പൊതുമേഖല നിയമനത്തിന് റിക്രൂട്ട്മെന്റ് ബോർഡ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ പി.എസ്.സിക്ക് പുറത്തുള്ള തസ്തികകളിലെ നിയമനങ്ങൾ കേന്ദ്രീകൃതമായി നടത്തുന്നതിന് റിക്രൂട്ട്മെന്‍റ് ബോർഡ് സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിന് ഓർഡിനൻസിന് അംഗീകാരം നൽകി. പബ്ലിക് എൻറർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെൻറ് ബോർഡ് എന്നാകും ഇത് അറിയപ്പെടുക.
നിലവിൽ നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ നിയമനം പി.എസ്.സിക്ക് വിട്ടിട്ടുണ്ട്. ഇതുവരെ പി.എസ്.സിക്ക് നിയമനം വിടാത്ത സ്ഥാപനങ്ങളാണ് ബോർഡിന് കീഴിൽ വരുക. ഇടതു മുന്നണി പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു ഇത്. രണ്ടാം പിണറായി സർക്കാറിന്‍റെ രണ്ടാം നൂറുദിന കർമപരിപാടികളിൽ റിക്രൂട്ട്മെന്‍റ് ബോർഡ് സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. നിലവിൽ ചില ഏജൻസികൾ വഴിയാണ് നിയമനമെങ്കിലും അവ ഒട്ടും സുതാര്യമായിരുന്നില്ല. താൽക്കാലികക്കാരെ നിയമിച്ച ശേഷം പിന്നീട് സ്ഥിരപ്പെടുത്തുന്നതും പതിവാണ്. ബാഹ്യ ഇടപെടൽ ഒഴിവാക്കി അതത് മേഖലയിൽ നൈപുണ്യമുള്ള ആളുകളെ തെരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിലായിരിക്കും ബോർഡ് പ്രവർത്തിക്കുകയെന്ന് വ്യവസായ വകുപ്പ് അറിയിച്ചു.
• ലൈബ്രറി കൗൺസിലിലും സർക്കാർ സ്കെയിലിൽ ശമ്പളം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അനുവദിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് കീഴിലുള്ള ജീവനക്കാര്‍ക്കും ബാധകമാക്കി.
• ആലപ്പുഴ ജില്ല ഗവ. പ്ലീഡര്‍ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായി വി. വേണു മനയ്ക്കലിനെ നിയമിക്കും.
•വീടിന്‍റെ അടിയിൽ ഗുഹ കണ്ടെത്തിയ കുടുംബത്തിന് നാല് ലക്ഷം സഹായം നൽകും. സോയില്‍ പൈപ്പിങ് മൂലം വീട് വാസയോഗ്യമല്ലാതായ കണ്ണൂര്‍ മൊടപ്പത്തൂര്‍ സ്വദേശി രാഘവന്‍ വയലേരിക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കും. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് 95,100 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3,04,900 രൂപയും ചേര്‍ത്താണിത്. വീടിന്‍റെ അടിഭാഗത്തേക്ക് വലിയ വിസ്തൃതിയില്‍ ഗുഹ രൂപപ്പെട്ടിട്ടുണ്ടെന്നും ഏതു സമയത്തും അപകടം സംഭവിക്കാമെന്നും കലക്ടറുടെ നേതൃത്വത്തിൽ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.