിെൻറ ഭാഗത്തെ സത്യം തെളിയുകയായിരുന്നു.
ആറ് വർഷം മുമ്പ് അഞ്ചലിലെ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ടാണ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷണം നടന്ന സ്ഥാപനത്തിലെ നിരീക്ഷണ കാമറകളിൽ തെളിഞ്ഞ ആളിെൻറ രൂപസാദൃശ്യമാണ് വിനയായത്.
കസ്റ്റഡിയിൽ എടുത്തതിന് ശേഷം രണ്ട് ദിവസത്തിന് മേൽ അറസ്റ്റ് രേഖപ്പെടുത്തുകയോ എവിടെയാണെന്ന് അറിയാനോ കഴിയാതെ വന്നതിനെ തുടർന്ന് കുടുംബം പരാതിയുമായി എത്തിയതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്താൻ പോലും തയാറായത്. ആ ദിവസങ്ങളിൽ ക്രൂരമായ മർദനത്തിന് വിധേയനായതായി രതീഷ് പറയുന്നു.
ചോദ്യംചെയ്യലിൽ കുറ്റം ഏൽക്കാതിരുന്ന രതീഷിനെ മോഷണക്കുറ്റം ചുമത്തി ജയിലിലടക്കുകയായിരുന്നു. 55 ദിവസത്തെ ജയിൽവാസത്തിനിടയിൽ നുണപരിശോധനക്ക് പോലും വിധേയനാകാമെന്നും നിരപരാധിയാണെന്നും കോടതിയിൽ ഏറ്റുപറഞ്ഞതിന് ശേഷം ജാമ്യത്തിലിറങ്ങി നാട്ടിലെത്തിയെങ്കിലും കാര്യങ്ങൾ ഒന്നും പഴയതുപോലെ ആയില്ല.
പിന്നീട് കേസ് സംബന്ധിച്ച് ഒന്നും അറിഞ്ഞില്ലെങ്കിലും പൊലീസ് എത്തി രതീഷിെൻറ ഓട്ടോയുടെ രേഖകൾ വാങ്ങിക്കൊണ്ടുപോയി. അത് തിരിെക ലഭിക്കാത്തതിനാൽ ഓട്ടോ റോഡിലിറക്കാൻ കഴിയാതെ വീട്ടുമുറ്റത്ത് ടാർപ്പാളിൻ മൂടിയിട്ടിരിക്കുകയാണ്. ഇതിനിടെ ടെസ്റ്റ് ചെയ്യേണ്ട സമയവും കഴിഞ്ഞു.
ക്രൂരമർദനം ഏറ്റുവാങ്ങിയതുകാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടി അലട്ടിയതോടെ റബർ ടാപ്പിങ്ങിനും മറ്റ് കൂലിപ്പണികൾക്കും പോയാണ് രതീഷ് അമ്മയും ഭാര്യയും രണ്ട് കുഞ്ഞുമക്കളുമടങ്ങുന്ന കുടുംബം പുലർത്തിയിരുന്നത്.
ജീവിതത്തിലേറ്റ മുറിവുകൾ ഉണങ്ങാൻ പ്രയാസമാണെങ്കിലും കഴിഞ്ഞ ഏതാനുംദിവസങ്ങളായി കള്ളൻ എന്ന പരിവേഷം വിെട്ടാഴിഞ്ഞതിെൻറ ആശ്വാസത്തിലാണ് രതീഷ്. ഏതാനും ദിവസം മുമ്പ് മലപ്പുറം തിരൂരിൽ മോഷണക്കേസിൽ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശിയാണ് ഇവിെടയും മോഷണം നടത്തിയതെന്ന വിരലടയാള വിഭാഗത്തിെൻറ കണ്ടെത്തലിനെത്തുടർന്ന് യഥാർഥ പ്രതിയെ അഞ്ചലിലെത്തിച്ച് തെളിവെടുപ്പ് നടത്തി മോഷണം സ്ഥിരീകരിച്ചു.
ഇൗ കാലയളവിൽ രതീഷ് തെറ്റുകാരനല്ലെന്ന് ഉറച്ചുവിശ്വസിച്ച് കൂടെ നിന്ന കുടുംബത്തിനും ഇത് സന്തോഷകാലം. ഒാേട്ടായുടെ രേഖകൾ തിരികെ ലഭിക്കാനും നീതി തേടിയും പൊലീസിെൻറ കംപ്ലയിൻറ് അതോറിറ്റിയിൽ പരാതി നൽകിയിരിക്കുകയാണ് രതീഷ്. ഡിസംബർ 29ന് നിശ്ചയിച്ചിരിക്കുന്ന ഹിയറിങ്ങിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് രതീഷും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.