ഹിതപരിശോധന ശിപാർശ തള്ളണം; ഓർത്തഡോക്സ് പള്ളികളിൽ പ്രമേയം
text_fieldsകോട്ടയം: മലങ്കര സഭ തർക്കത്തിൽ ഹിതപരിശോധനയെന്ന നിയമ പരിഷ്കരണ കമീഷൻ ശിപാർശക്കെതിരെ ഓർത്തഡോക്സ് പള്ളികളിൽ പ്രമേയം. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായുള്ള നിയമ പരിഷ്കരണ കമീഷൻ സമർപ്പിച്ചിരിക്കുന്ന നിയമനിർമാണ ശിപാർശ തള്ളിക്കളയണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം. സഭ തർക്കം പരിഹരിക്കാനെന്ന വ്യാജേന സുപ്രീംകോടതി വിധി അട്ടിമറിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ തയാറാക്കിയിരിക്കുന്ന കരട് നിയമം, പരിഗണനക്കെടുക്കാതെ തള്ളിക്കളയണമെന്ന് ഞായറാഴ്ച ഓർത്തഡോക്സ് സഭയിലെ മുഴുവൻ പള്ളികളിലും വായിച്ച പ്രമേയത്തിൽ പറയുന്നു. അടുത്ത ദിവസം എല്ലാ പള്ളികളിൽനിന്നും ഇത് മുഖ്യമന്ത്രിക്ക് അയക്കും. മലങ്കര ഓർത്തഡോക്സ് സഭക്കും ഇടവക ജനങ്ങൾക്കുമുള്ള പ്രതിഷേധമാണ് പ്രമേയമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.
പാത്രിയാർക്കീസ് വിഭാഗത്തിെൻറ വിവിധ സമ്മേളനങ്ങളിൽ അവരുടെ നിലപാടുകളെ പിന്തുണച്ച് ജസ്റ്റിസ് കെ.ടി. തോമസ് നടത്തിയിട്ടുള്ള പ്രസംഗങ്ങളിൽ പറഞ്ഞ കാര്യങ്ങൾതന്നെയാണ് നിയമനിർമാണത്തിനായി സർക്കാറിന് സമർപ്പിച്ച ശിപാർശയിലും ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് നിലകൊള്ളുന്ന ഒരുവിഭാഗത്തെ പ്രീണിപ്പിക്കാൻ നിയമ പരിഷ്കരണ കമീഷൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്.
2017ലെ അന്തിമവിധിക്ക് എതിരായി യാക്കോബായ വിഭാഗം നൽകിയ റിവ്യൂ പെറ്റിഷനും ക്ലാരിഫിക്കേഷൻ പെറ്റിഷനും തള്ളിക്കൊണ്ട് 2019ലും 2020ലും സുപ്രീംകോടതിയിൽനിന്ന് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിലും വിവിധ പള്ളികളെ സംബന്ധിക്കുന്ന കേസുകളിലും നിയമനിർമാണം ഉൾപ്പെടെയുള്ള മറ്റേതെങ്കിലും വിധത്തിൽ വിധി മറികടക്കാൻ ശ്രമിക്കരുതെന്ന വിധിന്യായം നിലനിൽക്കുന്നുണ്ട്. ഇതിനെതിരായ ശിപാർശ രാജ്യത്തിെൻറ ഭരണഘടന സംവിധാനങ്ങൾക്ക് വിരുദ്ധമാണ്. 2002ൽ സുപ്രീംകോടതി നിർദേശപ്രകാരം ജസ്റ്റിസ് മളീമഠിെൻറ മേൽനോട്ടത്തിൽ അസോസിയേഷൻ സഭാംഗങ്ങളുടെ ഹിതപരിശോധന നടത്തിയിട്ടുള്ളതാണ്. കരട് ബില്ല് സർക്കാർ നടപ്പാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജു ഉമ്മൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.