പോക്സോ കേസ് ഇരകൾക്ക് പുനരധിവാസകേന്ദ്രം ഫെബ്രുവരിയിൽ
text_fieldsതൃശൂർ: പോക്സോ കേസിൽ ഇരകളായവരെ പാർപ്പിച്ച് സ്വയംപര്യാപ്തമാക്കാൻ ലക്ഷ്യമിടുന്ന തൃശൂർ രാമവർമപുരത്തെ മാതൃകാ പുനരധിവാസ കേന്ദ്രം (മോഡൽ റിഹാബിലിറ്റേഷൻ ഹോം) ഫെബ്രുവരിയിൽ തുറക്കും. അഞ്ചു കോടിയിലേറെ ചെലവിട്ട് വർഷങ്ങൾക്കുമുമ്പ് തുടങ്ങിയ കെട്ടിടനിർമാണം ഏറക്കുറെ പൂർത്തിയാക്കിയെങ്കിലും സാധനസാമഗ്രികൾ ലഭ്യമാകാത്തതിനാൽ ഉദ്ഘാടനം വൈകുകയായിരുന്നു.
കെട്ടിടം സജ്ജീകരിച്ചശേഷം ആദ്യഘട്ടമെന്ന നിലക്ക് വൈകാതെ വിവിധ നിർഭയ ഷെൽട്ടറുകളിൽനിന്ന് തെരഞ്ഞെടുത്ത അന്തേവാസികളെ ഈ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് സംസ്ഥാന വനിത-ശിശുവികസന സമിതി ഡയറക്ടർ ടി.വി. അനുപമ 'മാധ്യമ'ത്തോട് പറഞ്ഞു. പഠനാവശ്യം പരിഗണിച്ചും ആരോഗ്യാവസ്ഥ പരിഗണിച്ചും ജില്ലകളിലെ നിർഭയ സെൻററുകളിൽ ചിലർ തുടരാൻ നിർബന്ധിതരാകും. ഇവരെ ജില്ലകളിൽ നിലനിർത്തി പഠനവും ജോലിയും ലക്ഷ്യമിടുന്ന നൂറ്റമ്പതോളം അന്തേവാസികളെ രാമവർമപുരത്തേക്ക് മാറ്റാനുള്ള നടപടികളാണ് നടക്കുന്നത്. ഇരുനൂറോളം പേർക്കുള്ള സൗകര്യം കെട്ടിടത്തിലുണ്ടെന്നും അവർ പറഞ്ഞു.
കേന്ദ്രത്തിെൻറ നടത്തിപ്പുചുമതല എൻ.ജി.ഒ ആയ കേരള മഹിള സമഖ്യ സൊസൈറ്റിക്കാണെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. സ്വന്തം വീട്ടിൽ തുടരാൻ കഴിയാത്ത അവസ്ഥയിലുള്ള കുട്ടികളെയും സ്ത്രീകളെയുമാണ് അതത് ജില്ലകളിലെ നിർഭയ ഷെൽട്ടർ ഹോമിൽ കുറച്ചുകാലത്തേക്ക് താമസിപ്പിക്കുക. എന്നാൽ, പീഡനത്തിനിരയായാലും ഇല്ലെങ്കിലും വനിത-ശിശുക്ഷേമ സമിതിയുടെ മുന്നില്‍ ഹാജരാക്കിയാല്‍ കുട്ടിയെ സ്വന്തം വീട്ടിലേക്ക് മാറ്റുന്ന നടപടി വേഗത്തിലാക്കാനാണ് സമിതി നടപടി സ്വീകരിക്കാറുള്ളത്. ഇത്തരത്തിൽ വീട്ടിലേക്ക് മടങ്ങിയ മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ കുട്ടിയാണ് വീണ്ടും ലൈംഗികാതിക്രമം നേരിട്ടത്.
ജില്ലകളിലെ നിർഭയ ഷെൽട്ടറുകളെ എൻട്രിഹോമുകളായി നിലനിർത്തുകയും ഇവിടെ കഴിയുന്നവരിൽ പഠനവും തൊഴിലും ലക്ഷ്യമിടുന്നവർക്ക് അതിന് അവസരമൊരുക്കുകയെന്നുമാണ് രാമവർമപുരത്തെ പുനരധിവാസകേന്ദ്രം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.