ആധാരം ഏത് രജിസ്ട്രാർ ഓഫിസിലും രജിസ്റ്റർ ചെയ്യാം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഏത് സബ് രജിസ്ട്രാർ ഓഫിസുകളിലും ആധാരം രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുങ്ങുന്നതായി മന്ത്രി വി.എൻ. വാസവൻ. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയാകുന്ന മുറക്ക് ഏത് ആധാരവും സംസ്ഥാനത്തെ ഏത് രജിസ്ട്രാർ ഓഫിസിലും രജിസ്റ്റർ ചെയ്യാൻ കഴിയും. എല്ലാ മൂല്യങ്ങളിലുമുള്ള മുദ്രപത്രങ്ങൾക്ക് പകരമായി സമ്പൂർണ ഇ- സ്റ്റാമ്പിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവാഹ രജിസ്ട്രേഷൻ പൂർണമായും ഓൺലൈനാക്കുമെന്നും മന്ത്രി പറഞ്ഞു.
ബാങ്ക്, ധനകാര്യ സ്ഥാപന വായ്പയുമായി ബന്ധപ്പെട്ട കരാറുകൾക്ക് സ്ഥാപനങ്ങൾ സന്ദർശിക്കാതെ ഡിജിറ്റൽ രൂപത്തിൽ തയാറാക്കാനുള്ള സൗകര്യം നടപ്പായി. രജിസ്ട്രേഷൻ സംവിധാനമായ പി.ഇ.എ.ആർ.എൽ സാങ്കേതികമായി കൂടുതൽ മികവുറ്റതാക്കാൻ ബ്ലോക്ക് ചെയിൻ അധിഷ്ഠിതമായി സ്മാർട്ട് കോൺട്രാക്റ്റ് എന്ന ആശയം നടപ്പാക്കി എല്ലാത്തരം ആധാരങ്ങൾക്കും ഡിജിറ്റൽ രൂപം നൽകാൻ നടപടി സ്വീകരിച്ചു. ആധാര പകർപ്പുകൾ ഓൺലൈനിൽ ലഭ്യമാക്കി. ആധാരം ഹാജരാക്കുന്ന ദിവസം തന്നെ മടക്കി നൽകാനുള്ള സൗകര്യവും ഒരുക്കി. രജിസ്ട്രാറുടെ മുന്നിൽ നേരിട്ട് ഹാജരാകേണ്ടതില്ലാത്ത ആധാരങ്ങൾ പൂർണമായും ഓൺലൈൻ രജിസ്ട്രേഷനുള്ള നടപടികൾ പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.