നികുതി വരുമാനം കുറയും
text_fieldsതിരുവനന്തപുരം: നോട്ട് അസാധുവാക്കൽ സംസ്ഥാനത്തിെൻറ സമ്പദ്വ്യവസ്ഥക്ക് ഗുരുതര ആഘാതമുണ്ടാക്കുമെന്ന് വിലയിരുത്തൽ. സർക്കാറിെൻറ നികുതി വരുമാനം അടുത്തമാസം കുത്തനെ കുറയുന്ന അവസ്ഥയാവും ഇതുമൂലം സൃഷ്ടിക്കപ്പെടുക. സഹകരണ ബാങ്കുകളിലെ പ്രതിസന്ധി ഗ്രാമീണ മേഖലയെയും ദോഷകരമായി ബാധിക്കും. ലോട്ടറിയിലെ തിരിച്ചടി സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട ഒന്നരലക്ഷത്തിലേറെപ്പേരുടെ വരുമാനം ഇല്ലാതാക്കും. നിർമാണ മേഖലയിലെ തകർച്ച സർക്കാറിെൻറ വരുമാനത്തെയും തൊഴിലാളികളെയും ബാധിക്കും. രജിസ്ട്രേഷൻ മേഖലയിൽനിന്ന് പ്രതീക്ഷിച്ച വരുമാനത്തിൽ വൻ ഇടിവുണ്ടാകുമെന്നും ധനവകുപ്പ് വിലയിരുത്തുന്നു.
സർക്കാറിെൻറ പ്രധാന വരുമാനമായ വിൽപന നികുതി, വാറ്റ് എന്നിവയിൽ അടുത്തമാസം 500 കോടിയോളം കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇപ്പോഴത്തെ പ്രതിസന്ധി അടുത്ത മാസത്തെ സർക്കാർ വരുമാനത്തിലാവും പ്രതിഫലിക്കുക. നിർമാണ മേഖലയിലെ പ്രതിസന്ധി നിർമാണക്കരാറുകൾ, അനുബന്ധ കാര്യങ്ങൾ എന്നിവയിലെ നികുതി കുറക്കും. ലോട്ടറിയിൽ മാത്രം 300 കോടിയുടെ കുറവ് വരാൻ സാധ്യതയുണ്ട്. കെ.എസ്.എഫ്.ഇക്ക് 500 കോടിയുടെ വരവ് കുറയും.
രജിസ്ട്രേഷൻ രംഗമാണ് ആകെ കുഴഞ്ഞുമറിഞ്ഞത്. ഭാഗപത്രത്തിെൻറ നികുതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമുണ്ടായിരുന്നതിനാൽ മൂന്നുമാസമായി രജിസ്ട്രേഷൻ മേഖല പ്രതിസന്ധിയിലായിരുന്നു. അതിൽ വ്യക്തത വന്ന്, വരുമാനം വർധിക്കുന്ന പ്രവണത കാണിച്ചപ്പോഴാണ് നോട്ട് പ്രശ്നം വന്നത്. നേരത്തേ ആധാരം കുറവായിരുന്നെങ്കിലും വരുമാനം കൂടുതലായിരുന്നു. എന്നാൽ, നോട്ട് പ്രതിസന്ധിയോടെ ഈ രംഗമാകെ നിശ്ചലമായി. 3500 കോടിയിലേറെയാണ് ഈ മേഖലയിൽനിന്ന് വരുമാനം പ്രതീക്ഷിച്ചത്. 1000 കോടിയുടെ കുറവെങ്കിലും വന്നേക്കാമെന്ന ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ഭൂമിയുടെ വില താഴേക്ക് പോകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
സർക്കാർ ഫീസുകൾ, നിരക്കുകൾ തുടങ്ങിയവയിൽനിന്നുള്ള വരുമാനത്തിലും കുറവ് വരും. കോടതി അദാലത് വഴിയുള്ള പണത്തെയും ബാധിക്കും. നോട്ട് പ്രതിസന്ധിയുള്ളതിനാൽ അദാലത്തുകൾ മാറ്റിവെക്കുകയാണ്. വടക്കൻ കേരളത്തിൽ ഗ്രാമീണ വായ്പാ രംഗത്ത് ഏറ്റവും ശക്തമായി പ്രവർത്തിക്കുന്നത് പ്രാഥമിക സഹകരണ സംഘങ്ങളാണ്. ഇവയുടെ പ്രവർത്തനം തടസ്സപ്പെട്ടാൽ കേരളത്തിെൻറയാകെ ഗ്രാമീണ സമ്പദ്വ്യവസ്ഥ തന്നെ തളരും. ഗ്രാമപ്രദേശങ്ങളിൽ കർഷകർക്കും ചെറുകിടക്കാർക്കും കരുത്തായി നിൽക്കുന്നത് ഈ സ്ഥാപനങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.