നിയമന കോഴ ആരോപണം: അഖിൽ സജീവ് അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയിൽ
text_fieldsപത്തനംതിട്ട: മന്ത്രി വീണ ജോർജിന്‍റെ ഓഫിസിലേക്ക് നീണ്ട നിയമന കോഴ ആരോപണം ഉൾപ്പെടെ വിവിധ തട്ടിപ്പ് കേസുകളിൽ അറസ്റ്റിലായ മുഖ്യപ്രതി പത്തനംതിട്ട വി. കോട്ടയം സ്വദേശി അഖിൽ സജീവനെ (33) അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സി.ഐ.ടി.യുവിന്‍റെ ഓഫിസ് സെക്രട്ടറിയായിരുന്ന അഖിൽ, പത്തനംതിട്ട ജില്ല കമ്മിറ്റി ഓഫിസ് അക്കൗണ്ടിൽനിന്ന് 3.60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട്ടിലെ തേനിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സജീവിനെ പൊലീസ് ആവശ്യം പരിഗണിച്ച് കസ്റ്റഡിയിൽ വിടുകയായിരുന്നു. സി.ഐ.ടി.യു ഓഫിസിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് 15 മാസങ്ങൾക്കു മുമ്പ് എടുത്ത കേസാണ്. നഷ്ടപ്പെട്ട 3.60 ലക്ഷം രൂപയിൽ മൂന്നുലക്ഷവും തിരികെ ലഭിച്ചതിനാൽ കേസിൽ സമ്മർദം വേണ്ടെന്ന നിലപാടിലായിരുന്നു.
സി.ഐ.ടി.യു സ്പൈസസ് ബോർഡിൽ നിയമനം വാഗ്ദാനം ചെയ്ത് സഹപാഠിയും ഓമല്ലൂർ സ്വദേശിയുമായ അഖിലയിൽനിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് മറ്റൊരു കേസ്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഓഫിസുമായി ബന്ധപ്പെട്ടുയര്‍ന്ന നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യപ്രതിസ്ഥാനത്ത് അഖിൽ സജീവന്‍റെ പേരാണ്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് അഖിലിൽനിന്ന് പ്രഥമിക വിവരങ്ങൾ തേടിയെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
നിലവിൽ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലുള്ള അഖിലിനെ തിരികെ കോടതിയിൽ ഹാജരാക്കുമ്പോൾ മാത്രമേ തുടർനടപടികൾ സ്വീകരിച്ച് കസ്റ്റഡിയിൽ വാങ്ങാനാകൂ. ആരോഗ്യവകുപ്പിലെ നിയമന കോഴ തട്ടിപ്പില്‍ തനിക്കു പങ്കില്ലെന്നും പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിനെ അറിയില്ലെന്നും മന്ത്രി വീണ ജോര്‍ജിന്റെ പേഴ്സനല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിന് ഇടപാടില്‍ പങ്കില്ലെന്നുമാണ് അഖില്‍ സജീവ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്.
കോഴിക്കോട്ടുനിന്നുള്ള നാലംഗ സംഘമാണ് ആയുഷ് നിയമനക്കോഴക്ക് പിന്നിലുള്ളതെന്നാണ് അഖില്‍ സജീവിന്റെ മൊഴി. മുന്‍ എ.ഐ.വൈ.എഫ് നേതാവ് അഡ്വ. ബാസിത്, അഡ്വ. റഹീസ്, അഡ്വ. ലെനിന്‍, ശ്രീരൂപ് എന്നിവരാണ് സംഘത്തിലെ മുഖ്യന്മാര്‍ എന്നാണ് മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.