സ്റ്റേഷനിലെ പൊലീസുകാർക്ക് പ്രത്യേക അലവൻസിന് ശിപാർശ
text_fieldsതിരുവനന്തപുരം: സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന സി.പി.ഒ മുതൽ സി.ഐ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക അലവൻസ് അനുവദിക്കാൻ ഡി.ജി.പിയുടെ ശിപാർശ. പൊലീസ് ഉദ്യോഗസ്ഥ സംഘടനകളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്ക് ഡി.ജി.പി അനിൽ കാന്ത് ശിപാർശയായി സമർപ്പിച്ചത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുൾപ്പെടെ ഏർപ്പെടുന്ന പൊലീസുകാർക്ക് പ്രത്യേക അലവൻസ് ലഭ്യമാക്കണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു. സ്റ്റേഷൻ ഡ്യൂട്ടിയിലുള്ളവർക്ക് ക്രമസമാധാന പരിപാലനം, കേസന്വേഷണം ഉൾപ്പെടെ ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ളതിനാൽ കടുത്ത മാനസികസമ്മർദം അനുഭവിക്കേണ്ടിവരുന്നു. അതിനാൽ സിവിൽ പൊലീസ് ഓഫിസർക്ക് (സി.പി.ഒ) 600 രൂപ, സീനിയർ സിവിൽ പൊലീസ് ഓഫിസർക്ക് (എസ്.സി.പി.ഒ) 700, എ.എസ്.ഐക്ക് -800, എസ്.ഐക്ക് -900, സി.ഐക്ക് -1000 എന്നിങ്ങനെ പ്രത്യേക അലവൻസ് അനുവദിക്കണമെന്നാണ് ശിപാർശ.ക്യാമ്പിൽ ജോലി ചെയ്യുന്നവർക്കും മാവോവാദി വേട്ടക്ക് ഉൾപ്പെടെ നിയോഗിക്കപ്പെട്ട പ്രത്യേക വിഭാഗങ്ങൾക്കും നിലവിൽ അലവൻസുണ്ട്. എന്നാൽ ലോക്കൽ പൊലീസുകാർക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. പൊലീസ് അസോസിയേഷനുകൾ സർക്കാറിന് നിരവധി തവണ നിവേദനം നൽകിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.
സ്ഥാനക്കയറ്റത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ശിപാർശയിലുണ്ട്. ഡിവൈ.എസ്.പിമാരുടെ ഗ്രേഡ് പ്രമോഷൻ 50 ശതമാനം വരെ വർധിപ്പിക്കണം. സിവിൽ പൊലീസ് ഓഫിസർമാർ മുതലുള്ളവരുടെ സ്ഥാനക്കയറ്റത്തിന് നിലവിലെ സമയപരിധി കൃത്യമായി പാലിക്കണമെന്നും ശിപാർശ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.