ലഗോൺ ഇറച്ചിക്ക് റെക്കോഡ് വില
text_fieldsകോഴിക്കോട്: വിപണി ക്രിസ്മസ് സീസണിലേക്ക് കടന്നതോടെ ലഗോൺ കോഴിയിറച്ചി വില റെക്കോഡിലേക്കുയർന്നു. 230 മുതൽ 250 രൂപ വരെയാണ് ലഗോൺ കോഴിയിറച്ചിക്ക് കടക്കാർ ഈടാക്കുന്നത്.
മുട്ടവില ഏഴായും ഉയർന്നു. എല്ലാ കാലങ്ങളിലും ബ്രോയിലർ ഇറച്ചിയെക്കാൾ കുറഞ്ഞ വിലക്ക് ലഭിച്ചിരുന്ന ലഗോൺ ഇറച്ചിക്ക് വില കുത്തനെ ഉയർന്നതോടെ അന്തംവിട്ടിരിക്കുകയാണ് കല്യാണ പാർട്ടിക്കാരും ഹോട്ടലുകളും കാറ്ററിങ് സർവിസുകാരും. നഗരത്തിൽ ലഗോൺ ഇറച്ചി കിലോക്ക് 250 രൂപയാണ് പല ഇറച്ചിക്കടകളിലും ഈടാക്കുന്നത്.
ബ്രോയിലർ ഇറച്ചി കിലോ 140ന് കിട്ടുമ്പോഴാണ് ലഗോണിന്റെ വില കുതിച്ചുയരുന്നത്. സമീപകാലത്തൊന്നും ലഗോണിന് ഇത്രയും വില വർധിച്ചിട്ടില്ലെന്നും ഇത് റെക്കോഡാണെന്നും വ്യാപാരികൾ പറഞ്ഞു. ലഗോൺ ഇറച്ചിക്കും മുട്ടക്കും വില ഇനിയും വർധിക്കാനാണ് സാധ്യതയെന്നും വ്യാപാരികൾ പറയുന്നു.
കാറ്ററിങ് സർവിസുകാർ ഉപഭോക്താക്കളിൽനിന്ന് ബിരിയാണിക്ക് കൂടുതൽ തുക ഈടാക്കിത്തുടങ്ങി. ചിലർ ലഗോൺ ഒഴിവാക്കി ബ്രോയിലർ ഇറച്ചിയാണ് ബിരിയാണിക്ക് വേണ്ടി വാങ്ങുന്നത്.
ക്രിസ്മസ് കേക്കുണ്ടാക്കാൻ മുട്ടക്ക് ആവശ്യക്കാർ കൂടുന്നതാണ് മുട്ടക്ക് വില വർധിക്കാൻ കാരണം. മുട്ടക്ക് നല്ല വില ലഭിക്കുന്നതിനാൽ ലഗോൺ കോഴികളെ ഫാമുകളിൽനിന്ന് ഇറച്ചിക്ക് വിട്ടുനൽകുന്നില്ല. മുട്ടക്ക് മെച്ചപ്പെട്ട വില ലഭിക്കുമ്പോൾ പരമാവധി മുട്ട ഉൽപാദിപ്പിക്കാനാണ് ഫാം ഉടമകൾ ശ്രമിക്കുന്നതെന്നും അതിനാൽതന്നെ ക്രിസ്മസ് സീസൺ കഴിഞ്ഞതിന് ശേഷമേ ലഗോൺ ഇറച്ചിക്ക് വില കുറയാനിടയുള്ളൂ എന്നും വ്യാപാരികൾ പറഞ്ഞു.
ലഗോൺ ഉൽപാദനം കുറച്ചതും തമിഴ്നാട്ടിലെ ഫാമുകളിൽനിന്ന് ഇറച്ചിക്കോഴികളെ ലഭിക്കുന്നതിൽ വന്ന കുറവും വില വർധനക്ക് കാരണമായെന്ന് വ്യാപാരികൾ പറഞ്ഞു.
കേരളത്തിലെ ഫാമുകളിൽ ബ്രോയിലർ കോഴികളെയാണ് അധികവും ഉൽപാദിപ്പിക്കുന്നത്. അതിനാൽതന്നെ തമിഴ്നാട്ടിൽനിന്നുള്ള ഇടനിലക്കാരാണ് കേരളത്തിലെ ലഗോൺ കോഴിയിറച്ചി വില നിശ്ചയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.