നിയമനക്കോഴ കേസ്; അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു
text_fieldsതിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരായ നിയമനക്കോഴ വിവാദത്തിൽ, പണം വാങ്ങിയെന്ന ആരോപണം വ്യാജമാണെന്നും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടുള്ള അഖിൽ മാത്യുവിന്‍റെ പരാതിയിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് പ്രതിചേർത്തത്. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും.
സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ സി.സി.ടി.വിയിലേതാണ് ദൃശ്യങ്ങൾ. സി.സി.ടി.വിയിൽ ഹരിദാസനെയും ബാസിതിനെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അഖിൽ മാത്യു ദൃശ്യങ്ങളിലില്ല. ഓട്ടോയിലാണ് ഇവർ എത്തിയത്. എന്നാൽ പണം കൈമാറുന്നതും ഈ ദൃശ്യങ്ങളിലില്ല. ഹരിദാസനും ബാസിതും സെക്രട്ടറിയേറ്റ് പരിസരത്ത് ഒരു മണിക്കൂറിലധികം ചിലവഴിച്ചതായും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണിക്കുന്നുണ്ട്.
പരാതിക്കാരനായ ഹരിദാസൻ അഖിൽ സജീവുമായും ലെനിനുമായും നടത്തിയ പണമിടപാട് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇരുവർക്കും ബാങ്ക് അക്കൌണ്ട് വഴി പണം ലഭിച്ചതായി കണ്ടെത്തി. നിയമനക്കോഴയായി 175000 രൂപ നൽകി എന്നാണ് ഹരിദാസൻ ആരോപിച്ചിരുന്നത്. ഇതിൽ 75000 രൂപ അഖിൽ സജിവന് ഗൂഗിള്‍ പേ വഴി കൈമാറിയിരുന്നു. എന്നാൽ ഇത് ലെനിൻ പറഞ്ഞ മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റിയെന്നാണ് അഖിൽ സജീവിന്‍റെ വാദം. ഇത് ശരിവെക്കുന്ന തരത്തിലാണ് പൊലീസിന്‍റെ കണ്ടെത്തൽ.
കൈക്കൂലി ആരോപണത്തിൽ മനസാവാചാ അറിയാത്ത കാര്യത്തിലാണ് പഴി കേൾക്കുന്നതെന്ന് അഖിൽ സജീവ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. ലെനിൻ, ബാസിത്, റായ്സ്, ശ്രീരൂപ് തുടങ്ങിയവർ ചേർന്ന് 12 ദിവസത്തോളം ക്രൂരമായി മർദിച്ചു. ഗതികെട്ടവനെ ചൂഷണം ചെയ്യുകയാണെന്നും അഖിൽ പറഞ്ഞു. അതേസമയം, ആരോഗ്യമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫംഗത്തിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ഹരിദാസനും ഇടനിലക്കാരൻ അഖിൽ സജീവും തമ്മിലുള്ള ഫോൺ സംഭാഷണം ഇന്നലെ പുറത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.