പ്രളയബാധിത കോളനികളുടെ പുനർനിർമാണം പാതിവഴിയിൽ; ഡയറക്ടറുടെ നിർദേശം കാറ്റിൽപറത്തി ധാരണാ പത്രം
text_fieldsകൊച്ചി: പ്രളയബാധിത കോളനികളുടെ പുനർനിർമാണം പാതി വഴിയിലെന്ന് എ. ജി. മലപ്പുറത്തെ കാഞ്ഞിരപ്പാടം-മച്ചിങ്ങപ്പൊയിൽ, പൂക്കൈത എന്നീ പ്രളയബാധിത പട്ടികജാതി കോളനികളിൽ പുനർനിർമാണം വൈകുന്നുവെന്നാണ് എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചത്.
പ്രളയബാധിത പട്ടികജാതി കോളനികളുടെ ലിസ്റ്റ് തയാറാക്കി ഹാജരാക്കാൻ ജില്ലാ ഓഫീസർമാർക്ക് പട്ടികജാതി ഡയറക്ടർ 2018 സെപ്റ്റംബർ അഞ്ചിനാണ് നിർദ്ദേശം നൽകിയത്. ജില്ലാ ഓഫീസുകളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഡയറക്ടർ 2019 ജനുവരി 17ന് ഉത്തരവിറക്കി. സംസ്ഥാനത്തെ 90 പട്ടികജാതി കോളനികളിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി. ബന്ധപ്പെട്ട ജില്ലകളിലെ ജില്ലാ നിർമിതി കേന്ദ്രത്തെ (ഡി.എൻ.കെ) ചുമതലപ്പെടുത്തുകയും ചെയ്തു.
ജില്ലാ ഓഫീസർമാർ ഡി.എൻ.കെയുമായി ധാരണാപത്രം (എം.ഒ.യു) ഒപ്പിട്ട തീയതി മുതൽ ആറ് മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കുമെന്നായിരുന്നു ഡയറക്ടറുടെ നിർദേശം. ധാരണാപത്രത്തിൽ പറഞ്ഞിരിക്കുന്ന തീയതിക്കപ്പുറം ഒരു സാഹചര്യത്തിലും പൂർത്തീകരണ തീയതി നീട്ടാൻ പാടില്ല. കാലതാമസം ഉണ്ടായാൽ പിഴ (നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്) നൽകണമെന്നായിരുന്നു നിർദേശം.
മലപ്പുറം ജില്ലയിലെ പ്രളയബാധിതരായ രണ്ട് പട്ടികജാതി കോളനികളായ വണ്ടൂർ പട്ടികജാതി വികസന ഓഫീസിന്‍റ കീഴിലുള്ള കാഞ്ഞിരപ്പാടം-മച്ചിങ്ങപ്പൊയിൽ കോളനിയുടെയും പെരുമ്പടപ്പ് എസ്.സി.ഡി.ഒയുടെ കീഴിലുള്ള പൂക്കൈത കോളനിയുടെയും പുനർനിർമ്മാണം പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. പദ്ധതിക്കായി ജില്ലാ നിർമിതി കേന്ദ്രം തയാറാക്കിയ എസ്റ്റിമേറ്റ് ഡയറക്ടർ അംഗീകരിച്ചു.
പൂക്കൈത പട്ടികജാതി കോളനിയുടെ പുനർനിർമാണത്തിനായി 61.96 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്. ആദ്യ ഗഡുവായ 12.39 ലക്ഷം (20 ശതമാനം തുക) 2020 സെപ്റ്റംബർ 18ന് ഡി.എൻ.കെ ക്ക് അഡ്വാൻസായി ട്രാൻസ്ഫർ ചെയ്തു. എന്നാൽ, 2021 ജൂലൈ മാസത്തെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാരം 30 ശതമാനം ജോലികൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ.
കണക്കാക്കിയ ചെലവ് 61.96 ലക്ഷം ആയിരുന്നു. എന്നാൽ,ഡി.ഡി.ഒയും ഡി.എൻ.കെയും തമ്മിലുള്ള ധാരണാപത്രത്തിൽ പദ്ധതിയുടെ പരമാവധി തുക 41.20 ലക്ഷം എന്നാണ് രേഖപ്പെടുത്തിയത്. അതുപോലെ എസ്റ്റിമേറ്റ് അംഗീകാര ഉത്തരവിൽ പ്രത്യേക സമയപരിധിയൊന്നും പറഞ്ഞിട്ടില്ല. ഡയറക്‌ടറുടെ ഭരണാനുമതി ഉത്തരവിൽ പദ്ധതികൾ പൂർത്തീകരിക്കുന്നതിന് ആറുമാസത്തെ സമയപരിധി പ്രത്യേകം സൂചിപ്പിക്കുകയും ചെയ്തു. അതിനാൽ, നിർമാണം പൂർത്തീകരിക്കുന്നതിൽ കാലതാമസം വരുത്തിയാൽ ഏജൻസിയുടെമേൽ പിഴ ചുമത്താൻ കഴിയില്ല.
കാഞ്ഞിരപ്പാടം–മച്ചിങ്ങപ്പൊയിൽ എസ്‌സി കോളനിയുടെ പുനർ നിർമാണത്തിന് 87.61 ലക്ഷമാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. ആദ്യ ഗഡുവായി 43.80 ലക്ഷം രൂപ (ഇത് പ്രോജക്റ്റ് എസ്റ്റിമേറ്റിന്‍റെ 50 ശതമാനം) അഡ്വാൻസായി നൽകി. 2021 ജൂലൈ മാസത്തിൽ നൽകിയ സമീപകാല പുരോഗതി റിപ്പോർട്ട് കാണിക്കുന്നത് 10 ശതമാനം ജോലികൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ എന്നാണ്.
പൂക്കൈത പട്ടികജാതി കോളനിയുടെ ധാരണാപത്രത്തിൽ നിശ്ചിത സമയപരിധിയിൽ പ്രവർത്തനം പൂർത്തിയാക്കണമെന്ന് രേഖപ്പെടുത്തിയില്ല. നിർമാണം പൂർത്തിയാക്കാനുള്ള സമയപരിധി ധാരണാപത്രത്തിൽ ഉൾപ്പെടുത്താതിരുന്നത് ഡയറക്ടറുടെ നിർദേശത്തിന്‍റെ ലംഘനമാണ്. പദ്ധതി നടപ്പാക്കുന്നതിൽ പട്ടികജാതി വകുപ്പിന്‍റെ കെടുകാര്യസ്ഥതയാണ് അന്വേഷണത്തിൽ വ്യക്തമായത്. നിർമിതി കേന്ദ്രം നിർമാണ ജോലികൾ ഏറ്റെടുത്തെങ്കിലും സമയബന്ധിതമായി പൂർത്തിയാക്കാൻ അവർ ശ്രമിച്ചില്ല. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ നടപ്പു സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കാൻ ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നാണ് ഡി.ഡി.ഒ. മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.