നിയമനക്കോഴ: ബാസിതിനെയും ഹരിദാസനെയും റയീസിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും
text_fieldsതിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫിസിനെതിരെ ഉയർന്ന നിയമനക്കോഴ വിവാദത്തിൽ അറസ്റ്റിലായ മുഖ്യസൂത്രധാരനെന്ന് കരുതുന്ന എ.ഐ.എസ്.എഫ് മുൻ നേതാവ് കെ.പി ബാസിതിനെ തിരുവനന്തപുരത്ത് എത്തിച്ചു. മലപ്പുറം മഞ്ചേരി മാലാംകുളത്തെ ബന്ധുവിന്റെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബാസിതിനെ പുലർച്ചെയാണ് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ എത്തിച്ചത്.
ബാസിതിനെയും ഹരിദാസനെയും പൊലീസ് കസ്റ്റഡിയിലുള്ള റയീസിനെയും ഒരുമിച്ചിരുത്തി അന്വേഷണ സംഘം ചോദ്യംചെയ്യും. മൂന്നു ദിവസത്തേക്കാണ് റയീസിന്റെ കസ്റ്റഡി കാലാവധി കോടതി അനുവദിച്ചിരിക്കുന്നത്. മൂവരെയും ഇരുത്തിയുള്ള ചോദ്യംചെയ്യലിൽ ഗൂഢാലോചനയുടെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അതേസമയം, രണ്ടു ദിവസം നീണ്ട ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ ഹരിദാസന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിനായി കന്റോൺമെന്റ് പൊലീസ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ അപേക്ഷ നൽകി. ഗൂഢാലോചനയിൽ നിർണായക പങ്കുള്ള ഹരിദാസനെയും പ്രതി ചേർത്ത് അന്വേഷണവുമായി മുന്നോട്ടു പോകാനാണ് പൊലീസ് ആലോചിക്കുന്നത്. ഇതിനിടെ രണ്ടാം പ്രതി ലെനിൻ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ല കോടതി 13നു പരിഗണിക്കും.
നിയമനക്കോഴ പരാതിയിൽ ബാസിത് തന്നെ ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്ന് ഹരിദാസ് മൊഴി നൽകിയിരുന്നു. മന്ത്രിയുടെ പി.എയുടെ പേര് പറഞ്ഞാൽ അന്വേഷണമുണ്ടാകില്ലെന്ന് ബാസിത് പറഞ്ഞെന്നും ഹരിദാസന്റെ മൊഴിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.