ഭാഗപത്രം: അഞ്ചേക്കര്‍ വരെ 1000 രൂപ സ്റ്റാമ്പ് ഡ്യൂട്ടി; അതിനു മുകളില്‍ ഒരു ശതമാനം
text_fieldsതിരുവനന്തപുരം: ഭാഗപത്രം അടക്കം കുടുംബ സ്വത്ത് വീതംവെക്കാന്‍ കഴിഞ്ഞ ബജറ്റില്‍ കൊണ്ടുവന്ന വര്‍ധന ഇളവ് ചെയ്യാന്‍ സബ്ജക്ട് കമ്മിറ്റി തീരുമാനിച്ചു. അഞ്ച് ഏക്കറില്‍ താഴെയുള്ള ഭൂമി വീതംവെക്കാന്‍ പരമാവധി 1000 രൂപ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കിയാല്‍ മതി. കഴിഞ്ഞ ബജറ്റില്‍ മൂന്ന് ശതമാനമായി സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ചതാണ് പഴയ നിലയിലാക്കിയത്. രജിസ്ട്രേഷന്‍ ഫീസ് പരമാവധി 25,000 രൂപ എന്ന നിലയില്‍ ഒരു ശതമാനമായി നിജപ്പെടുത്തും. ഈ പരിധി കഴിഞ്ഞ ബജറ്റില്‍ എടുത്തുകളഞ്ഞിരുന്നു. അഞ്ച് ഏക്കറിന് മുകളിലുള്ളവക്ക് ഒരു ശതമാനമായിരിക്കും സ്റ്റാമ്പ് ഡ്യൂട്ടി. ഇതോടെ ഭാഗപത്രം, ദാനം, ഒഴിമുറി, ധനനിശ്ചയം എന്നിവക്ക് രണ്ട് സ്ളാബ് വരും.
ധനകാര്യബില്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണ വന്നത്. വെള്ളിയാഴ്ച നിയമസഭയില്‍ ധനകാര്യബില്‍ ഈ ഭേദഗതിയോടെ അവതരിപ്പിക്കും. സ്വര്‍ണവ്യാപാരികള്‍ക്ക് വാങ്ങല്‍ നികുതിയിലെ കോമ്പൗണ്ടിങ്ങിലെ കുടിശ്ശിക പിരിക്കാനുളള തീരുമാനത്തില്‍ മാറ്റമില്ല. കമ്പനികള്‍ തമ്മില്‍ ലയിക്കുമ്പോള്‍ ആസ്തിയുടെ അഞ്ചുശതമാനം നികുതിയായി ഇടാക്കും. കെ.എം. മാണി ധനമന്ത്രിയായിരുന്നപ്പോഴാണ് സ്വര്‍ണക്കടക്കാരുടെ കോമ്പൗണ്ടിങ്ങിന് വാങ്ങല്‍ നികുതി ഒഴിവാക്കിയത്. അക്കൗണ്ടന്‍റ് ജനറല്‍ ഇത് അംഗീകരിച്ചില്ല. രണ്ടുവര്‍ഷത്തെ കുടിശ്ശിക പിരിക്കാന്‍ ധനവകുപ്പ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മൊത്തം 2,700 കോടി രൂപക്കാണ് നോട്ടീസ്. ഈ സാഹചര്യത്തില്‍ സര്‍ക്കാറിന് ഇതു പിന്‍വലിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ധനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.