സീനിയോറിറ്റി ലിസ്റ്റിൽ കുരുങ്ങി എം പാനലുകാരുടെ നിയമനം
text_fieldsകോട്ടയം: കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാർക്ക് പുനർനിയമനം ലഭിക്കാത്തതിന് കാരണം സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുന്നതിലെ കാലതാമസം. ഇതോടെ എം പാനൽ ജീവനക്കാർക്ക് സ്വിഫ്റ്റിൽ ജോലി നൽകുമെന്ന 2020 ഒക്ടോബർ 15ന് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം വെറുംവാക്കായി. കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസ് ജീവനക്കാരുടെ അനാസ്ഥയാണ് ജീവനക്കാരുടെ ഭാവി പ്രതിസന്ധിയിലാക്കുന്നത്. സ്ഥിരം ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതുപോലെതന്നെ എല്ലാ യൂനിറ്റിൽനിന്നും ശമ്പള ബിൽ എഴുതി ചീഫ് ഓഫിസിലേക്ക് അയച്ച് അനുമതി ലഭിക്കുന്നതനുസരിച്ചാണ് എം പാനലുകാർക്ക് ശമ്പളം നൽകുന്നത്.
പ്രതിമാസ ശമ്പളത്തെ എട്ടുമണിക്കൂർ ജോലിയുടെ വേതനം കൊണ്ട് ഹരിച്ചാൽ ഓരോ മാസവും ചെയ്യുന്ന ജോലി ചീഫ് ഓഫിസിൽതന്നെ കണ്ടെത്താം. ശമ്പള വിഭാഗത്തിൽനിന്ന് പരമാവധി ഏഴുദിവസം കൊണ്ട് സീനിയോറിറ്റി ലിസ്റ്റ് തയാറാക്കാം. ഈ മാർഗം സ്വീകരിക്കാതെ പിരിച്ചുവിട്ടവരുടെ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് 2020 ഒക്ടോബർ എട്ടുമുതൽ 2021 ഫെബ്രുവരി 26 വരെ ഏഴ് കത്താണ് ചീഫ് ഓഫിസിൽനിന്ന് യൂനിറ്റുകളിലേക്ക് അയച്ചത്. ഈ കത്തുകൾ അവഗണിക്കപ്പെട്ടു. മതിയായ യോഗ്യതയില്ലാതെ ആശ്രിത നിയമനത്തിലൂടെയും മറ്റും ചീഫ് ഓഫിസിലെത്തിയ ചില ഉദ്യോഗസ്ഥരുടെ പിടിപ്പില്ലായ്മയാണ് തങ്ങളുടെ പുനർനിയമനത്തിന് തടസ്സമാകുന്നതെന്ന് എം പാനലുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.