'ഔദ്യോഗിക' പാമ്പുപിടിത്തക്കാർക്ക് ഓണറേറിയത്തിന് ശിപാർശ
text_fieldsകോട്ടയം: വനംവകുപ്പിെൻറ ശാസ്ത്രീയ പരിശീലനംനേടി പാമ്പുകളെ പിടികൂടാൻ രംഗത്തുള്ള സന്നദ്ധപ്രവർത്തകർക്ക് ഓണറേറിയത്തിന് ശിപാർശ. പിടികൂടുന്ന പാമ്പുകളുടെ എണ്ണത്തിനനുസരിച്ചാകും പ്രതിവർഷ ഓണറേറിയം. മാളം വിട്ടിറങ്ങിയ 3521 പാമ്പുകളെയാണ് ഇവർ ഇതുവരെ ബാഗുകളിലാക്കിയത്.
പ്രതിവർഷം നൂറിനുമുകളിൽ പാമ്പുകളെ പിടികൂടുന്നവർക്ക് 12,000 രൂപ നൽകണമെന്നാണ് ശിപാർശ. 50നും 100നുമിടയിലുള്ളവർക്ക് 10,000, 10 മുതൽ 50 വരെയുള്ളവർക്ക് പ്രതിവർഷം 5000 രൂപയും നൽകാനാണ് ആലോചന. 10ൽ താഴെ പാമ്പുകളെ പിടിക്കുന്നവർക്ക് അർഹതയുണ്ടാവില്ല.
പാമ്പുകളുടെ സംരക്ഷണവും ബോധവത്കരണവും ലക്ഷ്യമിട്ട് വനംവകുപ്പ് രൂപംനൽകിയ സർപ്പ ആപ്പ് (സ്നേക് അവയർനസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്പ്) ഉപയോഗിച്ച് പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ യാത്രചെലവടക്കം സ്വന്തം കൈയിൽനിന്നാണ് നിലവിൽ കെണ്ടത്തുന്നത്. ഇത്തരം ചെലവുകൾക്കൊപ്പം പ്രോത്സാഹനമെന്ന നിലയിൽകൂടിയാണ് ഓണറേറിയം അനുവദിക്കണമെന്നുകാട്ടി വനംവകുപ്പ് സർക്കാറിന് ശിപാർശ നൽകിയത്. ഇൻഷുറൻസ് ഏർപ്പെടുത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവർക്ക് ലക്ഷം രൂപവരെയുള്ള ചികിത്സചെലവ് വനംവകുപ്പ് നൽകുന്നുണ്ട്. ഇതിനുപുറമേയാണ് ഇൻഷുറൻസ്.
പദ്ധതി ആരംഭിച്ച് മാസങ്ങൾ മാത്രം പിന്നിടുേമ്പാഴാണ് 3521 പാമ്പുകളെ സന്നദ്ധപ്രവർത്തകൾ പിടികൂടിയത്. കൂടുതലും മൂർഖൻ പാമ്പുകളാണ് -1172 എണ്ണം. മലമ്പാമ്പ്, ചേര, അണലി എന്നിവയാണ് മറ്റിനങ്ങൾ. പിടികൂടുന്ന പാമ്പുകളെ ഉൾവനത്തിൽ ഉപേക്ഷിക്കുേമ്പാൾ ആവാസവ്യവസ്ഥയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ചേരകളെ അതേ സ്ഥലത്തുതന്നെ വിടുകയാണ് പതിവ്.
സംസ്ഥാനത്ത് മൊത്തം 821 പേരാണ് വനംവകുപ്പിെൻറ പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയത്. ഇതിൽ 450 പേരാണ് സജീവമായി രംഗത്തുള്ളത്. മലപ്പുറത്താണ് കൂടുതൽ പരിശീലനം നേടിയവർ -131 പേർ. പാലക്കാട് (115), തൃശൂർ (85). പരിശീലനം നേടിയവരുടെ നമ്പറും പേരും സർപ്പ ആപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ ഇവരെ ബന്ധപ്പെടാം. പ്ലേ സ്റ്റോറിൽനിന്ന് 'സർപ്പ ആപ്പ്' ലോഡ് ചെയ്ത് വീട്ടിലോ പരിസരത്തോ അപകടകരമായി പാമ്പിനെ കണ്ടാലും റിപ്പോർട്ട് ചെയ്യാം.
കേരള ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് അരിപ്പ കേന്ദ്രത്തിലെ അസി. ഡയറക്ടർ വൈ. മുഹമ്മദ് അൻവറിനെ പരിശീലനത്തിെൻറ നോഡൽ ഓഫിസറായും നിയമിച്ചിരുന്നു. പുതുതായി 150 പേർകൂടി സന്നദ്ധപ്രവർത്തകരാകാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.