സമരം പുകയുന്നതിനിടെ കെ.എസ്.ഇ.ബിയിൽ യൂനിയനുകൾക്ക് അംഗീകാരം നിശ്ചയിക്കുന്ന റഫറണ്ടത്തിന്‍റെ തിരക്ക്
text_fieldsപെരിന്തൽമണ്ണ: കെ.എസ്.ഇ.ബി ആസ്ഥാനത്ത് സമരം പുകയുമ്പോൾ താഴേത്തട്ടിൽ ബോർഡിൽ ട്രേഡ് യൂനിയനുകൾക്ക് അംഗീകാരം നിശ്ചയിക്കുന്ന റഫറണ്ടത്തിന്‍റെ തിരക്ക്. ഏപ്രിൽ 28ന് സംസ്ഥാനത്തെ 72 കെ.എസ്.ഇ.ബി ഡിവിഷൻ ആസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്.
നാമനിർദേശ പത്രികയിലെ സൂക്ഷ്മ പരിശോധന 19ന് പൂർത്തിയാകും. സബ് എൻജിനീയർ, ഓവർസിയർ, ലൈൻമാൻ, വർക്കർ തസ്തികകളിൽ മുപ്പതിനായിരത്തോളം ജീവനക്കാർക്കാണ് വോട്ട്. 29ന് ഫലമറിയും. ആകെ ജീവനക്കാരുടെ 15 ശതമാനം പിന്തുണയുള്ള ട്രേഡ് യൂനിയനുകൾക്കാണ് മാനേജ്മെന്‍റുമായുള്ള ചർച്ചകളിൽ പങ്കെടുക്കാനുള്ള അംഗീകാരത്തോടെ നിലനിൽക്കാനാവുക.
2015ൽ ഏറ്റവും ഒടുവിൽ റഫറണ്ടത്തിൽ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) 48 ശതമാനവും ഐ.എൻ.ടി.യു.സി രണ്ടു വിഭാഗവും എസ്.ടി.യു അടക്കമുള്ളവയും ചേർന്ന മുന്നണി 24 ശതമാനവും എ.ഐ.ടി.യു.സി 16 ശതമാനവുമാണ് വോട്ട് നേടിയത്. അന്നത്തെ ആകെ വോട്ടർമാർ 27,600 ഇപ്പോൾ 30,000 ആയിട്ടുണ്ട്. റഫറണ്ടത്തിൽ വലിയ പ്രചാരണം നടത്തി അംഗീകാരം നേടാൻ ബി.എം.എസ് കാര്യമായി ശ്രമിക്കുന്നുണ്ട്.
2015ൽ 450ൽ താഴെ വോട്ടാണ് ലഭിച്ചത്. 2015ൽ 16 ശതമാനം ജീവനക്കാരുടെ പിന്തുണയോടെ കഷ്ടിച്ചാണ് എ.ഐ.ടി.യു.സി അംഗീകാരം നേടിയത്. ഇത്തവണ പ്രചാരണ രംഗത്ത് കാര്യമായ സാന്നിധ്യമില്ല.
സി.ഐ.ടി.യു വൈദ്യുതി ജീവനക്കാരുടെ വീട് കയറിയുള്ള പ്രചാരണം തുടങ്ങി. ഇത്തവണ ഐ.എൻ.ടി.യു.സിയിലെ ഒരു വിഭാഗം പവർ കോൺഗ്രസ് എന്ന പേരിൽ രംഗത്തുണ്ട്. വോട്ടെടുപ്പിന് മുമ്പായി അനുരഞ്ജനമുണ്ടാവാനും വഴിയുണ്ട്. 19ന് ശേഷമേ ചിത്രം വ്യക്തമാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.