എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം; ജോലി കിട്ടുന്നവരുടെ എണ്ണത്തിൽ മലപ്പുറം പിറകിൽ
text_fieldsമലപ്പുറം: എട്ടു വർഷത്തെ കണക്കുപ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി താൽക്കാലിക ഒഴിവുകളിലേക്ക് ജോലി ലഭിക്കുന്ന എണ്ണത്തിൽ മലപ്പുറം ജില്ല പിറകിൽ. പട്ടികപ്രകാരം 12ാം സ്ഥാനത്താണ് മലപ്പുറം. ഏറ്റവും പിറകിൽ ഇടുക്കിയും രണ്ടാമത് വയനാടും കഴിഞ്ഞാൽ മൂന്നാമതാണ് മലപ്പുറത്തിന്റെ സ്ഥാനം. തൊഴിൽ വകുപ്പിന്റെ കണക്കു പ്രകാരമാണിത്.
ഈ കാലയളവിൽ ജോലിക്കായി മലപ്പുറത്ത് 1,98,573 പേരാണ് ആകെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 3,135 പേർക്ക് മാത്രമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ ജോലി നൽകാൻ കഴിഞ്ഞത്. കണക്കുപ്രകാരം 1,95,438 പേർ ഇപ്പോഴും നിയമനം കിട്ടാതെ പുറത്തുണ്ട്.
നിലവിൽ എംപ്ലോയ്മെന്റിൽ ബന്ധപ്പെട്ട വകുപ്പുകൾ അറിയിക്കുന്ന ഒഴിവുകളിലാണ് നിയമനം നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. ഈ അറിയിക്കുന്ന ഒഴിവുകളിൽ സംവരണ തത്ത്വം പാലിക്കുന്നുണ്ടെന്നും തുടർന്ന് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അറിയിച്ച് പട്ടിക ശേഖരിച്ച് ക്രോഡീകരിച്ചാണ് നിയമന നടപടികൾ പൂർത്തീകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. നിയമനത്തിനായി സീനിയോറിറ്റി പട്ടികയും പരിഗണിക്കും.
2016 മേയ് 20 മുതല് 2024 മേയ് 31 വരെയുള്ള വകുപ്പ് കണക്കിൽ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ നിയമനം ലഭിച്ചത്. 13,655 പേർ എട്ടു വർഷത്തിനിടെ നിയമിതനായി. 2,42,279 പേരാണ് എറണാകുളത്തെ അപേക്ഷകർ.
രണ്ടാം സ്ഥാനത്തുള്ള ആലപ്പുഴയിൽ 13,600 പേരും നിയമിതരായി. 2,19,348 പേരാണ് ആലപ്പുഴയിൽ രജിസ്റ്റർ ചെയ്തിരുന്നത്. മൂന്നാംസ്ഥാനത്തുള്ള തിരുവനന്തപുരത്ത് 11,653 പേർക്കാണ് നിയമനം കിട്ടിയത്. തിരുവനന്തപുരത്ത് 4,28,621 പേർ രജിസ്റ്റർ ചെയ്തിരുന്നു. കോഴിക്കോട് 7,655, തൃശൂർ 7,277, പാലക്കാട് 6,310, കണ്ണൂർ 5,471, കൊല്ലം 5,342, കോട്ടയം 4,270, കാസർകോട് 4,092, പത്തനംതിട്ട 3,705, വയനാട് 2,642, ഇടുക്കി 2,152 എന്നിങ്ങനെയാണ് നിയമനം നേടിയവരുടെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.