പി.എസ്.സിയുടെ സ്വയംഭരണാധികാരം നിയമന പ്രക്രിയയിൽ മാത്രമെന്ന് സുപ്രീംകോടതി; സർക്കാർ നിർദേശം അംഗീകരിക്കണം
text_fieldsന്യൂഡല്‍ഹി: റാങ്ക് പട്ടിക വിപുലീകരിക്കാനുള്ള സംസ്ഥാന സർക്കാർ നിർദേശം തള്ളിയ പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. നിയമന പ്രക്രിയയിൽ മാത്രമാണ് പി.എസ്.സിക്ക് സ്വയംഭരണാധികാരമുള്ളതെന്നും ഒഴിവുകൾ നിർണയിക്കുന്നതും റാങ്ക് പട്ടിക വിപുലീകരിക്കുന്നതുമടക്കമുള്ള കാര്യങ്ങളിൽ തൊഴിൽദാതാവായ സംസ്ഥാന സർക്കാറിനാണ് അധികാരമെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, പി.ബി.വരാലെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
14 ജില്ലകളിലെ മുനിസിപ്പല്‍ കോമണ്‍ സര്‍വിസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് -2 നിയമനത്തിനായി തയാറാക്കിയ റാങ്ക് പട്ടിക വിപുലീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാർ നിര്‍ദേശം പി.എസ്.സി തള്ളിയിരുന്നു. പി.എസ്.സി തീരുമാനം ശരിവെച്ച കേരള ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് വിധി റദ്ദാക്കി സുപ്രീംകോടതി വിമർശനം.
സർക്കാർ നിർദേശങ്ങൾ നിരാകരിക്കുന്നത് പി.എസ്.സിയുടെ അധികാരപരിധി മറികടക്കുന്നതാണ്. ഒഴിവുകള്‍ വിജ്ഞാപനം ചെയ്യുന്നതും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും സര്‍ക്കാറിന്റെ അധികാരപരിധിയിൽ പെട്ട കാര്യമാണ്. സര്‍ക്കാര്‍ മാനദണ്ഡത്തിനനുസരിച്ച് നിയമനപ്രക്രിയ പൂർത്തിയാക്കി റാങ്ക് പട്ടിക തയാറാക്കല്‍ മാത്രമാണ് പി.എസ്.സിയുടെ ചുമതലയെന്ന് കോടതി വ്യക്തമാക്കി.
എത്ര നിയമനം നടത്തണമെന്ന് തീരുമാനിക്കുന്നത് സർക്കാറാണ്. സർക്കാറിന്റെ അധികാരത്തിൽ പി.എസ്.സി കടന്നുകയറുന്നത് തെറ്റാണ്. നിലവിലുള്ള ഒഴിവുകൾ കണക്കിലെടുത്ത് കൂടുതൽ നിയമനം നടത്താൻ സർക്കാർ തീരുമാനിച്ചാൽ അത് അംഗീകരിക്കാൻ പി.എസ്.സിക്ക് ബാധ്യതയുണ്ട്.
പി.എസ്.സി 2014ൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ തെരഞ്ഞെടുപ്പ് നടപടികൾ അനന്തമായി നീണ്ടതായി കോടതി വിലയിരുത്തി. 2020ല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴേക്കും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ റാങ്ക് പട്ടിക വിപുലീകരിക്കണമെന്ന് നിർദേശിക്കാൻ സർക്കാറിന് അധികാരമുണ്ട്.
അധിക ഒഴിവുകൾ ഉൾപ്പെടുത്തി 2014ലെ വിജ്ഞാപനപ്രകാരം റാങ്ക് ലിസ്റ്റ് വിപുലീകരിക്കാൻ പി.എസ്.സിക്ക് നിർദേശം നൽകിയ സുപ്രീംകോടതി റാങ്ക് പട്ടികയിലുള്ള എല്ലാവര്ക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും വ്യക്തമാക്കി. ഹരജിക്കാര്‍ക്കുവേണ്ടി മുതിർന്ന അഭിഭാഷകന് നിഖില്‍ ഗോയല്‍, അഭിഭാഷകരായ ഹാരിസ് ബീരാന്, അസര്‍ അസീസ്, ആനന്ദ് ബി. മേനോന് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.