വിരമിക്കൽ പ്രായം കഴിഞ്ഞിട്ടും രജിസ്ട്രാർ തുടർന്നത് രണ്ട് വർഷം; നടപടിക്ക് സർക്കാർ നിർദേശം
text_fieldsകൊച്ചി: വിരമിക്കൽ പ്രായം കഴിഞ്ഞിട്ടും ചട്ടം ലംഘിച്ച് രണ്ട് വർഷം കൂടുതൽ പദവിയിൽ തുടരുകയും 45 ലക്ഷത്തിലധികം രൂപയുടെ ആനുകൂല്യം കൈപ്പറ്റുകയും ചെയ്ത കേരള ഫിഷറീസ്, സമുദ്രപഠന സർവകലാശാല (കുഫോസ്) മുൻ രജിസ്ട്രാർക്കെതിരെ നടപടിക്ക് സർക്കാർ നിർദേശം.
ഓഡിറ്റ് വിഭാഗത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് മുൻ രജിസ്ട്രാർ വിക്ടർ ജോർജ് അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാൻ സർവകലാശാല അധികൃതർക്ക് നിർദേശം നൽകിയത്. കളമശ്ശേരി സെൻറ് പോൾസ് കോളജിൽ അസോസിയേറ്റ് പ്രഫസറായിരിക്കെ 2014 ഫെബ്രുവരി 19നാണ് ഡോ. വിക്ടർ ജോർജ് ഡെപ്യൂട്ടേഷനിൽ കുഫോസ് രജിസ്ട്രാറായി എത്തിയത്.
പദവിയിൽ അഞ്ച് വർഷം അല്ലെങ്കിൽ 56 വയസ്സ് ഏതാണോ ആദ്യം അപ്പോൾ വിരമിക്കണമെന്നാണ് സർവകലാശാല ചട്ടം. ഇതനുസരിച്ച് ഇദ്ദേഹം 2017 ഏപ്രിൽ 19ന് വിരമിക്കണം.
എന്നാൽ, സർവകലാശാല ഗവേണിങ് കൗൺസലിനെക്കൊണ്ട് വിരമിക്കൽ പ്രായം 60 ആക്കി ഉയർത്തി തീരുമാനമെടുപ്പിക്കുകയും എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി 2019 ഏപ്രിൽ 19 വരെ സർവിസിൽ തുടരുകയും ചെയ്തു എന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്.
വിരമിക്കൽ പ്രായം ഉയർത്തിയ ഗവേണിങ് കൗൺസിൽ തീരുമാനം ഗവർണറും സർക്കാറും തള്ളിയിട്ടും രജിസ്ട്രാർ പദവിയിൽ തുടർന്നു. ശമ്പളവും ലീവ് സറണ്ടർ ആനുകൂല്യം ഉൾപ്പെടെ കൈപ്പറ്റിയ 45.5 ലക്ഷത്തിൽനിന്ന് 40 ലക്ഷം വിക്ടർ ജോർജിൽനിന്നും അഞ്ചര ലക്ഷം അനധികൃതമായി പദവിയിൽ തുടരാൻ അവസരമൊരുക്കിയ ഗവേണിങ് കൗൺസിൽ അംഗങ്ങളിൽ നിന്നും തിരിച്ചുപിടിക്കണമെന്നാണ് ഓഡിറ്റ് വിഭാഗം സർക്കാറിന് നൽകിയ റിപ്പോർട്ടിലെ ശിപാർശ. തുക തിരിച്ചുപിടിക്കാൻ സർക്കാറിെൻറ രേഖാമൂലമുള്ള നിർദേശം ലഭിച്ചതായും അടുത്ത ഗവേണിങ് കൗൺസിൽ യോഗം വിഷയം
ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കുേഫാസ് രജിസ്ട്രാർ ഡോ. ബി. മനോജ്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, സർവകലാശാല ഉത്തരവ് പ്രകാരമാണ് പ്രവർത്തിച്ചതെന്നും ചട്ടലംഘനമുണ്ടായിട്ടില്ലെന്നുമാണ് വിക്ടർ ജോർജിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.