മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം തുടങ്ങി; ഗാർഹികേതര മേഖലയിൽ രാത്രി ഉപയോഗത്തിനും നിയന്ത്രണം
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള 15 സബ്സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
രാത്രി ഏഴിനും അർധരാത്രി ഒന്നിനും ഇടയിൽ ഇടവിട്ടായിരിക്കും നിയന്ത്രണം. മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുകര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്ങോട് തുടങ്ങിയ പതിനഞ്ചോളം സബ് സ്റ്റേഷനുകളിലാണ് നിയന്ത്രണം. പരമാവധി പത്ത് മിനിറ്റ് വരെ ഉണ്ടാകൂ എന്നാണ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
കൂടാതെ, സംസ്ഥാനത്ത് ഗാർഹികേതര മേഖലയിൽ കെ.എസ്.ഇ.ബി കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴാഴ്ചയിലെ ഉന്നതതല യോഗത്തിന്‍റെ പശ്ചാത്തലത്തിൽ ചേർന്ന ഡയറക്ടർ ബോർഡ് ഇതുസംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകിയതിനൊപ്പം വിശദ സർക്കുലർ വിതരണ-പ്രസരണ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് കൈമാറി. ഇതുപ്രകാരം ജല അതോറിറ്റിയടക്കം പൊതുമേഖല സ്ഥാപനങ്ങൾ രാത്രികാല വൈദ്യുതി ഉപയോഗം കുറക്കണം. വൈദ്യുതി ചാർജ് കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങൾ നിർദേശം പാലിക്കാതിരുന്നാൽ വൈദ്യുതിബന്ധം വിശ്ചേദിക്കും.
രണ്ടുദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം കെ.എസ്.ഇ.ബി വീണ്ടും സർക്കാറിന് റിപ്പോർട്ട് നൽകും. പൊതുമേഖല സ്ഥാപനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിമാർ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിലവിലെ സ്ഥിതി ബോധ്യപ്പെടുത്തി കത്ത് നൽകുന്നതിന് സർക്കാർ തലത്തിൽ ശ്രമം നടത്തും. ഇതോടൊപ്പം രാത്രി പത്ത് മുതൽ പുലർച്ചെ രണ്ടുവരെ കർശന വൈദ്യുതി നിയന്ത്രണത്തിനും ആവശ്യപ്പെടും. അടുത്ത ഒരുമാസം വൻകിട ഉപഭോക്താക്കൾ ഉപയോഗം പീക്ക്സമയത്ത് പരമാവധി കുറക്കാൻ ഇടപെടും.
വ്യവസായിക കാർഷിക ആവശ്യങ്ങൾക്ക് ബോർവെല്ലിൽ സ്ഥാപിച്ചിട്ടുള്ള വലിയ ശേഷിയുള്ള പമ്പുകൾ പകൽ മാത്രം പ്രവർത്തിപ്പിക്കാൻ നിർദേശം നൽകും. ജല അതോറിറ്റിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന യന്ത്രങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളിൽ ഇളവുകൾ നൽകാൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർക്ക് അധികാരമുണ്ടാവും. ലിഫ്റ്റ് ഇറിഗേഷനായി ഉപയോഗിക്കുന്ന പമ്പുകൾ പീക്ക് സമയം പ്രവർത്തിപ്പിക്കാതിരിക്കാൻ ബോധവത്കരണം നടത്തണം. രാത്രി ഒമ്പത് കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളിൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളിലെ വിളക്കുകളും പ്രവർത്തിക്കുന്നത് ഒഴിവാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
ഉപയോഗം വീണ്ടും റെക്കോഡിൽ
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം കുറക്കാനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും ‘പുതിയ’ റെക്കോഡിലെത്തി. പീക്ക് സമയ ഉപയോഗം കഴിഞ്ഞ ദിവസം 5854 മെഗാവാട്ടായാണ് വർധിച്ചത്. ആകെ പ്രതിദിന ഉപയോഗം 114.1852 ദശലക്ഷം യൂനിറ്റായും ഉയർന്നു.
ഉയർന്ന അന്തരീക്ഷ താപനിലയും ഇതേത്തുടർന്നുള്ള വൈദ്യുതി മേഖലയിലെ പ്രതിസന്ധിയും പ്രകൃതിദുരന്തമായികണ്ട് പ്രശ്ന പരിഹാരത്തിനായി ജനം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.