വൈദ്യുതി കരാറുകൾ: കെ.എസ്.ഇ.ബി നിലപാടിനെതിരെ റെഗുലേറ്ററി കമീഷൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത മുൻകൂട്ടി മനസ്സിലാക്കി കൃത്യമായ ആസൂത്രണത്തോടെ ലാഭകരമായ കരാറുകളിൽ ഏർപ്പെടാത്തതിനെതിരെ റെഗുലേറ്ററി കമീഷൻ. പുതിയ ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതി വാങ്ങാൻ അനുമതി തേടിയുള്ള കെ.എസ്.ഇ.ബി അപേക്ഷ അംഗീകരിച്ചുള്ള ഉത്തരവിലാണ് ഈ വിമർശനം.
പീക്ക് സമയത്ത് ആവശ്യമായ വൈദ്യുതി ഉറപ്പാക്കുന്നതിന് കുറഞ്ഞ നിരക്കിൽ ദീർഘകാല-മധ്യകാല കരാറുകളിൽ ഏർപ്പെടേണ്ടതായിരുന്നു. ഉപഭോക്താക്കൾക്ക് ആവശ്യമായ വൈദ്യുതി 24 മണിക്കൂറും ലഭ്യമാക്കാൻ കെ.എസ്.ഇ.ബി തയാറാവണം. ഇതിന് കഴിഞ്ഞില്ലെങ്കിൽ പിഴ ചുമത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കമീഷൻ മുന്നറിയിപ്പ് നൽകി. റെഗുലേഷൻ 90 പ്രകാരമായിരിക്കും ഇത്.
2024 ഒക്ടോബർ മുതൽ 2025 മേയ് വരെയുള്ള വൈദ്യുതി ആവശ്യകത നിറവേറ്റാനുള്ള കരാറുകളുടെ അനുമതിക്കാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനെ സമീപിച്ചത്. ഒക്ടോബറിൽ 325 മെഗാവാട്ടും നവംബർ മുതൽ 2025 ജനുവരി വരെ 400 മെഗാവാട്ട് വീതവും ഫെബ്രുവരിയിൽ 200 മെഗാവാട്ടും ഏപ്രിലിൽ 695 മെഗാവാട്ടും വാങ്ങാനാണ് കെ.എസ്.ഇ.ബി തീരുമാനിച്ചത്. കഴിഞ്ഞ ജൂലൈ 22 മുതൽ 31 വരെയുണ്ടായ വർധിച്ച വൈദ്യുതി ഉപയോഗംമൂലം 50 മെഗാവാട്ട് വൈദ്യുതി പീക്ക് സമയത്ത് വാങ്ങിയ നടപടിക്കും കമീഷൻ അംഗീകാരം നൽകി. അതേസമയം, 465 മെഗാവാട്ട് വൈദ്യുതി ലഭ്യമായിരുന്ന നാല് ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കാനാകില്ലെന്ന അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ കെ.എസ്.ഇ.ബി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. വൈദ്യുതി കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന കരാറുകൾ റദ്ദാക്കിയതിനാൽ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നതടക്കമുള്ള വിവരങ്ങൾ വിശദീകരിച്ചാണ് കോടതിയെ സമീപിച്ചത്.
പുതിയ ഹ്രസ്വകാല കരാറുകളുടെ അനുമതിക്കായി റെഗുലേറ്ററി കമീഷന് നൽകിയ അപേക്ഷയിലും ദീർഘകാല കരാർ റദ്ദാക്കിയത് പ്രധാന പ്രശ്നമായി കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.