വിനോദസഞ്ചാരി ചൂഷണം തടയാൻ റെഗുലേറ്ററി അതോറിറ്റി ഉടൻ
text_fieldsതിരുവനന്തപുരം: വിനോദസഞ്ചാരികൾ നേരിടുന്ന ചൂഷണങ്ങൾക്ക് തടയിടാനും ടൂറിസം മേഖലയെ കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുള്ള കേരള ടൂറിസം റെഗുലേറ്ററി അതോറിറ്റി ഉടൻ നിലവിൽ വരും. നിയമ, ധനകാര്യ വകുപ്പുകളുടെ അനുമതി കൂടി ലഭിച്ചാൽ അതോറിറ്റി യാഥാർഥ്യമാകും.
കേരളത്തിൽ എത്തുന്ന സഞ്ചാരികൾ പലതരം ചൂഷണത്തിനും കബളിപ്പിക്കലിനും വിധേയരാകുന്നതായി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. അതിനു പരിഹാരം എന്ന നിലക്കാണ് അതോറിറ്റി വരുന്നത്.
ടൂറിസം മേഖലയെ കാര്യക്ഷമവും ചൂഷണരഹിതവുമാക്കുകയാണ് ലക്ഷ്യം. സഞ്ചാരികൾ ചൂഷണത്തിന് ഇരയാകുന്നതു തടയുന്നതിനും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടഞ്ഞ് വിനോദസഞ്ചാരകേന്ദ്രങ്ങളെ സ്ത്രീ സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായാണ് സ്ത്രീസൗഹൃദ പദ്ധതികൾ.
ടൂറിസം മേഖലയിലെ സ്ഥാപനങ്ങളോ വ്യക്തികളോ നടത്തുന്ന ക്രിമിനൽ സ്വഭാവമുള്ള പ്രവൃത്തികളിൽ അന്വേഷണം നടത്തുകയാകും അതോറിറ്റിയുടെ പ്രധാന ചുമതല. ടൂറിസം മേഖലയിൽ നിയമവിധേയമല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു മൂക്കുകയറിടാനും അതോറിറ്റി ലക്ഷ്യമിടുന്നു. രജിസ്ട്രേഷൻ, ലൈസൻസ്, പെർമിറ്റ് എന്നിവയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരായ അന്വേഷണം, പരിശോധന എന്നിവയെല്ലാം അതോറിറ്റിയുടെ ചുമതലയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.