നിയമനം വാഹന പരിശോധനക്ക്; ചെയ്യുന്നത് ക്ലർക്കുദ്യോഗം
text_fieldsതിരുവനന്തപുരം: റോഡ് സുരക്ഷയെക്കുറിച്ച് വലിയവായിൽ സംസാരിക്കുന്നതിനിടയിലും 'എൻഫോഴ്സ്മെന്‍റിന്' എന്ന പേരിൽ നിയമിച്ച വെഹിക്കിൾ ഇൻസ്പെക്ടർമാരെവരെ ഓഫിസുകളിലേക്കും ചെക്പോസ്റ്റുകളിലേക്കും പിൻവലിച്ചു.
2011ന് ശേഷം 600 ഓളം പേരെ നിയമിച്ചെങ്കിലും ആരും റോഡ് പരിശോധനക്കില്ല. നിയമനം നടന്ന് അധികം വൈകാതെ പലവിധ സ്വാധീനങ്ങളിലൂടെ ഇവരെല്ലാം ഓഫിസുകളിലേക്ക് കുടിയേറി. വാഹനങ്ങൾ കൂടിയതിനാൽ പരിശോധന കാര്യക്ഷമമാകുന്നില്ലെന്നും എൻഫോഴ്സ്മെന്‍റിന് സമാന്തര സംവിധാനം വേണമെന്നുമുള്ള നിരന്തര ആവശ്യത്തിലാണ് 2011ൽ 55 വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ തസ്തിക സൃഷ്ടിച്ചത്.
വൈകാതെ ഇവരെ ഓഫിസുകളിലെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറുകളിലേക്ക് മാറ്റി. മറ്റു ചിലരെ ചെക്പോസ്റ്റുകളിലേക്കും. രണ്ടുവർഷത്തെ ഇടവേളക്കുശേഷം 2013ൽ വീണ്ടും എൻഫോഴ്സ്മെൻറ് ചുമതലകൾക്ക് മാത്രമായി 206 വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ തസ്തിക സൃഷ്ടിച്ചു.
അധികം വൈകാതെ ഇവരെയും റോഡിൽനിന്ന് ഓഫിസുകളിലേക്ക് മാറ്റി ഗതാഗത കമീഷണറേറ്റ് ഉത്തരവിറക്കി (5/2013). വാഹന പരിശോധനകൾക്ക് പകരം ഡ്രൈവിങ് ടെസ്റ്റും ഫിറ്റ്നസ് പരിശോധനകളും ഓഫിസുകളിലെ സർട്ടിഫിക്കറ്റ് പരിശോധനകളുമായി 'എൻഫോഴ്സ്മെന്‍റ് വിഭാഗം' ചുരുങ്ങി.
2018ൽ റോഡ് സേഫ്റ്റി പദ്ധതിയുടെ ഭാഗമായി 262 പേരുടെ തസ്തികയാണ് സൃഷ്ടിച്ചത്. പ്രമോഷൻ തസ്തികകളടക്കം ഉൾപ്പെടുമ്പോൾ എണ്ണം 350 ഓളം വരും. എട്ട് മണിക്കൂർ വീതമുള്ള ഡ്യൂട്ടി ഷെഡ്യൂളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വിഭാഗം എന്നൊക്കെയായിരുന്നു അവകാശവാദമെങ്കിലും സ്ഥിതി മറിച്ചായില്ല.
ഇവരെയും ആർ.ടി.ഒ ഓഫിസുകളിലേക്കും ചെക്പോസ്റ്റുകളിലേക്കും മാറ്റി ഉത്തരവിറങ്ങി (44/2018). പേരായ്മകളും പരിധികളുമുണ്ടെങ്കിലും വാഹൻ സാരഥി സോഫ്റ്റ്വെയർ വന്നശേഷം ഓഫിസ് നടപടിക്രമങ്ങൾ 90 ശതമാനം ഓൺലൈനാണ്.
പിന്നെ എന്തിനാണ് റോഡ് സുരക്ഷക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരെ ഓഫിസുകളിലേക്ക് മാറ്റുന്നതെന്നതിനും ഉത്തരമില്ല. പരിശോധനകൾക്ക് നിരീക്ഷണ കാമറകളുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പിന്‍റ വിശദീകരണം.
കുറ്റം കണ്ടെത്താൻ നിരീക്ഷണ കാമറകൾക്ക് കഴിയുമെങ്കിലും തടയാനാകില്ലെന്നിടത്താണ് എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ പ്രസക്തി. എൻഫോഴ്സ്മെന്‍റിന്‍റെ പേരിൽ നിയോഗിച്ചവരെ റോഡ് സുരക്ഷ അതോറിറ്റിക്ക് കീഴിൽ ഏകോപിപ്പിക്കണമെന്ന നിർദേശവും നടപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.