കിസാൻ സമ്മാൻ നിധിയിലെ അനർഹർ: തുക തിരിച്ചുപിടിക്കാൻ തുടങ്ങി
text_fieldsകണ്ണൂർ: പി.എം. കിസാൻ സമ്മാൻ നിധി പദ്ധതിപ്രകാരം ജില്ലയിൽ അർഹതയില്ലാതെ പണം കൈപ്പറ്റിയവർക്കെതിരെ നടപടി തുടങ്ങി. കൃഷിഭവൻ വഴിയാണ് തുക തിരിച്ചു പിടിക്കുന്നത്.
അനർഹരെ കത്തിലൂടെ കൃഷി ഓഫിസർമാർ വിവരം അറിയിച്ചിരുന്നു. തുക കൃഷി ഓഫിസർ സ്വീകരിച്ചശേഷം കൃഷി വകുപ്പ് ഡയറക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറുകയാണ് ചെയ്യുക.
ജില്ലയിൽ 825 പേരാണ് അനർഹമായി ധനസഹായം കൈപ്പറ്റുന്നതായി കണ്ടെത്തിയത്. ആദായനികുതി അടക്കുന്നവർ, വസ്തു കൈമാറ്റം ചെയ്തവർ, ഉപഭോക്താവ് മരണപ്പെട്ടിട്ടും ധനസഹായം സ്വീകരിക്കുന്ന അവകാശികൾ എന്നിവരാണ് അനധികൃതമായി പദ്ധതിയിൽ ഉൾപ്പെട്ടതായി കണ്ടെത്തിയത്.
പദ്ധതിയിൽ ഉൾപ്പെട്ട വസ്തു കൈമാറിയ ശേഷവും ചിലർ ധനസഹായം കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. വസ്തു കൈമാറിയാൽ കൃഷിഭവനുകളിൽ ഇതുസംബന്ധിച്ച് അറിയിക്കുകയാണ് വേണ്ടത്. ഇങ്ങനെ അറിയിച്ചശേഷവും പണം അക്കൗണ്ടിലെത്തിയ സംഭവങ്ങളും ഉണ്ടാകാറുണ്ട്.
ഇത്തരക്കാരും തുക തിരിച്ചടക്കണം. വസ്തു കൈമാറിയ ശേഷമുള്ള തുകയാണ് തിരിച്ചടക്കേണ്ടത്. അനർഹരായി കണ്ടെത്തിയ ഗുണഭോക്താക്കളിൽ 178 പേർ മരിച്ചവരാണ്. മരണശേഷം അക്കൗണ്ടിലെത്തിയ പണവും തിരിച്ചുപിടിക്കും.
ഇതിൽ ചിലരുടെ പണം അവകാശികൾ പിൻവലിച്ചതായി കൃഷി വകുപ്പിന് വിവരമുണ്ട്. അനർഹരെ കണ്ടെത്തി പണം തിരിച്ചടപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർക്ക് കഴിഞ്ഞമാസം നിർദേശം നൽകിയിരുന്നു. രണ്ട് ഹെക്ടർവരെ കൃഷി ഭൂമിയുള്ള ഇടത്തരം, ചെറുകിട കൃഷിക്കാർക്ക് മൂന്നു ഗഡുക്കളായി വർഷം 6000 രൂപ നൽകുന്നതാണ് പി.എം കിസാൻ പദ്ധതി.
ജില്ലയിൽ 33,8464 പേരാണ് കിസാൻ സമ്മാൻനിധിയുടെ ഗുണഭോക്താക്കൾ. അടുത്ത മാസത്തോടെ അനർഹമായി കൈക്കലാക്കിയ മുഴുവൻ തുകയും തിരിച്ചുപിടിക്കാനാണ് കൃഷിവകുപ്പിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.