രക്ഷിതാക്കളുടെ അനുമതിയോടെ ഹോസ്റ്റലിൽ നിന്ന് രാത്രിയും പുറത്തിറങ്ങാനാകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഹോസ്റ്റലിൽനിന്ന് രാത്രി 9.30ന് ശേഷം രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതിയോടെ വിദ്യാർഥികൾക്ക് പുറത്തുപോകാനാകണമെന്ന് ഹൈകോടതി. ഹോസ്റ്റലിൽനിന്ന് കാമ്പസിനകത്തുതന്നെ പോകാനാണെങ്കിൽ വാർഡന്റെ പ്രത്യേക അനുമതി മതി. മതിയായ കാരണങ്ങളില്ലാതെ ഈ ആവശ്യങ്ങൾ നിഷേധിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. മെഡിക്കൽ കോളജ് ഹോസ്റ്റലുകളിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ ഇപ്പോൾ പുറപ്പെടുവിച്ച ഉത്തരവ് ഈ നിർദേശങ്ങൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്യണമെന്നും കോടതി നിർദേശിച്ചു. ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് മാത്രമായി നിയന്ത്രണം ഏർപ്പെടുത്തുന്നത് ചോദ്യം ചെയ്ത് കോഴിക്കോട്, തൃശൂർ, എറണാകുളം മെഡിക്കൽ കോളജുകളിലെ വിദ്യാർഥിനികൾ നൽകിയ ഹരജികൾ തീർപ്പാക്കിയാണ് ഉത്തരവ്.
ഹരജി കോടതിയുടെ പരിഗണനക്കെത്തിയതിനെ തുടർന്ന് ആൺ-പെൺ ഭേദമില്ലാതെ രാത്രി 9.30വരെ ഹോസ്റ്റലിൽ പ്രവേശനം അനുവദിച്ച് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഈ ഉത്തരവ് രക്ഷിതാക്കളുടെ ഉത്കണ്ഠയും വിദ്യാർഥികളുടെ താൽപര്യവും കണക്കിലെടുത്തുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടിക്ക് 18 വയസ്സായി എന്നതുകൊണ്ട് രക്ഷിതാക്കളുടെ ഉത്കണ്ഠ തള്ളാനാകില്ല. ഈ സമയം കഴിഞ്ഞും പുറത്തുപോകുന്ന കാര്യത്തിൽ മാത്രമാണ് ഉത്തരവുമായി ബന്ധപ്പെട്ട് എതിർപ്പുള്ളത്. നിയന്ത്രണങ്ങളില്ലാത്ത കാമ്പസ് രീതിയിലേക്ക് നാം എത്തിയിട്ടില്ല. മൗലികാവകാശം പോലും നിയന്ത്രിക്കപ്പെടുന്ന അവസ്ഥയുണ്ട്. അടിസ്ഥാന അച്ചടക്കം പാലിക്കുകയെന്നത് അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമായി കാണാനാകില്ല. ഹോസ്റ്റൽ എപ്പോഴും തുറന്നുവെക്കണമെന്നത് സംബന്ധിച്ച് നിലവിലെ സാഹചര്യത്തിൽ തീർപ്പ് സാധ്യമല്ല. ആദ്യം സമൂഹം സുരക്ഷ ഉറപ്പുവരുത്തുകയും അതിനനുസരിച്ച് മാറുകയും ചെയ്യണം. നിയന്ത്രണം വേണമെങ്കിലും നിയന്ത്രണത്തിന് പുരുഷൻ വേണമെന്ന ചിന്ത പാടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യു.ജി.സി റെഗുലേഷൻ പ്രകാരമുള്ള ആഭ്യന്തര ലൈംഗികാതിക്രമ പ്രതിരോധ കമ്മിറ്റി എല്ലാ കോളജുകളിലും രണ്ടു മാസത്തിനകം രൂപവത്കരിക്കണം. ഹോസ്റ്റലുകളിൽ ലിംഗഭേദമടക്കം ഒരുവിധ വിവേചനവും പാടില്ലെന്ന യു.ജി.സി റെഗുലേഷനും നടപ്പാക്കണം. പുതിയ നിർദേശങ്ങൾ നടപ്പാക്കിയത് സംബന്ധിച്ച വിലയിരുത്തലിന് ഹരജി വീണ്ടും ജനുവരി 31ന് പരിഗണിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.