ഇരവിപുരത്തിന് ചുവപ്പിന്റെ രാഷ്ട്രീയം, പക്ഷേ...
text_fieldsഇരവിപുരം: നിത്യജീവിതവ്യവഹാരങ്ങളിൽപോലും രാഷ്ട്രീയവിശകലന സാധ്യത ആരായാൻ കഴിയുംവിധം പ്രബുദ്ധമാണ് ഇരവിപുരത്തിന്റെ മനസ്സ്. കേരള രൂപവത്കരണത്തിനു മുമ്പും പിമ്പും ഒരിക്കലൊഴികെ എല്ലാ അസംബ്ലി തെരഞ്ഞെടുപ്പുകളിലും ഇടതുപാർട്ടികളെ മാത്രം വിജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് കൊല്ലം പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട ഇരവിപുരം. എന്നാൽ, പാർലമെന്റിൽ എത്തുമ്പോൾ അതു പലപ്പോഴും മറിച്ചാകും.
1991ൽ രാജീവ് തരംഗത്തിൽ മാത്രമാണ് ഇരവിപുരത്ത് അസംബ്ലി തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചത്, മുസ്ലിം ലീഗിലെ പി.കെ.കെ. ബാവ. 1952ലും 1957ലും കമ്യൂണിസ്റ്റ് പാർട്ടിയെ വിജയിപ്പിച്ച ഇരവിപുരത്ത് 1960ലും 1964ലും ആർ.എസ്.പിയാണ് വിജയം നേടിയത്. കമ്യൂണിസ്റ്റ് പാർട്ടിയെ മുഖ്യശത്രുവായിക്കണ്ട ആർ.എസ്.പി 1959ൽ ഒന്നാം ഇ.എം.എസ് സർക്കാറിനെതിരായ വിമോചനസമരത്തിന്റെ മുന്നണിയിൽത്തന്നെ നിലക്കൊള്ളുകയും ചെയ്തുവെന്നത് ചരിത്രം.
1967ൽ സി.പി.എം നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയിൽനിന്നും 1969 മുതൽ 1977 വരെ കോൺഗ്രസ് മുന്നണിയിൽനിന്നും ഇരവിപുരത്ത് വിജയിച്ച ആർ.എസ്.പി, എൽ.ഡി.എഫ് രൂപം കൊണ്ടശേഷം 1980 മുതൽ 2011 വരെ ആ മുന്നണിയിൽ മത്സരിക്കുകയും 1991ലൊഴികെ എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിക്കുകയും ചെയ്തു. എന്നാൽ, 2014ൽ എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിൽ ചേർന്നശേഷം അവർക്ക് അസംബ്ലി തെരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല.
അതേസമയം, 2014 ലെയും 2019 ലെയും പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രന് മേൽക്കൈ നൽകി. ഈ പ്രതിഭാസം ഇവിടെ നേരത്തേയും കണ്ടിട്ടുണ്ട്. അസംബ്ലി തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് വിജയിക്കുമ്പോൾ പാർലമെന്റിൽ യു.ഡി.എഫ് സ്ഥിരമായി ലീഡ് ചെയ്തിട്ടുണ്ട്.
1980ൽ ആർ.എസ്.പി നേതാവ് എൻ. ശ്രീകണ്ഠൻ നായർ കൊല്ലത്ത് കോൺഗ്രസിലെ ബി.കെ. നായരോട് തോറ്റപ്പോഴും 1984ലും 1991ലും കോൺഗ്രസിലെ എസ്. കൃഷ്ണകുമാർ ആർ.എസ്.പിയുടെ ആർ.എസ്. ഉണ്ണിയെ പരാജയപ്പെടുത്തിയപ്പോഴും എൽ.ഡി.എഫ് പിന്നിലായിരുന്നു. എന്നാൽ, 1989ൽ ആർ.എസ്.പിയിലെ ബാബു ദിവാകരൻ എസ്. കൃഷ്ണകുമാറിനോട് പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിൽ ലീഡ് നേടി.
പിന്നീട് 1996ലും 1998ലും പ്രേമചന്ദ്രൻ എൽ.ഡി.എഫ് സ്ഥാനാർഥിയായി പാർലമെന്റ് മണ്ഡലത്തിൽ വിജയിച്ചപ്പോഴും 1999ലും 2004 ലും സി.പി.എമ്മിലെ പി. രാജേന്ദ്രൻ വിജയിച്ചപ്പോഴും ഇവിടെ എൽ.ഡി.എഫിന് ലീഡ് നേടി.
മണ്ഡല പുനർനിർണയം ഇരവിപുരത്തിന്റെ ഘടനയിൽ സാരമായ മാറ്റമാണ് വരുത്തിയത്. കൊറ്റങ്കര, ഇളമ്പള്ളൂർ, തൃക്കോവിൽവട്ടം, മയ്യനാട്, ഇരവിപുരം, വടക്കേവിള പഞ്ചായത്തുകൾ ചേരുന്നതായിരുന്നു 2009 വരെ ഇരവിപുരം. എന്നാൽ, പുനഃസംഘടിപ്പിക്കപ്പെട്ട ഇരവിപുരം കൂടുതൽ നഗര കേന്ദ്രീകൃതമായി.
കോർപറേഷനിലേക്ക് ചേർക്കപ്പെട്ട ഇരവിപുരം, വടക്കേവിള പഞ്ചായത്തുകൾക്കു പുറമേ, മയ്യനാട് പഞ്ചായത്തും കൊല്ലം അസംബ്ലി മണ്ഡലത്തിന്റെ ഭാഗമായിരുന്ന കൊല്ലം കോർപറേഷനിൽപ്പെട്ട കിളികൊല്ലൂർ, മുണ്ടയ്ക്കൽ വില്ലേജുകളും ചേരുന്നതാണ് ഇപ്പോഴത്തെ ഇരവിപുരം.
കൊല്ലം കോർപറേഷനിലെ 24 ഡിവിഷനുകളും മയ്യനാട് പഞ്ചായത്തും ചേരുന്നതാണ് പുതിയ ഇരവിപുരം. 24 കോർപറേഷൻ ഡിവിഷനുകളിൽ 19ഉം മയ്യനാട് പഞ്ചായത്തിലെ 23 വാർഡുകളിൽ 14ഉം എൽ.ഡി.എഫിന്റെ കൈയിലാണ്.
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എം. നൗഷാദ് വിജയിച്ചത് 28,121 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. 2016ൽ അദ്ദേഹം വിജയിച്ചത് 28,803 വോട്ടുകൾക്കും. രണ്ടുതവണയും നൗഷാദ് പരാജയപ്പെടുത്തിയതാകട്ടെ ആർ.എസ്.പി പ്രതിനിധികളെയും. 2016ൽ നൗഷാദിന് 65,392 വോട്ടുകൾ ലഭിച്ചപ്പോൾ ആർ.എസ്.പിയിലെ എ.എ. അസീസിന് ലഭിച്ചത് 36ം589 വോട്ടുകളാണ്. 2021ൽ നൗഷാദ് 71,573 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി ബാബു ദിവാകാരൻ നേടിയത് 43,452 വോട്ടുകൾ.
അതേസമയം, 2009 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പീതാംബരക്കുറുപ്പ് ഇരവിപുരത്ത് 43,898 വോട്ടും സി.പി.എമ്മിലെ പി. രാജേന്ദ്രൻ 43,090 വോട്ടും നേടി.
പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച 2014 ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഇരവിപുരത്ത് 52,580 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി എം.എ. ബേബിക്ക് 45,936 വോട്ടാണ് ലഭിച്ചത്. 2019ൽ പ്രേമചന്ദ്രൻ ഇരവിപുരത്തെ വോട്ടുവിഹിതം 67,582 ആക്കി ഉയർത്തി. എൽ.ഡി.എഫിലെ കെ.എൻ. ബാലഗോപാലിന് 44,162 വോട്ടു മാത്രമാണ് ലഭിച്ചത്.
ഇത്തവണ എം. മുകേഷിനുവേണ്ടി സി.പി.എം ഹൈ-വോൾട്ട് പ്രചാരണമാണ് നടത്തുന്നത്. മുകേഷിന്റെ വീട് സ്ഥിതിചെയ്യുന്ന മണ്ഡലമാണ് ഇരവിപുരം. അദ്ദേഹത്തിന്റെ പിതാവ് ഒ. മാധവൻ നീണ്ട 18 വർഷം ഇരവിപുരം മണ്ഡലത്തിൽപ്പെടുന്ന വടക്കേവിള പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. മുകേഷിന്റെ വ്യക്തി-സൗഹൃദ-കുടുംബ ബന്ധങ്ങളേറെയും ഇരവിപുരത്താണ്.
ന്യൂനപക്ഷമേഖലയിലെ അനുകൂല ചലനങ്ങൾ ഇരവിപുരത്ത് എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് അവർ കരുതുന്നത്. എന്നാൽ, ഇക്കുറി ഇരവിപുരത്ത് വോട്ട് വർധിപ്പിക്കാൻ കഴിയുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. സംസ്ഥാന സർക്കാറിനെതിരായ നിഷേധവോട്ടുകൾ അനുകൂല തരംഗം തന്നെ സൃഷ്ടിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
ബി.ജെ.പിക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാൻ കഴിയാത്ത മണ്ഡലമാണിത്. 2009ൽ 3856 വോട്ടുകളും 2014ൽ 6864 വോട്ടുകളും 2019ൽ 11,488 വോട്ടുകളുമാണ് ഇരവിപുരത്ത് ബി.ജെ.പി നേടിയത്. ഇക്കുറി ഇരവിപുരത്ത് യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പമെത്തുമെന്നാണ് നിഷ്പക്ഷ നിരീക്ഷകരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.