കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറുമരണം
text_fieldsതിരുവനന്തപുരം: കനത്ത മഴതുടരുന്ന സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ആറുപേർ മരിച്ചു. രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷൻ വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, തീരദേശ കർണാടക എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം ശക്തമാകുമെന്നാണ് സൂചന. പ്രളയഭീതി കണക്കിലെടുത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആര്‍.എഫ്) രണ്ട് യൂനിറ്റുകള്‍ കൂടി ഇന്ന് കേരളത്തിലെത്തും. ഇന്നലെ നാല് യൂനിറ്റുകള്‍ എത്തിയിരുന്നു.
ആറുമരണം; രണ്ടുപേരെ കാണാതായി
കാലവർഷക്കെടുതിയിൽ വയനാട്ടിൽ രണ്ട് കുട്ടികളുള്‍പ്പെടെ സംസ്ഥാനത്ത് ആറുപേര്‍ മരിച്ചു. തിരുവനന്തപുരത്ത് മരം കടപുഴകി ഇലക്ട്രിസിറ്റി ഓഫീസ് ജീവനക്കാരനും എറണാകുളത്ത് വഞ്ചി മുങ്ങി മത്സ്യത്തൊഴിലാളിയും മലപ്പുറത്ത് കടലിൽ ഒരാളും ഒഴുക്കിൽപെട്ട് ഒരാളുമാണ് മരിച്ചത്.
തിരുവനന്തപുരത്ത് മരം കടപുഴകി നെടുമങ്ങാട് ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരന്‍ കുളപ്പട സ്വദേശി അജയന്‍ ആണ് മരിച്ചത്. ബൈക്കിൽ ജോലി സ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. എറണാകുളം എളങ്കുന്നപ്പുഴയില്‍ ഇന്നലെ വഞ്ചി മുങ്ങി കാണാതായ മൂന്നുപേരിൽ ഒരാളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. നായരമ്പലം സ്വദേശി സന്തോഷ് ആണ് മരിച്ചത്. കാണാതായ സജീവൻ, സിദ്ധാർഥ് എന്നിവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
വയനാട് വാളാട് മരം വീണ് ആറ് വയസുകാരി ജ്യോതികയും കുറിച്യർമലയില്‍ തോട്ടിലെ ഒഴുക്കിൽപ്പെട്ട് വെങ്ങാത്തോട് കോളനിയിൽ അഞ്ച് വയസുകാരി ഉണ്ണിമായയും മരിച്ചു. മലപ്പുറം കൂട്ടായിയില്‍ കടലില്‍ വള്ളംമുങ്ങി കാണാതായ സിദ്ദിഖിന്‍റെ മൃതദേഹം എറണാകുളം വൈപ്പിനിൽ കണ്ടെത്തി. മലപ്പുറത്ത് തന്നെ എടവണ്ണ പത്തപ്പിരിയം കലന്തിയില്‍ കോളനിയിലെ സാബുവിനെ തോട്ടില്‍ മരിച്ചനിലയിലും കണ്ടെത്തി.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പല നദികളും കരകവിഞ്ഞൊഴുകുകയാണ്.
ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെട്ടു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടത്താൻ കഴിയൂ എന്നത് വെല്ലുവിളിയാകുന്നുണ്ട്. 11കെവി ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണു മുൻഗണന നൽകുക. തുടർന്ന് ലോ ടെൻഷൻ ലൈനുകളും വ്യക്തിഗത പ്രശ്നങ്ങളും പരിഹരിക്കും.
വയനാട്ടിൽ മണ്ണിടിച്ചിൽ; മഴ കനക്കുന്നു, അതിജാഗ്രത
കഴിഞ്ഞ വർഷം പ്രളയവും ഉരുൾപൊട്ടലും വൻ നാശനഷ്ടം വിതച്ച വയനാട്ടില്‍ കടുത്ത ജാഗ്രതയിലാണ് ജില്ല ഭരണകൂടവും ജനങ്ങളും. കാരാപ്പുഴ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ ഉയർത്തി അധികവെള്ളം തുറന്ന് വിടാൻ തുടങ്ങി.
റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലയിൽ 16 ദുരിതാശ്വാസ ക്യാംപുകൾ ഇതിനകം തുറന്നിട്ടുണ്ട്. ഉരുൾപൊട്ടൽ വെള്ളപൊക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കോവിഡ് മുൻകരുതൽ പാലിച്ച് മാത്രമേ ക്യാമ്പുകളിൽ ആളുകളെ താമസിപ്പിക്കാൻ സാധിക്കുകയുള്ളൂ. കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവരെയും കണ്ടെയിൻമെൻറ് സോണിലുള്ളവരെയും പ്രത്യേകം മുറികളിൽ താമസിപ്പിക്കുമെന്ന് ജില്ലാ കലക്ടർ അദീല അബ്ദുല്ല അറിയിച്ചു.
2019ൽ ഉരുൾപൊട്ടലുണ്ടായ മേപ്പാടി ചൂരൽമലയിലാണ് കഴിഞ്ഞ ദിവസം കൂടുതൽ മഴ പെയ്തത്. മേപ്പാടി പുത്തുമല മേഖലയിൽ 390 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ബാണാസുര സാഗർ വൃഷ്ടിപ്രദേശത്ത് 178 മില്ലിമീറ്റർ മഴ ലഭിച്ചു.
ഇടുക്കിയിൽ ജാഗ്രതാ നിർദേശം
ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടുക്കി ജില്ലയിൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് കലക്ടർ എച്ച്. ദിനേശൻ അറിയിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്നലെ ഉച്ചക്ക് 01:00 മണി മുതൽ കല്ലാർ ഡാമിെൻറ 2 ഷട്ടറുകൾ 10 സെ.മീ ഉയർത്തി 10 ക്യുമെക്സ് വരെ ജലം പുറത്തുവിടുന്നുണ്ട്. നദികളുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.
ഇരുവഴിഞ്ഞിപ്പുഴയും ചാലിയാറും കരകവിഞ്ഞു
കോഴിക്കോട് ജില്ലയിൽ ഇരുവഴിഞ്ഞിപ്പുഴയും ചാലിയാർ പുഴയും കരകവിഞ്ഞൊഴുകി. വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിൽ നിന്നും ആളുകളെ മാറ്റി. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
ജില്ലയിൽ പലസ്ഥലങ്ങളിലും ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്. ചെമ്പ് കടവ് പാലം വെള്ളത്തിൽ മുങ്ങി. മലയോരമേഖലയായ തുഷാരഗിരി അടിവാരം റോഡിൽ ഗതാഗതം സ്തംഭിച്ചു.
മലപ്പുറത്ത് പരക്കെ നാശം
ശക്തമായ കാറ്റിലും മഴയിലും മലപ്പുറം ജില്ലയിൽ പരക്കെ നാശം. കടലുണ്ടിപ്പുഴയിൽ ജല നിരപ്പുയർന്നത് പ്രളയ ഭീഷണിയുമുയർത്തിയിട്ടുണ്ട്. മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളുൾപ്പെടെ വെള്ളത്തിനടിയിലാവും.മരങ്ങളും കൊമ്പുകളും വീണ് നിരവധി വീടുകൾ ഭാഗികമായി തകർന്നു. കൃഷി നാശവും വ്യാപകമാണ്. പലയിടത്തും മരം വീണ് റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. അഗ്നിരക്ഷ സേന എത്തിയാണ് പുനഃസ്ഥാപിച്ചത്.
നിലമ്പൂർ മേഖലയിൽ കനത്തമഴ തുടരുകയാണ്. മുണ്ടേരിയിലെ മരപ്പാലം ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തിൽ പാലം ഒലിച്ചു പോയ ശേഷം സ്ഥാപിച്ച മുളപ്പാലമാണ് ഒലിച്ചു പോയത്. ഇതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികൾ ഒറ്റപ്പെട്ടു. അരീക്കോട് തെരട്ടമ്മൽ - മൂർക്കനാട് റോഡ് വെള്ളം കയറി ഗതാഗതം തടസപെട്ടു.
പുന്നപ്പുഴ, കാഞ്ഞിരപ്പുഴ, ചാലിയാർ പുഴകൾ പലയിടത്തും കരകവിഞ്ഞൊഴുകുന്നു. ഭൂതാനം, പൂളപ്പാടം, എരുമമുണ്ട സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നിലമ്പൂർ ജനതപടിയിൽ സംസ്ഥാന പാതയിൽ വെള്ളം കയറി. കോഴിക്കോട്-നിലമ്പൂർ - ഗൂഡല്ലൂർ റോഡിൽ ഗതാഗതം തടസപ്പെട്ടു.
എറണാകുളത്ത് താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം
എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും പുഴക്കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. കാളിയാർ, തൊടുപുഴയാർ, കോതമംഗലം പുഴ എന്നീ നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ഇവിടങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകുന്നതിനുള്ള ജലനിരപ്പിന് അടുത്തെത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഉടൻ നടപടിയെടുക്കും.
കണ്ണൂരിൽ 156 വീടുകൾക്ക് നാശനഷ്ടം
കണ്ണൂർ ജില്ലയിൽ ശക്തമായ മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശം. കാലവർഷക്കെടുതിയിൽ രണ്ട് ദിവസങ്ങളിലായി 156 വീടുകൾക്ക് നാശനഷ്ടം നേരിട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. ചുഴലിക്കാറ്റിൽ പരക്കെ കൃഷി നാശവും സംഭവിച്ചു. ആയിക്കര, അഴീക്കൽ കടപ്പുറങ്ങളിൽ ശക്തമായ തിരയേറ്റം അനുഭവപ്പെട്ടു. ഇതോടെ കടലോരവാസികൾ ഭീതിയോടെയാണ് കഴിയുന്നത്.
കഴിഞ്ഞവർഷങ്ങളിൽ പ്രളയം നേരിട്ട കേളകം, കൊട്ടിയൂർ, ആറളം, അയ്യങ്കുന്ന് പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളാണ് മലയിടിച്ചിൽ ഭീഷണിയിലാണ്. മേഖലയിലെ പുഴകളിൽ ജലവിതാനം ഉയർന്നിട്ടുണ്ട്. മഴ കനത്ത് പെയ്യുന്നതിനാൽ കൊട്ടിയൂർ-വയനാട്, നിടുംപൊയിൽ -വയനാട് ചുരം റോഡുകളിൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു.
മലയടിവാരങ്ങളിൽ താമസിക്കുന്നവർ ഉരുൾപൊട്ടൽ ഭീതിയിലാണ്. കഴിഞ്ഞവർഷം ഭൂമിയിൽ വിള്ളൽ വീഴുകയും ഭൂമി ഇടിഞ്ഞുതാഴുകയും ഉരുൾപൊട്ടൽ പരമ്പരകളുമുണ്ടായ നെല്ലിയോടി, ചപ്പമല, ശാന്തിഗിരി പ്രദേശങ്ങളിലെ ജനങ്ങളാണ് കൂടുതൽ ഭീതിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.