ജയിലിന് മുന്നിലെ സ്വീകരണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്
text_fieldsതിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. ജാമ്യം ലഭിച്ചതിനു പിന്നാലെ, പൂജപ്പുര ജയിലിനുമുന്നിൽ സ്വീകരണമൊരുക്കിയതിന് 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതിയാക്കിയാണ് പൂജപ്പുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ രണ്ടാം പ്രതിയാണ് രാഹുൽ. കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
നിയമവിരുദ്ധമായി കൂട്ടംചേർന്ന് ഗതാഗത തടസ്സം സൃഷ്ടിക്കൽ, ക്രമസമാധാനം തകർക്കൽ, സർക്കാർ െഫ്ലക്സുകൾ നശിപ്പിച്ചു, പൊലീസ് ആജ്ഞ ലംഘിച്ച് കൂട്ടംചേർന്നു തുടങ്ങിയ കുറ്റങ്ങളും എഫ്.ഐ.ആറിൽ ആരോപിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് നേമം സജീറാണ് ഒന്നാം പ്രതി. സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് എട്ടുദിവസത്തിനുശേഷം ബുധനാഴ്‌ചയാണ് ജാമ്യം ലഭിച്ചത്.
സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കന്‍റോൺമെന്‍റ് പൊലീസ് മൂന്നും ഡി.ജി.പി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് ഒരു കേസുമാണ് നേരത്തേ രാഹുലിനെതിരെ എടുത്തത്. ജില്ല ജയിലിൽവെച്ച് കന്‍റോൺമെന്‍റ് പൊലീസ് രണ്ടു കേസുകളിലും മ്യൂസിയം പൊലീസ് ഒരു കേസിലും അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും എല്ലാ കേസിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ടെടുത്ത എല്ലാ കേസിലും ജാമ്യം ലഭിച്ച് ബുധനാഴ്ച രാത്രിയാണ് രാഹുൽ പുറത്തിറങ്ങിത്. ഷാഫി പറമ്പിൽ എം.എൽ.എ, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻവർക്കി എന്നിവരുൾപ്പെടെ നേതാക്കൾ രാഹുലിനെ സ്വീകരിക്കാനായി ജയിലിന് മുന്നിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.