കീഴടങ്ങുന്ന മാവോവാദികൾക്ക് പുനരധിവാസ പദ്ധതികൾ; അഞ്ചുലക്ഷം രൂപവരെ സഹായം
text_fieldsകേളകം(കണ്ണൂർ): കീഴടങ്ങുന്ന മാവോവാദി പ്രവർത്തകർക്ക് പുനരധിവാസത്തിനുള്ള ബൃഹത്തായ പദ്ധതികൾ പ്രഖ്യാപിച്ചു. മാവോവാദികളായ യുവാക്കളെയും മറ്റു പ്രവർത്തകരെയും സമൂഹത്തിെൻറ മുഖ്യധാരയിൽ കൊണ്ടുവരുകയും അവർക്ക് വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം തുടങ്ങിയ സംരംഭങ്ങളിലൂടെ ധനസമ്പാദന മാർഗങ്ങൾ ലഭ്യമാക്കുകയുമാണ് സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിപ്രകാരം ആയുധങ്ങളും യുദ്ധോപകരണങ്ങളും സമർപ്പിക്കുന്നപക്ഷം 35,000 രൂപ വരെ പാരിതോഷികം, സർക്കാറിെൻറ ഭവനനയ പ്രകാരം വീട് അനുവദിക്കൽ, ഓപ്പൺ സ്കൂൾ മുഖേന വിദ്യാഭ്യാസ ചെലവുകൾക്കായി പ്രതിവർഷം 15000 രൂപവരെ സാമ്പത്തിക സഹായം, നിയമപ്രകാരമുള്ള വിവാഹ ആവശ്യത്തിനായി 25000 രൂപ, കീഴടങ്ങൽ അപേക്ഷ അംഗീകരിക്കുന്നപക്ഷം അഞ്ചുലക്ഷം രൂപവരെ ധനസഹായം എന്നിവ നൽകും. അർഹമായ തുകയുടെ പകുതി പണമായും ബാക്കി സ്ഥിരനിക്ഷേപമായുമാണ് നൽകുക.
നിക്ഷേപം പണയാധാരം മാറ്റി സ്വയംതൊഴിൽ വായ്പയും മറ്റും എടുക്കുന്നതിനും അവസരമുണ്ടാകും. കീഴടങ്ങുന്ന ആളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ പരിശീലന പരിപാടികളും നടപ്പാക്കുമെന്ന് കണ്ണൂർ റൂറൽ പൊലീസ് പ്രസിദ്ധീകരിച്ച പോസ്റ്ററിൽ വ്യക്തമാക്കുന്നു. കീഴടങ്ങുന്നയാളുടെ പേരിലുള്ള ചെറിയ കുറ്റകൃത്യങ്ങൾ, നിയമലംഘനങ്ങൾ എന്നിവയുടെ തുടർനടപടികൾ റദ്ദുചെയ്യുന്നതിന് ആവശ്യമായ നിയമസഹായം ലഭ്യമാക്കുകയും ചെയ്യും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.