ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം; ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി
text_fieldsരാജീവ് ചന്ദ്രശേഖരൻ റീൽസ് ചിത്രീകരണത്തിനിടയിൽ
തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനിടെ റീൽസ് ചിത്രീകരിച്ചതിന് ബി.ജെ.പി കേരള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. ക്ഷേത്ര പരിസരത്തുള്ള ചില ഭാഗങ്ങളിൽ വീഡിയോഗ്രാഫി നിരോധിച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
കോൺഗ്രസ് നേതാവും ഹൈക്കോടതി അഭിഭാഷകനുമായ വി.ആർ. അനൂപാണ് ഗുരുവായൂർ ക്ഷേത്ര പൊലീസിൽ പരാതി നൽകിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ, ക്ഷേത്ര സമുച്ചയത്തിനുള്ളിലെ നിയന്ത്രിത മേഖലയിൽ ചിത്രീകരിച്ചതാണെന്നും, കാമറയുടെ ഉപയോഗം കേരള ഹൈക്കോടതി ശക്തമായി വിലക്കിയിട്ടുള്ള പ്രദേശമാണിതെന്നും അദ്ദേഹം പരാതിയിൽ ആരോപിച്ചു.
ക്ഷേത്രപരിസരത്ത് റീൽസ് ചിത്രീകരിക്കുന്നതിനെതിരെ നേരത്തെ ശക്തമായ നിയമ നിലപാട് സ്വീകരിച്ചിരുന്ന ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. സംഭവത്തിൽ രാജീവ് ചന്ദ്രശേഖർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം സമാനമായ ഒരു കേസിൽ, ഇതേ സ്ഥലത്ത് വെച്ച് റീൽസ് ചിത്രീകരിച്ചതിന് ആർട്ടിസ്റ്റ് ജസ്ന സലീമിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തൃശൂർ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശ്രീകൃഷ്ണന്റെ ഒരു ചിത്രം സമ്മാനിച്ചതിലൂടെ ജസ്ന മുമ്പ് ശ്രദ്ധ നേടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.