വയനാടിന് പുനരധിവാസ പദ്ധതി: അമൃതാനന്ദമയിമഠം 15 കോടി ചെലവിടും
text_fieldsകൊല്ലം: ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വയനാടിനായി മാതാ അമൃതാനന്ദമയിമഠം 15 കോടിയുടെ പദ്ധതി ആവിഷ്കരിക്കും. ദുരന്ത സാധ്യതാ മേഖലകളിൽ പ്രകൃതിദുരന്ത വ്യാപ്തി കുറക്കാൻ ഉതകുന്ന സംവിധാനങ്ങൾ സ്ഥാപിക്കാനാണ് മുൻഗണനയെന്ന് മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അമൃത സർവകലാശാലയുടെ സഹായത്തോടെ പ്രകൃതി ദുരന്തങ്ങൾ ആവർത്തിച്ചേക്കാവുന്ന മേഖലകളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്ന ശാസ്ത്രീയ സംവിധാനം സ്ഥാപിക്കും. സംസ്ഥാന സർക്കാർ അനുമതി ലഭിക്കുന്ന മുറക്ക് പ്രവൃത്തി തുടങ്ങും.
മാതാ അമൃതാനന്ദമയിയുടെ 71ാം ജന്മദിന ഭാഗമായാണ് പ്രഖ്യാപനം. ഉരുൾപൊട്ടൽ വ്യാപ്തിയും ആഘാതവും പരിശോധിക്കാൻ അമൃത സർവകലാശാല രൂപവത്കരിച്ച വിദഗ്ധ സംഘം മേപ്പാടി, പൊഴുതന, വൈത്തിരി മേഖലകൾ സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഉരുൾപൊട്ടൽ മുൻകൂട്ടി കണ്ടെത്താൻ സാധിക്കുന്ന ലോകത്തെ ആദ്യ വയർലെസ് സെൻസർ നെറ്റ്‌വർക്ക് ആണ് അമൃത സർവകലാശാല വികസിപ്പിച്ചത്. ഇവ സ്ഥാപിക്കാനായി ഒഡിഷ, കർണാടക സംസ്ഥാനങ്ങളുമായും ധാരണപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.