രോഗവ്യാപനത്തിൽ കുറവ്; പ്രതിവർഷം ആയിരത്തോളം പുതിയ എച്ച്.ഐ.വി ബാധിതർ
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് ഓരോ വർഷവും ശരാശരി ആയിരത്തോളം പുതിയ എച്ച്.ഐ.വി ബാധിതർ. ഏതാണ്ട് 10 ലക്ഷത്തോളം പേരെ പരിശോധിക്കുമ്പോഴാണ് ഇത്രയും രോഗബാധിതരെ കണ്ടെത്തുന്നത്.
2005 മുതലുള്ള കണക്കുകൾ നോക്കിയാൽ ആദ്യകാലങ്ങളിൽ പ്രതിവർഷം 2500 മുതൽ 3000 വരെ പേരിലാണ് എച്ച്.ഐ.വി ബാധ റിപ്പോർട്ട് ചെയ്തത്. അക്കാലങ്ങളിൽ പരിശോധന താരതമ്യേന കുറവായിരുന്നു. നിലവിൽ പരിശോധന വർധിച്ചപ്പോൾ അണുബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തിയെന്നതാണ് ശുഭസൂചന.
കഴിഞ്ഞ 10 വർഷത്തിനിടെ എച്ച്.ഐ.വി ബാധിതരായി മരിക്കുന്നവരിൽ 82 ശതമാനത്തിന്റെയും പുതിയ കേസുകളിൽ 67 ശതമാനത്തിന്റെയും കുറവാണ് സംസ്ഥാനത്തുണ്ടായത്. പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
2021ൽ 3,00,714 പുരുഷന്മാരും 7,01,502 സ്ത്രീകളും 4,697 ട്രാൻസ്ജൻഡറുകളുമടക്കം 10,06,913 പേരെ പരിശോധിച്ചപ്പോൾ 600 പുരുഷന്മാരും 260 സ്ത്രീകളും ആറ് ട്രാൻസ്ജൻഡറുകളുമടക്കം 866 പേരാണ് പോസിറ്റിവായത്. ഈ വർഷം സെപ്റ്റംബർ വരെ 9,32,365 പേരെ പരിശോധിച്ചപ്പോൾ 590 പുരുഷന്മാരും 242 സ്ത്രീകളും മൂന്ന് ട്രാൻസ്ജൻഡറുകളും പോസിറ്റിവായി. ഈ വർഷം ജൂൺ വരെ 26,564 പേരാണ് എച്ച്.ഐ.വി ബാധിതരായി 'ഉഷസ്' കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തത്. 15,483 പേർ എ.ആർ.ടി ചികിത്സയിലുണ്ട്.
എച്ച്.ഐ.വി ബാധയുടെ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ സാന്ദ്രത ദേശീയതലത്തിൽ 0.22 ആണെങ്കിൽ കേരളത്തിൽ 0.06 ശതമാനം മാത്രമാണ്.
സാന്ദ്രത കുറവാണെങ്കിലും അന്തർ സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും അവിടങ്ങളിൽനിന്ന് ഇങ്ങോട്ടുമുള്ള കുടിയേറ്റം വർധിച്ചത് എച്ച്.ഐ.വി വ്യാപനസാധ്യത വർധിപ്പിക്കുന്നുണ്ടെന്ന് ജില്ല എയ്ഡ്സ് നിയന്ത്രണ ഓഫിസർ ഡോ. ടി.സി. അനുരാധ പറഞ്ഞു. മാത്രമല്ല, കൂട്ടംകൂടി മയക്കുമരുന്ന് ഇൻജക്ട് ചെയ്യുന്നതും ഇതിന്റെ ലഹരിയിൽ സുരക്ഷിതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും രോഗവ്യാപന സാധ്യതയുണ്ടാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
1988 മുതലാണ് ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിച്ചുവരുന്നത്. നിലവിൽ ലോകത്താകമാനം 3.8 കോടി എച്ച്.ഐ.വി ബാധിതരുണ്ടെന്നാണ് കണക്ക്. 2021ൽ മാത്രം 15 ലക്ഷം പേരിൽ പുതുതായി അണുബാധ കണ്ടെത്തി. ആറര ലക്ഷംപേർ മരിക്കുകകയും ചെയ്തു.
ഇന്ത്യയിൽ 2021ൽ 24.01 ലക്ഷം എച്ച്.ഐ.വി ബാധിതരാണുള്ളത്. ഇതിൽ 62,000 പേർ പുതുതായി അണുബാധ സ്ഥിരീകരിച്ചവരാണ്. ഇതേ വർഷം 41,000 പേർ മരിച്ചു. 'ഒന്നായ്, തല്യരായ് തടുത്തുനിർത്താം' എന്നതാണ് ഈ വർഷത്തെ എയ്ഡ്സ് ദിനാചരണ സന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.