റോഡിൽ റീൽസ് അനുവദിക്കരുത്; കർശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsകോഴിക്കോട്: റീലല്ല റിയൽ ജീവിതമെന്ന് പറയുകയാണ് അധികൃതർ. ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ നിർദേശം. റീലിന്റെ പേരിൽ ദുരന്തങ്ങൾ തുടർക്കഥയായ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമീഷൻ നിർണായക ഇടപെടൽ നടത്തുന്നത്.
മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിയിരിക്കുകയാണ്. ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണീ നടപടി.
സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെ കുറിച്ച് നാല് ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് ബീച്ചിൽ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി കോഴിക്കോട് പൊലീസ് കമ്മീഷണർ നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ജനുവരി 30 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കാനാണ് തീരുമാനം.
ഇത്തരം സംഭവങ്ങൾ മത്സര ഓട്ടത്തിൽ ഏർപ്പെടുന്നവർക്ക് പുറമേ മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർക്കും കാൽനട യാത്രക്കാർക്കും ഭീഷണിയാണെന്ന് ഉത്തരവിൽ പറഞ്ഞു. സമൂഹ മാധ്യമത്തിൽ ജനപ്രീതിയുണ്ടാക്കാൻ അപകടകരമായ നിലയിൽ റീലുകൾ ചിത്രീകരിക്കുന്ന പ്രവണത വർധിച്ചുവരികയാണെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.
ഇത്തരം ചിത്രീകരണങ്ങൾക്കായി ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി അപകടരമായി വാഹനം ഓടിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുന്നു. മത്സര ഓട്ടങ്ങൾക്കായുള്ള മൈതാനമായി പൊതുനിരത്തുകളെ മാറ്റുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ. ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.