ഷോളയാർ അണക്കെട്ടിൽ റെഡ് അലർട്ട്; തുറക്കാനിടയില്ല
text_fieldsഅതിരപ്പിള്ളി: കഴിഞ്ഞ ദിവസങ്ങളിലായി ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷോളയാർ അണക്കെട്ട് റെഡ് അലർട്ടിലെത്തി. എന്നാൽ അണക്കെട്ടിലെ വെള്ളം തൽക്കാലം തുറന്നു വിടാനിടയില്ല. കരാർ പ്രകാരം തമിഴ്നാട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതാണ് ജലനിരപ്പ് ഉയരാൻ കാരണം.
വൈദ്യുതോൽപാദനം തുടരുന്നതിനാൽ ജലനിരപ്പ് തനിയെ കുറയുമെന്നാണ് കരുതുന്നത്. ഷോളയാറിൽ വൈദ്യുതോൽപാദനത്തിനായി മൂന്ന് ജനറേറ്ററുകളാണ് ഉള്ളത്. ഇവയിൽ രണ്ടെണ്ണം പ്രവർത്തനക്ഷമാണ്. ഇവ ഒരു ദിവസം പ്രവർത്തിക്കുമ്പോൾ ജലനിരപ്പ് അരയടിയോളം താഴും. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ വനമേഖലയിൽ മഴ പെയ്യാത്തതിനാൽ ഇനി അനിയന്ത്രിതമായി വെള്ളമെത്താൻ സാധ്യതയില്ല.
എല്ലാ വർഷവും ഫെബ്രുവരി വരെ അണക്കെട്ടിൽ വെള്ളം നിറക്കാൻ തമിഴ്നാടിന് ബാധ്യതയുണ്ട്. പി.എ.ടി കരാർ പ്രകാരം വർഷത്തിൽ രണ്ടു തവണ കേരളത്തിന് ജലം എത്തിക്കാൻ തമിഴ്നാട് ബാധ്യസ്ഥരാണ്. ഇതിനാവശ്യമായ വെള്ളം അപ്പർ ഷോളയാറിൽ നിന്ന് തുറന്നു വിടുകയാണ് പതിവ്. പലപ്പോഴും ഇങ്ങനെ വെള്ളം തുറന്നു വിടണമെന്ന കരാർ തമിഴ്നാട് പാലിക്കാറില്ലെന്ന് പരാതി ഉയരാറുള്ളതാണ്. എന്നാൽ ഇക്കുറി അത് പരിഹരിക്കപ്പെട്ടിരിക്കുകയാണ്.
ഷോളയാറിൽ വൈദ്യുതോൽപാദന ശേഷം തുറന്നു വിടുന്ന വെള്ളം നേരെ പെരിങ്ങൽക്കുത്തിലേക്കാണ് ചെന്നെത്തുക. പെരിങ്ങലിലെ വൈദ്യുതോൽപ്പാദനത്തെ തുടർന്ന് തുറന്നു വിടുന്ന വെള്ളം ചാലക്കുടിപ്പുഴയിലേക്കുമാണ് വന്നെത്തുക. ചാലക്കുടിപ്പുഴ ജലനിരപ്പ് അത്ര മെച്ചപ്പെട്ട രീതിയിലല്ല.
എന്നാൽ കാലാവസ്ഥാ വ്യതിയാന ഫലമായി നേരം തെറ്റിയ മഴ പലപ്പോഴും പുഴയോരത്തെ വരൾച്ച പരിഹരിച്ചിട്ടുണ്ട്. നെൽകൃഷിയുടെ സമയമായതിനാൽ പ്രധാന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ചാലക്കുടി നദീതട പദ്ധതിയുടെ ഭാഗമായ കനാലുകൾ ഇത്തവണ നേരത്തെ ശുചീകരിച്ചിരുന്നു. ചില ഭാഗങ്ങളിലേക്ക് കനാൽ വഴി വെള്ളം തുറന്നു വിടുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.