ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ റിപ്പോർട്ടിലെ ശിപാർശ; സിൻഡിക്കേറ്റുകളെ നിയന്ത്രിക്കണം
text_fieldsതിരുവനന്തപുരം: സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ സിൻഡിക്കേറ്റ് ഇടപെടൽ നിയന്ത്രിക്കാനും വൈസ് ചാൻസലർക്ക് കൂടുതൽ അധികാരം നൽകാനും ശിപാർശ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരേണ്ട പരിഷ്കരണങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഡോ. ശ്യാം ബി.മേനോൻ അധ്യക്ഷനായ കമീഷന്‍റേതാണ് ഈ നിർദേശം. അന്തിമ റിപ്പോർട്ട് ചൊവ്വാഴ്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിന് കൈമാറും. കോളജുകളിൽ നാലുവർഷ ബിരുദ കോഴ്സ് തുടങ്ങാനും ശിപാർശയുണ്ട്.
സർവകലാശാലയുടെ നയനിലപാടുകൾ നടപ്പാക്കുന്നതിൽ സിൻഡിക്കേറ്റിനുള്ള അമിതാധികാരം നിയന്ത്രിക്കണം. സിൻഡിക്കേറ്റ്/ ഫിനാൻസ് കമ്മിറ്റി അംഗീകരിച്ച ഭരണ/ ധനകാര്യ നയചട്ടക്കൂടിനകത്തുനിന്ന് കാര്യങ്ങൾ നടപ്പാക്കാനുള്ള അധികാരം സർവകലാശാലയുടെ ചീഫ് എക്സിക്യുട്ടിവ് ഓഫിസർ എന്നനിലയിൽ വൈസ് ചാൻസലറിൽ നിക്ഷിപ്തമാക്കണം.
നയചട്ടക്കൂടുകൾക്കപ്പുറം തീരുമാനം എടുക്കേണ്ട സന്ദർഭങ്ങളിൽ മാത്രമേ സിൻഡിക്കേറ്റിന്‍റെ പരിഗണനക്ക് അയക്കേണ്ടതുള്ളൂ. പരമാധികാര അക്കാദമിക സഭ എന്നനിലയിൽ അക്കാദമിക് കൗൺസിൽ തീരുമാനങ്ങൾ സിൻഡിക്കേറ്റ് അനുമതിക്കോ അംഗീകാരത്തിനോ സമർപ്പിക്കേണ്ടതില്ല. പകരം സിൻഡിക്കേറ്റിൽ അറിയിച്ചാൽ മതി.
കൂടുതൽ കാര്യക്ഷമതയും സർവകലാശാലയുടെ പ്രത്യേക ആവശ്യങ്ങളോടുള്ള സംവേദനക്ഷമതയും ഉറപ്പാക്കാൻ സിൻഡിക്കേറ്റിന്‍റെ അധികാരവും ഘടനയും അവലോകനം ചെയ്യുകയും പ്രസക്തമായ ചട്ടങ്ങൾ ഭേദഗതി ചെയ്യുകയും വേണം.
സെനറ്റിന് പകരം ബോർഡ് ഓഫ് റീജൻറ്സ് അല്ലെങ്കിൽ ബോർഡ് ഓഫ് ഗവർണേഴ്സ് സംവിധാനം കൊണ്ടുവരണം. സർക്കാർ, പൊതുസമൂഹം, വ്യവസായം, സാംസ്കാരികം, അക്കാദമിക് മേഖലകളിൽ നിന്നുള്ളവർക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്ന ചെറിയ സമിതിയായിരിക്കണം ഇത്. വൈസ് ചാൻസലർ ബോർഡിന്‍റെ മെംബർ സെക്രട്ടറിയുമായിരിക്കണം.
പാഠ്യപദ്ധതി പരിഷ്കരണം, 20 സർക്കാർ കോളജുകൾക്ക് കോൺസ്റ്റിറ്റ്യുവന്‍റ് കോളജ് പദവി, സമയബന്ധിതമായ പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും ബിരുദം ലഭിക്കലും വിദ്യാർഥികളുടെ അവകാശമാക്കുക തുടങ്ങിയ ശിപാർശകളുമുണ്ട്. കോളജ് അധ്യാപകരുടെ വിരമിക്കൽ പ്രായം 56ൽനിന്ന് സർവകലാശാല അധ്യാപകരുടേതിന് (60 വയസ്സ്) തുല്യമാക്കണം.
സർവകലാശാല പഠന വകുപ്പുകളിലും 50 കോളജുകളിലുമായി അഞ്ചുവർഷത്തേക്ക് പ്രോജക്ട് മോഡ് കോഴ്സ്, മലബാറിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയവയും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.