ക്രമവത്കരണം; വ്യക്തത വരുത്തി തദ്ദേശവകുപ്പ്
text_fieldsപാലക്കാട്: കഴിഞ്ഞവർഷം ഏപ്രിൽ 10നു മുമ്പ് ലഭിച്ച അപേക്ഷകളിൽ കെട്ടിട പെർമിറ്റ് ഫീസ്, അപേക്ഷ ഫീസ്, ക്രമവത്കരണ ഫീസ് എന്നിവയിൽ പുതുക്കിയ നിരക്കാണോ പഴയ നിരക്കാണോ ബാധകമാകുക എന്ന കാര്യത്തിൽ അവ്യക്തത നീക്കി തദ്ദേശവകുപ്പ്. തദ്ദേശസ്ഥാപനങ്ങളിൽനിന്ന് ഈ തീയതിക്ക് മുമ്പ് പെർമിറ്റ് എടുത്തശേഷം അതിൽ വ്യതിയാനമോ അധിക നിർമാണമോ നടത്തിയിട്ടുണ്ടെങ്കിൽ വിസ്തൃതിയിൽ വർധന വരുത്തിയ ഭാഗത്തിന് മാത്രമാകും കോമ്പൗണ്ടിങ് (ക്രമവത്കരണ) ഫീസ് ഇനി ബാധകമാകുക.
അധിക നിർമാണം ഉൾപ്പെടെ മുഴുവൻ കെട്ടിടത്തിന്റെയും വിസ്തൃതി കണക്കാക്കിയാണ് തദ്ദേശസ്ഥാപനങ്ങൾ കോമ്പൗണ്ടിങ് ഫീസ് ഈടാക്കിവന്നിരുന്നത്. പെർമിറ്റ് ഫീസിന്റെ ഇരട്ടിയാണ് കോമ്പൗണ്ടിങ് ഫീസ് എന്നതിനാലും പെർമിറ്റ് ഫീസ് 20 ഇരട്ടി വരെ വർധിപ്പിച്ച സാഹചര്യത്തിലും വിഷയത്തിൽ വ്യക്തത ഇല്ലാത്തതിനാൽ തദ്ദേശസ്ഥാപന അധികൃതർ വ്യത്യസ്ത രീതിയിൽ വൻതുക ഈടാക്കിയിരുന്നു.
ആക്ഷേപം നിലക്കുന്നില്ല; അവ്യക്തത
2019ലെ കേരള മുനിസിപ്പാലിറ്റി/ പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടത്തിൽനിന്ന് വ്യതിചലിച്ചാണ് ഉത്തരവിറക്കിയതെന്ന ആക്ഷേപവും വകുപ്പിനകത്തുനിന്നുതന്നെ ഉയരുന്നുണ്ട്. പല അവ്യക്തതകളും നീങ്ങിയിട്ടുമില്ല. തറ നിർമിച്ചാൽ കോമ്പൗണ്ടിങ് ഫീസ് നൽകണമെന്ന നിർദേശമുണ്ടെന്നിരിക്കെ, തറയെ നിർമാണമായി കണക്കാക്കാമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
നിർമിച്ച ഭാഗമായി തറയെ കണക്കാക്കാൻ പറ്റില്ലെന്നും നിർമാണം ആരംഭിച്ച ഭാഗം മാത്രമാണെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥർ വാദിക്കുന്നു. കോമ്പൗണ്ടിങ് ഫീസ് പൂർത്തിയാക്കിയ നിർമാണങ്ങൾക്കാണെന്നും നിർമാണത്തിലിരിക്കുന്നവക്ക് ഫീസ് ഈടാക്കി പെർമിറ്റ് നൽകാനേ കഴിയൂവെന്നുമാണ് മേഖലയിലെ നിയമവിദഗ്ധർ പറയുന്നത്. പൂർത്തിയാകും വരെ ക്രമവത്കരണം സാധ്യമല്ലെന്നും പെർമിറ്റിനായി കോമ്പൗണ്ടിങ് ഫീസിന് തുല്യമായ തുക ഈടാക്കാമെന്നും ഇവർ പറയുന്നു.
പുതിയ ഉത്തരവ്
2023 ഏപ്രിൽ 10നു മുമ്പ് പെർമിറ്റ് എടുത്ത ശേഷം അതിൽ വ്യതിയാനമോ അ ധിക നിർമാണമോ നടത്തിയിട്ടുണ്ടെങ്കിൽ ക്രമവത്കരിക്കാൻ ആ വിസ്തൃതിക്ക് കോമ്പൗണ്ടിങ് ഫീസടക്കണം. ഏപ്രിൽ 10 മുതൽ പെർമിറ്റ് ഫീസിന്റെ പുതുക്കിയ നിരക്ക് സ്ലാബടിസ്ഥാന ത്തിലാണ് നിശ്ചയിച്ചത്. ഒരു േപ്ലാട്ടിൽ ഉപയോഗത്തിലുള്ള ഒന്നിലധികം കെട്ടിടങ്ങൾ (വെവ്വേറെ േബ്ലാക്കുകളിലായി) വരുമ്പോൾ വിസ്തൃതി, ഉപയോഗം (ഒക്യുപൻസി) എന്നിവയിൽ വ്യതിയാനം വരുത്തിയ കെട്ടിടത്തിന്റെ ആകെ വിസ്തൃതിയാണ് പെർമിറ്റ് ഫീസിന്റെ സ്ലാബ് നിശ്ചയിക്കാൻ കണക്കിലെടുക്കേണ്ടത്.
നിർമാണം കുറച്ചെങ്കിലും ആരംഭിച്ചതോ, ഭാഗികമായി നിർമിച്ചതോ ആയവക്ക് നിർമിച്ച ഭാഗത്തിന്റെ വിസ്തൃതിക്ക് അനുസൃതമായി കോമ്പൗണ്ടിങ് ഫീസ് മാത്രം ഈടാക്കണം.
അതേസമയം, തറ മാത്രം കെട്ടിയിട്ടുള്ളൂവെങ്കിലും വിസ്തൃതിക്ക് അനുസൃതമായി കോമ്പൗണ്ടിങ് ഫീസ് ഈടാക്കാം. കോമ്പൗണ്ടിങ് ഫീസ് ഈടാക്കിയ വിസ്തൃതിക്ക് തുടർന്ന് പെർമിറ്റ് ഫീസ് നൽകേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.