കെ.എസ്.ഇ.ബിയിൽ പരിഷ്കരണത്തിന് പച്ചക്കൊടി; നാലായിരത്തോളം തസ്തിക ഇല്ലാതാകും
text_fieldsപാലക്കാട്: കെ.എസ്.ഇ.ബിയിലെ നാലായിരത്തോളം തസ്തികകൾ ഇല്ലാതാക്കുന്നത് ഉൾപ്പെടെ പരിഷ്കരണ നടപടികൾക്ക് പച്ചക്കൊടി വീശി സർക്കാർ. പരിഷ്കരണ നടപടികളുടെ ഭാഗമായി ജീവനക്കാരുടെ എണ്ണം 30,321ലേക്ക് ചുരുക്കാനുള്ള കേരള വൈദ്യുതി റഗുലേറ്ററി കമീഷൻ തീരുമാനമാണ് ഇതോടെ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുക.
ഒരു വർഷം മുമ്പ് അനുവാദം ചോദിച്ച കത്തിനുള്ള കെ.എസ്.ഇ.ബി ഊർജ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ മറുപടി കഴിഞ്ഞ ആഴ്ചയിലാണ് കെ.എസ്.ഇ.ബിക്ക് ലഭിച്ചത്. തുടർന്ന് കെ.എസ്.ഇ.ബിക്ക് കീഴിലെ ഉൽപാദന, പ്രസരണ, വിതരണ മേഖലകളിലെ വകുപ്പ് തലവന്മാരോട് അവശ്യം വേണ്ട ജീവനക്കാരുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് വിവിധ വിഭാഗങ്ങൾ നൽകുന്ന വിവരങ്ങൾ സമാഹരിച്ച് സമഗ്ര റിപ്പോർട്ടായി ഊർജവകുപ്പ് സെക്രട്ടറിക്ക് സമർപ്പിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. നിലവിൽ കെ.എസ്.ഇ.ബിയിൽ മുപ്പത്തിനാലായിരത്തോളം തസ്തികകളാണുള്ളത്. പരിഷ്കരണത്തിന്റെ ഭാഗമായി സ്ഥിരനിയമനം ഒഴിവാക്കി കരാറാക്കിയും വിരമിച്ചവർക്ക് പകരം ആളെ നിയമിക്കാതെയും നിലവിലെ ജീവനക്കാരുടെ എണ്ണം 27000 ആയി കുറഞ്ഞു.
ബാക്കി അവശ്യ തസ്തികകളിൽ ആറായിരത്തോളം കരാർ ജീവനക്കാർ ജോലി ചെയ്തുവരുന്നു. തസ്തിക ഇല്ലാതാകുന്നതോടെ മുവായിരം താൽക്കാലിക ജീവനക്കാരെങ്കിലും പുറത്തായേക്കും. പഴയ തസ്തിക മുന്നിൽ കണ്ടുകൊണ്ടുള്ള പി.എസ്.സി വിജ്ഞാപനപ്രകാരമുള്ള നിയമന നടപടികളെയും ബാധിക്കും. പരിഷ്കരണ നടപടികൾ പൂർത്തിയായ ശേഷം മാത്രമേ പുതിയ നിയമനങ്ങൾക്കായി റിപ്പോർട്ട് ചെയ്യൂവെന്ന് സിവിൽ സബ് എൻജിനീയർമാരുടെ ഒഴിവ് സംബന്ധിച്ച വിഷയം പരാമർശിക്കവേ കെ.എസ്.ഇ.ബി നേരത്തെ പി.എസ്.സിയെ അറിയിച്ചിട്ടുണ്ട്.
ഭൂരിഭാഗം ജീവനക്കാരും ജോലി ചെയ്യുന്ന കെ.എസ്.ഇ.ബി വിതരണ വിഭാഗത്തിൽ അടിമുടി മാറ്റമാണ് പരിഷ്കരണത്തെ തുടർന്ന് ഉണ്ടാകുക. തസ്തിക ചുരുക്കൽ കൂടുതൽ ബാധിക്കുക ലൈൻമാൻ തസ്തികയിലായിരിക്കും. യൂനിയൻതല സ്വാധീനങ്ങൾ ഉപയോഗിച്ച് ഓഫിസ് ശ്രേണിയിലെ നേതാക്കൾ തസ്തികകൾ നഷ്ടപ്പെടാതിരിക്കാൻ നടത്തിയ ശ്രമങ്ങളും പരിഷ്കരണ ചർച്ചകളിൽ പ്രകടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.