റെഫ്യൂസ് ദ അബ്യൂസ് കാമ്പയിൻ ഹിറ്റാകുന്നു: നിയമവിദ്യാർഥിനിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി സൈബർ ലോകം
text_fieldsകൊച്ചി: സൈബർ ഇടം, ഞങ്ങളുടെയും ഇടം എന്ന സന്ദേശവുമായി സിനിമയിലെ വനിതകളുടെ കൂട്ടായ്മ (ഡബ്ല്യു.സി.സി) തുടങ്ങിവെച്ച റെഫ്യൂസ് ദ അബ്യൂസ് കാമ്പയിന് പങ്കാളിത്തമേറുന്നു. സിനിമ താരങ്ങളും സാധാരണക്കാരും വിദ്യാർഥിനികളും ഉൾെപ്പടെ നിരവധി വനിതകളാണ് കാമ്പയിനിൽ പങ്കാളികളാകുന്നത്. നിയമവിദ്യാർഥിനിയായ സോന എം. എബ്രഹാം ഈ കാമ്പയിെൻറ ഭാഗമായി നടത്തിയ വെളിപ്പെടുത്തലുകളാണ് ഏറെ ചർച്ചാവിഷയമായത്.
കാതൽ സന്ധ്യ നായികയായ ഫോർ സെയിൽ എന്ന ചിത്രത്തിൽ 14ാം വയസ്സിൽ അഭിനയിച്ചപ്പോഴുണ്ടായ ദുരനുഭവം സോന തുറന്നുപറഞ്ഞത് സൈബർ ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ചിത്രത്തിൽ ഉൾപ്പെടുത്താൻ ചിത്രീകരിച്ച ബലാത്സംഗരംഗം പിന്നീട് പോൺ സൈറ്റുകളിലും യുട്യൂബ് ചാനലുകളിലും പല രീതിയിലും പേരിലും പല തലക്കെട്ടുകളിലും പ്രചരിക്കാൻ തുടങ്ങിയതോടെ അനുഭവിക്കേണ്ടിവന്ന ആഘാതത്തെ കുറിച്ചാണ് അവർ വെളിപ്പെടുത്തിയത്.
സംവിധായകൻ, നിർമാതാവ്, എഡിറ്റർ എന്നിവർക്കു മാത്രം ലഭ്യതയുള്ള വിഡിയോ സൈറ്റുകളിൽനിന്ന് നീക്കാൻ ഡി.ജി.പി, സൈബർ സെൽ തുടങ്ങിയ എല്ലാ നിയമസംവിധാനങ്ങളെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് സോന ചൂണ്ടിക്കാട്ടി. താൻ ആത്മഹത്യ ചെയ്യപ്പേടേണ്ട സാഹചര്യമായിട്ടും ഇന്നും ജീവിച്ചിരിക്കുകയാണെന്നും വിഷാദാവസ്ഥയിൽനിന്ന് പൂർണമോചനം ലഭിച്ചിട്ടില്ലെന്നും അവൾ കൂട്ടിച്ചേർക്കുന്നു. ഓൺലൈനിലിരുന്ന് തെറിവിളിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവർ ഒരു തരം മാനസിക വൈകല്യമുള്ളവരാണെന്നാണ് സോനയുടെ കാഴ്ചപ്പാട്.
മഞ്ജു വാര്യർ, നവ്യ നായർ, നിമിഷ സജയൻ, ശ്രിന്ദ, സംസ്ഥാന അവാർഡ് ജേത്രി കനി കുസൃതി, സാനിയ ഇയ്യപ്പൻ, അന്ന ബെൻ, പൂർണിമ ഇന്ദ്രജിത്ത്, രഞ്ജിനി ഹരിദാസ് തുടങ്ങിയ താരങ്ങളും സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്തെത്തി. വ്യക്തിപരമായി അധിക്ഷേപിക്കാനും അസഭ്യം പറയാനുമുള്ള അവകാശമായി അഭിപ്രായസ്വാതന്ത്ര്യത്തെ ചിലരെങ്കിലും ദുരുപയോഗം ചെയ്യുന്നതായി മഞ്ജു പറഞ്ഞു. സ്ത്രീകളാണ് കൂടുതലായും ഇത് അനുഭവിക്കേണ്ടി വരുന്നത്. ആൺപെൺ വ്യത്യാസമില്ലാതെ ഇത് തടഞ്ഞേ പറ്റൂവെന്നും നിശ്ശബ്ദത പാലിക്കുന്നതുതന്നെ തെറ്റാണെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.
ഫേസ്ബുക്കിലും മറ്റും അഭിപ്രായപ്രകടനങ്ങളും സ്വതന്ത്ര്യമായ ആത്മാവിഷ്കാരങ്ങളും നടത്തുന്ന സ്ത്രീകൾ കൂട്ടമായ സൈബർ ആക്രമണത്തിന് ഇരയാകുന്നത് വർധിച്ച സാഹചര്യത്തിലാണ് ഡബ്ല്യു.സി.സിയുടെ ഇടപെടൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.