ഇടുക്കി ഡാമിലും റെഡ് അലർട്ട്; തുറക്കാൻ സാധ്യത
text_fieldsതൊടുപുഴ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് റൂൾകർവ് പരിധിയായ 2398.32 അടി പിന്നിട്ടതിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം, ഡാമിലെ ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്ന് വെള്ളമൊഴുക്കി വിടും. മഴയിൽ കാര്യമായി വർധനയില്ലാത്തതിനാൽ മുല്ലപ്പെരിയാറിൽ നിന്നുള്ള ജലമെത്തിയാലും ഇടുക്കിയിലെ ഡാമിലെ ജലനിരപ്പ് വലിയ രീതിയിൽ ഉയരില്ലെന്നാണ് പ്രതീക്ഷ.
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാര് അണക്കെട്ട് തുറന്നിരുന്നു. രാവിലെ ഏഴര മണിയോടെ അണക്കെട്ടിനോട് ചേർന്നുള്ള സ്പിൽവേയുടെ 3, 4 ഷട്ടറുകളാണ് 0.35 മീറ്റർ ഉയർത്തിയത്. രണ്ട് ഷട്ടറുകളിൽ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.
സ്പിൽവേ ഷട്ടറുകൾ തുറന്നാൽ ആദ്യം വെള്ളം എത്തുക ജനവാസ മേഖലയായ വള്ളക്കടവിലാണ്. തുടർന്ന് വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ വഴി ഒമ്പത് മണിയോടെ ഇടുക്കി ജലസംഭരണിയിൽ വെള്ളം എത്തിച്ചേരും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.25 അടി മാത്രമാകും ഉയരുക.
138.75 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കൻഡിൽ 5800 ഘനയടി (ക്യുസെക്സ്) ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. തമിഴ്നാട് സെക്കൻഡിൽ 2335 ഘനയടി വെള്ളമാണ് ടണൽ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നത്.
ജലനിരപ്പ് 138 അടിയിൽ നിജപ്പെടുത്തണമെന്ന സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് അണക്കെട്ട് തുറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്. 2018 പ്രളയത്തിന് ശേഷം ആദ്യമായാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.