ദേവസ്വം ബോർഡിലെ നിയമനതട്ടിപ്പ്: മൂന്ന് ഗ്രേഡ് എസ്.ഐമാർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പേരില്‍ നടന്ന തൊഴിൽ തട്ടിപ്പ് സംഘത്തെ സഹായിച്ച മൂന്ന് ഗ്രേഡ് എസ്.ഐമാർക്ക് സസ്പെൻഷൻ. മാവേലിക്കര പൊലീസ് സ്റ്റേഷനിലെ മുൻ എസ്.ഐമാരായ വർഗീസ്, ഗോപാലകൃഷ്ണൻ, ഹക്കീം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തട്ടിപ്പ് കേസിലെ ഒന്നാം പ്രതി വിനീഷിന് പൊലീസ് ഉദ്യോഗസ്ഥര്‍ കേസിലെ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ. ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് നടപടിയെടുത്തത്. ഉദ്യോഗസ്ഥരുടെ ഇടപെടൽ സംബന്ധിച്ച് മൂന്നു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചേർത്തല ഡിവൈ.എസ്.പിക്ക് നിർദേശം നൽകി.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ നിയമന ഉത്തരവ് നൽകി സംസ്ഥാനത്ത് നടന്നത് രണ്ടരക്കോടിയുടെ തട്ടിപ്പാണ്. മുഖ്യപ്രതി വിനീഷിനെ സഹായിക്കാൻ പൊലീസുകാരും കൂട്ടുനിന്നെന്നാണ് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തൽ. മാസങ്ങൾക്കു മുമ്പ് പരാതി നൽകിയിട്ടും പ്രതികളെ പിടികൂടുന്നതിൽ പൊലീസിന്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ചയാണെന്നും ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് ചെയർമാൻ അഡ്വ. രാജഗോപാൽ ആരോപിച്ചിരുന്നു. പൊലീസിന്‍റെ വീഴ്ച ചൂണ്ടിക്കാട്ടി ബോർഡ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ എറണാകുളം റേഞ്ച് ഡി.ഐ.ജിയെ ഡി.ജി.പി അനിൽ കാന്ത് നിയോഗിച്ചത്.
വൈക്കം ക്ഷേത്രകലാപീഠത്തിൽ ക്ലർക്ക് തസ്തികയിലേക്കുള്ള ദേവസ്വം റിക്രൂട്ട്മെൻറിന്റെ നിയമന ഉത്തരവുമായി യുവതി ബോർഡിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.