'മനസ് അവിടെ നിർത്തിയാണ് യാത്രയുടെ ഭാഗമാകുന്നത്'; വിമർശനം തള്ളി ചാണ്ടി ഉമ്മൻ ഭാരത് ജോഡോ യാത്രക്കൊപ്പം
text_fieldsകോഴിക്കോട്: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ അസുഖത്തെ കുറിച്ചും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ കുറിച്ചും വിമർശനം ഉന്നയിച്ചവർക്ക് മറുപടിയുമായി മകൻ ചാണ്ടി ഉമ്മൻ. വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക് പോകുന്നതുവരെ പിതാവിന്‍റെ കൂടെ ചെലവഴിക്കാനാണ് താൻ തീരുമാനിച്ചതെന്നും എന്നാൽ, പിതാവിന്‍റെ നിർബന്ധത്തിന് വഴങ്ങി വീണ്ടും ഭാരത് ജോഡോ യാത്രയുടെ ഭാഗമാവുകയാണെന്നും ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ചില നവമാധ്യമങ്ങളിൽ വന്ന വാർത്തകൾ തന്നെ മാനസികമായി തളർത്തിയിരുന്നു. എന്നാൽ, മനസിനെ തളർത്താൻ പലരും പല വഴികളിലും ശ്രമിക്കുമെന്നും തളർന്നാൽ നമ്മൾ കഴിവില്ലാത്തവനാണെന്ന് കരുതണമെന്നുമാണ് പിതാവ് പറഞ്ഞതെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.
കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സക്കായി ഉമ്മൻചാണ്ടിയെ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സക്കായി ജർമനിയിലേക്ക് പോകാൻ തയാറെടുക്കുന്നതുമായ സാഹചര്യത്തിലും ഭാരത് ജോഡോ യാത്രയിൽ നിന്ന് ചാണ്ടി ഉമ്മൻ വിട്ടുനിന്നിരുന്നു. ഇതിനെതിരെ നവമാധ്യമങ്ങളിൽ വിമർശനം ഉയർന്നത്.
ചാണ്ടി ഉമ്മന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
അപ്പായുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടും ഞാൻ ഭാരത് ജോഡോ യാത്രയിലെത്തി. അപ്പ ഇങ്ങനെയാണ്. വിദഗ്ധ ചികിത്സക്കായി ഈ ആഴ്ച വിദേശത്തേക്ക് അദ്ദേഹത്തിന് പോകണം. അതുവരെയും കൂടെ നിൽക്കുകയും വിദേശത്തേക്ക് അപ്പായെ അനുഗമിക്കുകയും ചെയ്യുക എന്നുള്ളത് മകനെന്ന നിലയിൽ എന്റെ കടമയാണ്. പക്ഷെ അപ്പായുടെ പിടിവാശി വിദേശത്തേക്ക് പോകും വരെയെങ്കിലും ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറരുത് എന്നുള്ളതാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ചില നവമാധ്യമ വാർത്തകൾ എന്നെ മാനസികമായി തളർത്തിയിരുന്നു. അതിനും അപ്പാക്ക് ഒറ്റ മറുപടിയെ എന്നോട് പറയാനുണ്ടായിരുന്നുള്ളൂ. മനസിനെ തളർത്താൻ പലരും പല വഴികളിലും ശ്രമിക്കും. തളർന്നാൽ നമ്മൾ കഴിവില്ലാത്തവനാണ് എന്ന് കരുതണം. പിന്നെ സ്ഥിരമായ അപ്പായുടെ ശൈലിയും. മനഃസാക്ഷിയുടെ കോടതിയിൽ നമ്മൾ ചെയ്യുന്നത് ശരിയാണോ എന്ന് നോക്കിയാൽ മതി. അപ്പ ഏതൊക്കെ വിഷയത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ, അതെല്ലാം ശരിയെന്ന് കാലവും തെളിയിച്ചിട്ടുണ്ട്.
കുടുംബത്തിനെതിരെ ഇപ്പോൾ വന്ന ആരോപണങ്ങൾക്കെതിരെ നിയമനടപടികൾ തേടണം എന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ മനഃസാക്ഷിയുടെ കോടതിയിൽ തീരുമാനം ദൈവത്തിന് തന്നെ വിടുന്നതാണ് നല്ലത് എന്നാണ് വിധിച്ചതും. നാടിന് അദ്ദേഹം ഉമ്മൻ ചാണ്ടിയാണെങ്കിൽ എനിക്ക് അത് എന്റെ അപ്പയാണ്. അപ്പ പറഞ്ഞ ഒരു കാര്യങ്ങളും ഞാൻ ഇന്നേവരെ അനുസരിക്കാതിരുന്നിട്ടില്ല.
അതുകൊണ്ടാണ് എന്റെ മനസ് അവിടെ നിർത്തിക്കൊണ്ട് ഞാൻ ഇന്ന് യാത്രയുടെ ഭാഗമാകുന്നതും അപ്പായുടെ ചെറിയ ശാരീരിക ബുദ്ധിമുട്ടിനെ സ്വന്തം കൂടപ്പിറപ്പിന്റെ ബുദ്ധിമുട്ടുകളെപ്പോലെ കണ്ട് ഓടിവന്നവരും, ഫോണിൽ നിരന്തരം ബന്ധപ്പെട്ടവരും, സുമനസ്സുകളുടെ ആശങ്ക പരിഹരിക്കാൻ വാർത്തകൾ നൽകിയ മാധ്യമ സുഹൃത്തുക്കളും, ഞങ്ങൾ അറിയാതെ അപ്പക്കായ് പ്രാർഥിച്ചവരും, മനസ് കൊണ്ട് പ്രാർഥനയിൽ മുഴുകിയവരും അങ്ങനെ എത്രയോ പേർ. എല്ലാവരോടും കടപ്പാടുകൾ മാത്രം. ഈ വിഷയത്തെപ്പോലും നവമാധ്യമങ്ങളിലൂടെ സ്വന്തം പബ്ലിസിറ്റിക്കായ് ഉപയോഗിച്ചവരോട് പരിഭവങ്ങളില്ല. അതുകണ്ട് സന്തോഷിച്ചവരോട് പരാതികളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.