ഭാഗപത്രം രജിസ്ട്രേഷന്‍: നിരക്ക് വര്‍ധന പിന്‍വലിക്കും
text_fieldsതിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ധനനിശ്ചയം, ദാനം, ഒഴിമുറി എന്നിവയുടെ രജിസ്ട്രേഷന്‍ നിരക്ക് വര്‍ധന പിന്‍വലിക്കും. ഇത് നേരത്തെയുണ്ടായിരുന്ന ഒരു ശതമാനമായി തന്നെ നിജപ്പെടുത്തണോ ആയിരം രൂപയെന്ന പരിധി വെക്കണമോയെന്ന് സബ്ജക്റ്റ് കമ്മിറ്റി തീരുമാനിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. ധനകാര്യ ബില്‍ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരുതരത്തിലുള്ള പണമിടപാടുമില്ലാതെ കുടുംബാംഗങ്ങള്‍ തമ്മില്‍ നടത്തുന്ന ഭൂമി കൈമാറ്റത്തിന്‍െറ മുദ്രപ്പത്ര നിരക്കിലും രജിസ്ട്രേഷന്‍ ഫീസിലും ഏര്‍പ്പെടുത്തിയ വര്‍ധന ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു.
ഭാഗപത്ര സ്റ്റാമ്പ് ഡ്യൂട്ടിയുടെ കാര്യത്തില്‍ തനിക്ക് വ്യത്യസ്ഥ നിലപാടാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, ഇരുപക്ഷത്ത് നിന്നുയര്‍ന്ന നിര്‍ദേശങ്ങളും വ്യാപകമായ പരാതിയും പരിഗണിച്ചാണ് വര്‍ധന പിന്‍വലിക്കുന്നത്. ഭൂമിയുടെ മൂലധനനേട്ടം ഏറെയാണ്. നേരത്തെയുള്ള വിലയല്ല ഭൂമിയുടെ ഇന്നത്തെ വില. അതിനാല്‍, രജിസ്ട്രേഷന്‍ ഫീസ് കൂട്ടുന്നതില്‍ തെറ്റില്ളെന്നാണ് തന്‍െറ നിലപാട്.
സ്വര്‍ണ വ്യാപാരികള്‍ക്ക് 2014ലെ ബജറ്റില്‍ ഏര്‍പ്പെടുത്തിയ വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്ന നിര്‍ദേശം പ്രതിപക്ഷവും അന്നത്തെ ധനമന്ത്രിയും ആവശ്യപ്പെട്ടാല്‍ പരിഗണിക്കാം. ബില്‍ തയാറാക്കിയപ്പോള്‍ സംഭവിച്ച പിശകാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അത് തിരുത്താവുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. തെറ്റുണ്ടെങ്കില്‍ പരിഹരിക്കാന്‍ കെ.എം. മാണിയും നിര്‍ദേശിച്ചു. പിഴവാണെന്ന് ബോധ്യപ്പെട്ടതിനാല്‍ തിരുത്തുന്നതാണ് ഉചിതമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. അതോടെ ഇക്കാര്യവും സബ്ജക്ട് കമ്മിറ്റി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.
ജി.എസ്.ടി നടപ്പാക്കുന്നതിനാല്‍ അവസാന ധനകാര്യ ബില്ലാണ് ബുധനാഴ്ച സഭയില്‍ അവതരിപ്പിച്ചത്. ജി.എസ്.ടിയില്‍ പൊതുനിലപാട് ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം ചേരും.ജി.എസ്.ടി കൗണ്‍സിലില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ല. കോണ്‍ഗ്രസ് അനുകൂലമായി നിന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായ തീരുമാനമെടുപ്പിക്കാം. കിഫ്ബി വിജയിക്കുമെന്ന കാര്യത്തില്‍ ആശങ്ക വേണ്ട.
ഒരു സംസ്ഥാനം ധനസമാഹരണത്തിനായി ഇങ്ങനെയൊരു വഴി തിരഞ്ഞെടുത്തതിനെ പ്രതീക്ഷയോടെയാണ് സാമ്പത്തികവിദഗ്ധര്‍ കാണുന്നത്. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടും തുറന്ന മനസ്സുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പാവങ്ങളുടെ സംരക്ഷണമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സ്ളാബ് രീതി പരിഗണനയില്‍
തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലെ ഭൂമി കൈമാറ്റത്തിന് സ്ളാബ് സമ്പ്രദായം കൊണ്ടുവരുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ധനവകുപ്പിന്‍െറ പരിഗണനയില്‍. കൂടുതല്‍ ന്യായവിലയുള്ള ഭൂമിക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരുന്ന വിധമാണ് സ്ളാബ് സമ്പ്രദായം ഉദ്ദേശിക്കുന്നത്. കുറഞ്ഞ മൂല്യമുള്ളവര്‍ക്ക് വലിയ ബാധ്യത വരാത്ത വിധമായിരിക്കും ഇത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് ഭാഗപത്രം, ദാനം, ഒഴികുറി, ധനനിശ്ചയം എന്നിവക്ക് 1000 രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും ഒരു ശതമാനം (പരമാവധി 25000 വരെ) ഫീസുമായി കുറച്ചത്. മുമ്പ് ഇവക്ക് ധനനിശ്ചയത്തിന് രണ്ട് ശതമാനം ഫീസും ഒരു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയുമായിരുന്നു. മറ്റുള്ളവക്ക് ഒരു ശതമാനം വീതം സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസുമാണ് നിലനിന്നത്. ഇത് കുറച്ചാണ് സ്റ്റാമ്പ് ഡ്യൂട്ടി 1000 രൂപയാക്കിയത്. ഇതോടെ കുടുംബങ്ങള്‍ തമ്മിലെ ഭൂമി വീതംവെക്കലിന്‍െറ ചെലവ് കുറഞ്ഞു. പണമിടപാട് നടക്കുന്നതല്ല ഈ ആധാരങ്ങളെന്നാണ് അന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. ഇത് വന്‍തോതില്‍ വരുമാന നഷ്ടം ഉണ്ടാക്കുന്നെന്ന വിലയിരുത്തലായിരുന്നു എല്‍.ഡി.എഫ് ധനമന്ത്രിയുടേത്.
കഴിഞ്ഞ ബജറ്റില്‍ ഇവക്ക് മൂന്നുശതമാനം പത്രവും ഒരു ശതമാനം ഫീസും നിശ്ചയിച്ചു. 25,000 എന്ന ഫീസിന്‍െറ പരിധി എടുത്തുകളയുകയും ചെയ്തു. 50 ലക്ഷം രൂപ ന്യായവിലയുള്ള ഭൂമിയുടെ ഭാഗപത്രത്തിന് 26,000 രൂപയാണ് മുമ്പ് നല്‍കേണ്ടിയിരുന്നതെങ്കില്‍ പുതിയ നിര്‍ദേശത്തോടെ അത് രണ്ടുലക്ഷമായി ഉയര്‍ന്നു. ഒരു കോടിയുടെ വസ്തുവിന് നാല് ലക്ഷം വരെയും.
വര്‍ധനയോടെ ഭാഗപത്രം അടക്കം വന്‍തോതില്‍ കുറഞ്ഞു. നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യം നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ത്തന്നെ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. അന്ന് സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാമെന്നാണ് ധനമന്ത്രി നിലപാട് എടുത്തത്. പലതവണ വിഷയം സബ്ജക്ട് കമ്മിറ്റിയില്‍ വന്നെങ്കിലും തീരുമാനത്തിലേക്ക് പോയില്ല. ബുധനാഴ്ച ധനബില്ലിന്‍െറ ചര്‍ച്ചക്ക് മറുപടി പറയവെയാണ് വര്‍ധന പിന്‍വലിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. പഴയനില പുന$സ്ഥാപിക്കണോ മറ്റ് രീതി കൊണ്ടുവരണോ എന്ന കാര്യവും സബ്ജക്ട് കമ്മിറ്റി ചര്‍ച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.