കേന്ദ്ര വാഴ്സിറ്റിയിൽ കൂട്ടനിയമനനീക്കം: പൂർണ നിയന്ത്രണം ആർ.എസ്.എസിന്
text_fieldsകാസർകോട്: കേന്ദ്ര വാഴ്സിറ്റിയിൽ വൻതോതിൽ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് നീക്കം. ഇതിനായുള്ള വിജ്ഞാപനം ഇറങ്ങി. നൂറോളം നിയമനങ്ങളാണ് നടക്കാൻ പോകുന്നത്. ഈ നിയമനങ്ങളിലൂടെ അംഗങ്ങളെ ചേർത്ത് സംഘ്പരിവാറിന്റെ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘത്തെ (യു.വി.എ.എസ്) ആദ്യമായി വാഴ്സിറ്റിക്ക് അകത്തേക്ക് ഇറക്കുകയാണ് ചെയ്യുന്നത്. അതിന്റെ പ്രാഥമിക ഘട്ടമെന്ന നിലയിൽ താൽക്കാലിക കമ്മിറ്റിയായിട്ടുണ്ട്. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നതുമുതൽ സ്വതന്ത്ര വേഷം കെട്ടിയ സംഘടനയായ, അസോസിയേഷൻ ഓഫ് സെൻട്രൽ യൂനിവേഴ്സിറ്റി ടീച്ചേഴ്സ് എന്ന സംഘടനയായിരുന്നു ഉണ്ടായിരുന്നത്. ആർ.എസ്.എസ് ചുമതലപ്പെടുത്തിയതനുസരിച്ച് മുൻ പി.വി.സി ഡോ. കെ. ജയപ്രസാദിന്റെ നേതൃത്വത്തിലുണ്ടായ ഈ സംഘടന ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് വാഴ്സിറ്റിയിൽ പ്രവർത്തിച്ചുവന്നിരുന്നത്. എന്നാൽ, വ്യക്തിപരമായ താൽപര്യത്തിൽ വാഴ്സിറ്റി കാര്യങ്ങൾ നടത്തി എന്ന ആരോപണത്തെത്തുടർന്ന് സംഘ്പരിവാർ ജയപ്രസാദിനെ ഒഴിവാക്കി. ഇനിമുതൽ യു.വി.എ.എസിനായിരിക്കും കേന്ദ്ര വാഴ്സിറ്റിയുടെ രാഷ്ട്രീയ ചുമതല. ഈ സംഘടനയുടെ സംസ്ഥാന സമ്മേളനം രണ്ടുദിവസമായി കൊച്ചിയിൽ നടക്കുകയാണ്. സമ്മേളനത്തിനു ക്ഷണിക്കപ്പെട്ടവരിൽ കേന്ദ്ര വാഴ്സിറ്റിയിലെയും സംസ്ഥാന കോളജുകളിലെയും അധ്യാപകരുണ്ട്.
കേന്ദ്ര സർവകലാശാലയിൽ നിയമനം വാഗ്ദാനം ചെയ്തുകൊണ്ടാണ് കൊച്ചി സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ ക്ഷണിച്ചത്. കേന്ദ്ര വാഴ്സിറ്റിയിലെ അധ്യാപകർക്ക് പ്രഫസർ പദവി, എക്സിക്യൂട്ടിവ് കൗൺസിൽ പദവി എന്നിവയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചിലരുടെ ഭാര്യമാർക്കു ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ രീതിയിലാണ് കൊച്ചി സമ്മേളനം പൊലിപ്പിക്കുന്നത്. സമ്മേളനത്തിൽ സർവകലാശാല രജിസ്ട്രാറെയും ആർ.എസ്.എസ് പങ്കെടുപ്പിച്ചിട്ടുണ്ട്. ഇത് വാഴ്സിറ്റി ചട്ടത്തിനു വിരുദ്ധമാണ്. വാഴ്സിറ്റിയെ ആർ.എസ്.എസ് നിയന്ത്രണത്തിനു വിട്ടുകൊടുക്കുന്നതിന്റെ ഭാഗമാണ് രജിസ്ട്രാർ എൻ. സന്തോഷ്കുമാർ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നാണ് ആക്ഷേപം. വിദ്യാഭ്യാസ വകുപ്പ് അസി. പ്രഫസർ ജ്യോഷിത്, ഫിസിക്സ് അധ്യാപകൻ ഡോ. പി. പ്രസാദ്, ഡോ. വി. രാജീവ് തുടങ്ങി വേറെയും അധ്യാപകർ ആർ.എസ്.എസിനു പിന്നിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.