അഴിയൂരിലെ എല്‍.ഡി.എഫ് വിമത സ്ഥാനാര്‍ഥിക്ക് സ്വീകരണം; എൽ.ജെ.ഡിയില്‍ തര്‍ക്കം
text_fieldsവടകര: അഴിയൂര്‍ പഞ്ചായത്തില്‍ ഇടത് വിമതയായി മത്സരിച്ച എല്‍.ജെ.ഡി മഹിള നേതാവിന് ജില്ല കമ്മിറ്റി സ്വീകരണം നല്‍കിയത് വിവാദത്തില്‍.
കഴിഞ്ഞ ദിവസം കോഴിക്കോട് അരങ്ങില്‍ ശ്രീധരന് അനുസ്മരണ സമ്മേളനത്തിെൻറ ഭാഗമായി ജില്ലയിലെ ജനപ്രതിനിധികള്‍ക്ക് നല്കിയ സ്വീകരണ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാറാണ് ലീലയെ പൊന്നാടയണിയിച്ചത്.
എന്നാല്‍, അഴിയൂര്‍ മേഖലയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച ലീലയെ ഈ രീതിയില്‍ സ്വീകരിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് എല്‍.ജെ.ഡിയിലെ ഒരു വിഭാഗം പറയുന്നത്.
അഞ്ചു തവണയായി അഴിയൂര്‍ പഞ്ചായത്തില്‍ ജനപ്രതിനിധിയായതിലൂടെ, ജനകീയ മുഖമായ ലീലക്കുള്ള അംഗീകാരമാണീ സ്വീകരണമെന്നാണ് മറുവിഭാഗത്തിെൻറ വാദം. മുൻ എം.എൽ.എ അഡ്വ. എം.കെ. പ്രേംനാഥിനൊപ്പം ജനതാദള്‍ -എസില്‍നിന്ന് എല്‍.ജെ.ഡിയിലേക്ക് തിരിച്ചെത്തിയവരില്‍ പ്രമുഖയാണ് ലീല.
ഇങ്ങനെ തിരിച്ചെത്തിയവരില്‍ ഒരു വിഭാഗത്തെ പാര്‍ട്ടി പരിഗണിക്കാത്തതില്‍ ലീലയുള്‍പ്പെടെ നേതാക്കള്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. അതാണ്, ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തോടെ മറനീക്കി പുറത്തുവന്നത്.
നേരത്തേയുള്ള ധാരണപ്രകാരം അഴിയൂര്‍ പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ കെ. ലീലയാണ് ഇടതു സ്ഥാനാർഥിയായി മത്സരിക്കേണ്ടിയിരുന്നത്.
എന്നാല്‍, ഇടതുമുന്നണി ധാരണപ്രകാരം ഈ വാര്‍ഡ് ജനതാദള്‍ -എസിന് നല്‍കുയായിരുന്നു. ഇത്, ലീലയെയും അനുകൂലികളെയും ഒതുക്കാന്‍ വേണ്ടിയാണെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് ലീല സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതും വിജയിക്കുന്നതും.
എല്‍.ജെ.ഡി ഇടതിെൻറ ഭാഗമായശേഷം കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയില്‍ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ലീലയെ പരിഗണിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. അന്ന് നേതൃത്വത്തിെൻറ ഇടപെടല്‍ കാരണമാണിത് ഒഴിവായത്.
ലീലക്ക് നല്കിയ സ്വീകരണത്തിെൻറ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ചര്‍ച്ചയായത്. ഇത്, പ്രചരിപ്പിച്ചവര്‍ക്കെതിരെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളില്‍ വന്‍ വിമര്‍ശനമാണുള്ളത്. എന്നാല്‍, പാര്‍ട്ടി ജില്ല കമ്മിറ്റി നല്കിയ സ്വീകരണം രഹസ്യമാക്കിവെക്കേണ്ട സാഹചര്യമില്ലെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.
ലീലക്ക് സ്വീകരണം നല്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം രാജിഭീഷണി മുഴക്കുകയാണ്. വരും ദിവസങ്ങളില്‍ ഇക്കാര്യം തുറന്നുപറയാനാണ് എല്‍.ജെ.ഡി നേതാക്കളുടെ തീരുമാനം. എന്നാല്‍, '79 മുതല്‍ സോഷ്യലിസ്റ്റ് കരുത്തില്‍ ജനപ്രതിനിധിയായ ലീലക്കുള്ള അംഗീകാരമാണിതെന്നാണ് അനുകൂലികള്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.